മുംബൈ: ക്യാൻസർ ഇന്ന് ഏവരും ഭയക്കുന്ന ഒരു രോഗമാണ്. മാറിയ ജീവിതസാഹചര്യങ്ങൾ കൂടുതൽ പേരിൽ ക്യാൻസർ പിടിപെടാൻ ഇടയാക്കുന്നു. തുടക്കത്തിലേ കണ്ടെത്തിയാൽ ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് ക്യാൻസർ. ഇന്ന് ക്യാൻസർ ചികിത്സ വലിയതോതിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ ക്യാൻസർ പിടിപെട്ട് ഭേദമായവരിൽ വീണ്ടും അസുഖമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ചികിത്സാരംഗത്ത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതിനുള്ള പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ ഒരുകൂട്ടം ഗവേഷകർ. ക്യാൻസർ വീണ്ടും പിടിപെടുന്നത് ചെറുക്കുന്ന ഗുളികയാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. വെറും നൂറ് രൂപ മാത്രം വിലയുള്ള ഈ ഗുളിക ക്യാൻസർ ചികിത്സയിലെ വിപ്ലവമായി മാറുമെന്നാണ് വിലയിരുത്തുന്നത്. സീനിയർ കാൻസർ സർജനും റിസർച്ച് ഗ്രൂപ്പിൻ്റെ ഭാഗവുമായ ഡോ രാജേന്ദ്ര ബദ്‌വെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഏകദേശം പത്ത് വർഷത്തോളമെടുത്ത് നടത്തിയ ഗവേഷണമാണ് ഇപ്പോൾ വിജയം കണ്ടത്.
എലികളിൽ മനുഷ്യരുടെ ക്യാൻസർ കോശം ഉപയോഗിച്ചാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എലികളിൽ മനുഷ്യകോശങ്ങൾ ചേർക്കുകയും അതിൽ ട്യൂമർ രൂപപ്പെടുത്തുകയും ചെയ്തു. പിന്നീട് റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, സർജറി എന്നിവയിലൂടെ എലികളെ ചികിത്സിച്ചു. ഈ കാൻസർ കോശങ്ങൾ മരിക്കുമ്പോൾ അവ ക്രോമാറ്റിൻ കണികകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ കഷണങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി. ഈ കണങ്ങൾക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിക്കുമ്പോൾ അവയെ ക്യാൻസറായി മാറ്റാനും കഴിയും,” ഡോ ബദ്‌വെ എൻഡിടിവിയോട് പറഞ്ഞു.
ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണം ഗവേഷകർ എലികൾക്ക് റെസ്‌വെരാട്രോളും കോപ്പറും (R+Cu) അടങ്ങിയ പ്രോ-ഓക്‌സിഡൻ്റ് ഗുളികകൾ നൽകി. R+Cu ഗുളികകൾ ഓക്സിജൻ റാഡിക്കലുകളെ ഉത്പാദിപ്പിക്കുകയും ക്രോമാറ്റിൻ കണങ്ങളെ ഫലപ്രദമായി നശിപ്പിക്കുകയും ചെയ്യുന്നു.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഈ ഗുളികകൾ ആമാശയത്തിലെ ഓക്സിജൻ റാഡിക്കലുകളെ പുറത്തുവിടുകയും വേഗത്തിൽ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ രക്തചംക്രമണത്തിലെ സെൽ-ഫ്രീ ക്രോമാറ്റിൻ കണങ്ങളുടെ വ്യാപനം തടയുകയും കാൻസർ കോശങ്ങളുടെ ചലനത്തെ തടയുകയും ചെയ്യുന്നു, ഈ പ്രക്രിയയെ മെറ്റാസ്റ്റെയ്‌സ് എന്ന് വിളിക്കുന്നു.
R+Cu ഗുളികകൾ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട വിഷാംശം ലഘൂകരിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
“മാജിക് ഓഫ് R+Cu” എന്ന് വിളിക്കപ്പെടുന്ന ഈ കണ്ടുപിടിത്തം കാൻസർ ചികിത്സാ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഏകദേശം 50% കുറയ്ക്കുമെന്നും കാൻസർ ആവർത്തനത്തെ തടയുന്നതിൽ 30% ഫലപ്രാപ്തി കാണിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പാൻക്രിയാസ്, ശ്വാസകോശം, വായ് എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കെതിരെ ഈ ഗുളിക ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നിലവിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അനുമതിക്കായി കാത്തിരിക്കുകയാണ് ഡോക്ടർമാർ. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ജൂൺ-ജൂലൈ മാസത്തോടെ ടാബ്‌ലെറ്റ് വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഗുളികയ്ക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ, അതിൻ്റെ വില വളരെ കുറവായിരിക്കുമെന്ന് ഡോ ബദ്‌വെ പറഞ്ഞു. വികസനത്തിനായി ചെലവഴിച്ച ലക്ഷങ്ങളും കോടികളും താരതമ്യം ചെയ്യുമ്പോൾ ഗുളികയ്ക്ക് 100 രൂപയിൽ താഴെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർശ്വഫലങ്ങളിൽ ഗുളികയുടെ സ്വാധീനം എലികളിലും മനുഷ്യരിലും പരീക്ഷിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധ പരിശോധനകൾ എലികളിൽ മാത്രമാണ് നടത്തിയത്.
Content Summary: Can cancer come back in people who have been cured? Tata hospital introduces Rs 100 pill to fight.