മലയാളികൾക്ക് ആകെ അഭിമാനമാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മേധാവി എസ് സോമനാഥ്. ആലപ്പുഴ തുറവൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ കീഴിലാണ് വിജയകരമായ ചന്ദ്രയാൻ 3 ദൌത്യം വിജയകരമായി ഐഎസ്ആർഒ പൂർത്തിയാക്കിയത്. അടുത്തിടെ ഇന്ത്യയുടെ ആദ്യ സൂര്യ ദൌത്യമായ ആദിത്യ-എൽ1 വിക്ഷേപണവും സോമനാഥിന്റെ നേതൃത്വത്തിലാണ് ഐഎസ്ആർഒ വിജയകരമായി നടത്തിയത്. ഇപ്പോഴിതാ, തനിക്ക് ആമാശയത്തിൽ ക്യാൻസർ ഉണ്ടായിരുന്നുവെന്നും, അതിനെ ചികിത്സിച്ച് ഭേദമാക്കാനായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സോമനാഥ്.
സോളാർ ദൌത്യമായ ആദിത്യ-എൽ1 വിക്ഷേപണ ദിവസമാണ് തനിക്ക് രോഗം കണ്ടെത്തിയതെന്ന് എസ് സോമനാഥ് പറഞ്ഞു. “ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം വയറിൽ ഒരു അസ്വസ്ഥത തോന്നിയതുകൊണ്ടാണ് സ്കാൻ ചെയ്തത്. അപ്പോഴാണ് ആമാശയത്തിൽ ക്യാൻസർ കണ്ടെത്തിയത്. ആദിത്യ എൽ1 വിക്ഷേപണം നടന്നയുടനെയാണ് ഡോക്ടർമാർ അസുഖ കാര്യം അറിയിച്ചത്”- തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു. പ്രശ്നം സ്ഥിരീകരിച്ചതോടെ ചികിത്സ ആരംഭിച്ചു. ക്യാൻസർ നീക്കം ചെയ്യുന്നതിനായി ഒരു ഓപ്പറേഷനും കീമോതെറാപ്പിയും നടത്തി. ചികിത്സ വിജയകരമായതോടെ ആമാശയ ക്യാൻസറിൽനിന്ന് പൂർണമായി മുക്തനാകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ആമാശയത്തിലെ അർബുദം?
ആമാശയത്തിൻ്റെ പാളിയിൽ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളർച്ചയാണ് ആമാശയ അർബുദം. ഇത് പുകവലി പോലുള്ള തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമാണ് ഉണ്ടാകുന്നത്. ഉയർന്നരീതിയിൽ സംസ്കരിച്ചതോ ഉപ്പിട്ടതോ ആയ ഭക്ഷണക്രമമാണ് ആമാശയത്തിൽ അർബുദത്തിന് ഇടയാക്കുന്നത്. ലോകത്തെ ക്യാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനം ആമാശയ അർബുദം കാരണമാണ്. അതിവേഗം രോഗം തീവ്രമാകുകയും മരണസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആമാശയ അർബുദത്തിലുള്ളതെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് ആമാശയ അർബുദം രൂക്ഷമാകാൻ കാരണം. അസിഡിറ്റി, വയറുവേദന പോലെയുള്ള ലക്ഷണങ്ങളെ അവഗണിക്കുന്നത് തീവ്രമായ ശേഷം മാത്രമായിരിക്കും രോഗം തിരിച്ചറിയാൻ ഇടയാക്കുന്നത്.
കാരണങ്ങൾ
നിരവധി ഘടകങ്ങളാണ് ആമാശയ അർബുദത്തിന് കാരണമായി തീരുന്നത്. വയറ്റിലുണ്ടാകുന്ന ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ ഒരു പ്രധാന കാരണമാണ്. ഇത് ആമാശയ പാളിയിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുകയും കാലക്രമേണ ആമാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പുകവലി, അമിതമായ മദ്യപാനം, അച്ചാറിട്ടതോ ഉപ്പിട്ടതോ ആയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും ആമാശയ ക്യാൻസർ സാധ്യ വർദ്ധിപ്പിക്കും. വാർദ്ധക്യം, പുരുഷ ലിംഗഭേദം, പൊണ്ണത്തടി, റേഡിയേഷൻ അല്ലെങ്കിൽ കെമിക്കൽ എക്സ്പോഷർ എന്നിവയും രോഗത്തിന് കാരണമായേക്കാം.
ലക്ഷണങ്ങൾ
ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് രോഗത്തിന് ആവശ്യമായ ചികിത്സ തേടുകയെന്നതാണ് പ്രധാനം. പലപ്പോഴും തുടക്കത്തിൽ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് ആമാശയ അർബുദമാണെന്ന് മനസിലാക്കാൻ സാധിക്കാതെ പോകുന്ന ഒരു കാരണം. അടിവയറ്റിൽ, പ്രത്യേകിച്ച് വയറിൻ്റെ മുകൾ ഭാഗത്ത്, നിരന്തരമായ അസ്വസ്ഥതയോ വേദനയോ ആണ് ആദ്യകാല ലക്ഷണം. പിന്നീട് ആമാശയത്തിൽ ട്യൂമർ വളരുന്നതിന് അനുസരിച്ച് ദഹനപ്രശ്നങ്ങൾ രൂക്ഷമാകും. കൂടാതെ ശരീരഭാരവും വിശപ്പും കുറയും. ഭക്ഷണം കുറച്ച് മാത്രം കഴിക്കുമ്പോൾ വയർ നിറയുന്ന അവസ്ഥ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഓക്കാനം, ഛർദ്ദി, ഭക്ഷണം തൊണ്ടയിൽനിന്ന് ഇറങ്ങാതെ കുടിങ്ങുന്നതുപോലെയുള്ള അവസ്ഥ വയറ്റിലെ ക്യാൻസറിൻ്റെ ലക്ഷണമാകാം. ക്യാൻസറിന്റെ വിവിധ ഘട്ടങ്ങളിൽ ലക്ഷണങ്ങൾ വ്യത്യസ്തമാകാം. രോഗം രൂക്ഷമാകുമ്പോൾ ശരീരത്തിന് ക്ഷീണം, ബലഹീനത, മലത്തിൽ രക്തം എന്നിവയുൾപ്പെടെ കൂടുതൽ ലക്ഷണങ്ങൾ കണ്ടുവരുന്നു.
പ്രതിരോധം
ശരിയായ ഭക്ഷണശീലവും ജീവിതശൈലിയുമാണ് രോഗം പ്രതിരോധിക്കുന്നതിൽ പ്രധാനം. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ആമാശയ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് റിപ്പോർട്ടും പറയുന്നത് അനുസരിച്ച്, അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആമാശയ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. എന്നാൽ ഉപ്പും ഉപ്പിട്ട ഭക്ഷണങ്ങളും ആമാശയ ക്യാൻസർ സാധ്യത കൂട്ടും.
ചികിത്സ
സാധാരണ ക്യാൻസറുകൾക്കുള്ള ചികിത്സാരീതികൾ തന്നെയാണ് ആമാശയ ക്യാൻസറിനും ഡോക്ടർമാർ നിർദേശിക്കുന്നത്. കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, ചില രോഗികൾക്ക് ടാർഗെറ്റഡ് തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാരീതികളാണ് ചെയ്യുന്നത്. ഏറ്റവും പ്രധാനം രോഗം തുടക്കത്തിലേ കണ്ടെത്തുകയെന്നതാണ്. ലക്ഷണങ്ങളെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം. അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുകയും രോഗനിർണയം നടത്തുകയും ചെയ്യണം.
Also Read: മധുരപാനീയങ്ങൾ ലിവർ കാൻസറിന് കാരണമാകുമെന്ന് പഠനം
Content Summary: ISRO chief S Somnath beats cancer; Everything you need to know about stomach cancer