കോവിഡ് കേസുകൾ കൂടുന്നു; ഡിസംബറിൽ മരണം മൂന്ന്

ഡിസംബറിൽ സംസ്ഥാനത്ത് കോവിഡ് അണുബാധ മൂലമുള്ള മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ 10 ദിവസത്തിനിടെയാണ് മൂന്ന് കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ് പരിശോധന വളരെക്കുറവായ സാഹചര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളും ഉണ്ടാകാമെന്നാണ് കരുതുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാരം റിപ്പോർട്ട് ചെയ്തത്.

കൊവിഡ് ബാധിതരുടെ കുടുംബാംഗങ്ങൾ സംസ്‌കാര ചടങ്ങുകളിൽ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പത്തനംതിട്ട കുമ്പനാട് സ്വദേശി അലക്‌സ് വർഗീസ് (70) ആണ് ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ പ്രവർത്തകനായ മകനിൽ നിന്നാണ് അലക്‌സിന് അണുബാധയുണ്ടായത്.

അതേസമയം, കൊവിഡ് 19നെതിരെയുള്ള കരുതൽ സംസ്ഥാനം കുറച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ടെസ്റ്റുകൾ കുറച്ചിട്ടില്ലെന്നും രോഗലക്ഷണമുള്ള രോഗികളുടെ പരിശോധന നടത്താൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളും മറ്റ് അസുഖങ്ങളും ഉള്ളവരിൽ മാത്രമാണ് കോവിഡ് സങ്കീർണ്ണമാകുന്നത്. അങ്ങനെയാണ് മരണങ്ങൾ സംഭവിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടുത്തിടെയുള്ള അണുബാധകൾ ഒമിക്‌റോണിന്റെ ഉപ വകഭേദങ്ങൾ മൂലമാണ്. സാമ്പിളുകളുടെ ജീനോമിക് പരിശോധനയിലൂടെ ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

അടുത്തിടെയുള്ള കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് കോവിഡ് മരണങ്ങൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വിദഗ്ദർ പറഞ്ഞു. സംസ്ഥാനത്ത് പ്രതിദിന കേസുകളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ – 12 ൽ നിന്ന് 150 ആയി ഉയർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൊവ്വാഴ്ച സംസ്ഥാനത്ത് 128 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവമായ കേസുകളിലും വർദ്ധനവുണ്ടായിട്ടുണ്ട്, കേസുകളുടെ എണ്ണം 1,000 ത്തോട് അടുക്കുന്നു.

ഈ മാസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത എട്ട് കോവിഡ് മരണങ്ങളിൽ മൂന്നെണ്ണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കാൻ ഇനിയും 15 ദിവസമെടുക്കുമെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായ എൻ സി കൃഷ്ണപ്രസാദ് പറയുന്നു.

കോവിഡ്-19 മൂലമുണ്ടാകുന്ന മരണങ്ങൾ ടെസ്റ്റ് ചെയ്യാത്തിടത്തോളം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. കൊവിഡ് തരംഗം ശമിച്ചതോടെ ആരോഗ്യവകുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് മാത്രമായി പരിശോധന പരിമിതപ്പെടുത്തിയിരിക്കുന്നു. മൃതദേഹങ്ങളിൽ പരിശോധന നടത്തണമെന്ന നിബന്ധന സർക്കാർ പിൻവലിച്ചതോടെ കൊവിഡ് മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് അപൂർവമായി മാറിയെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ.ഇ.കെ രാമചന്ദ്രൻ പറയുന്നു.

Also Read: എന്തുകൊണ്ടാണ് കോവിഡ് കേസുകൾ വീണ്ടും കൂടുന്നത്?