ലോകത്ത് ഏറ്റവും ഭീതിജനകമായ ഒരു ആരോഗ്യപ്രശ്നമായി ക്യാൻസർ തുടരുകയാണ്. ഇതിനെ ചെറുക്കുന്നതിനും ഫലപ്രദമായ ചികിത്സാമാർഗങ്ങൾക്കുമായി നൂറുകണക്കിന് ഗവേഷണങ്ങൾ വിവിധ രാജ്യങ്ങളിൽ നടന്നുവരുന്നു. ഇപ്പോഴിതാ, പുതിയ പ്രതീക്ഷകളേകുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ക്യാൻസർ മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്ന പ്രോട്ടീനാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ക്യാൻസർ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന മരുന്നുകളുടെ ഗവേഷണത്തിൽ ഒരു പ്രധാന ഘടകമായി ഇത് മാറുമെന്നാണ് ഗവേഷകർ പറയുന്നത്. 2050-ൽ ലോകത്ത് മൂന്നര കോടിയിൽ അധികം പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. അതിന് പിന്നാലെയാണ് പ്രതീക്ഷയേകുന്ന കണ്ടെത്തലുമായി ഗവേഷകർ രംഗത്തെത്തുന്നത്.
2022ൽ രണ്ടുകോടി പുതിയ ക്യാൻസർ കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്.അടുത്ത 28 വർഷം കൊണ്ട് ലോകത്ത് ക്യാൻസർ കേസുകൾ 77 ശതമാനം വർദ്ധിക്കുമെന്നാണ് ലോകോരോഗ്യസംഘടന പറയുന്നത്. ഈ ഘട്ടത്തിൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള വിവിധ ഗവേഷണങ്ങൾ ലോകരാജ്യങ്ങളിൽ നടന്നുവരുന്നു. അതിനിടെയാണ് കാലിഫോർണിയ സർവകലാശാലയിൽനിന്ന് ശുഭവാർത്ത എത്തുന്നത്. മനുഷ്യരിൽ കാണുന്ന 75 ശതമാനം ക്യാൻസർ കേസുകളിലും വില്ലനായി മാറുന്ന ഒരു പ്രോട്ടീനെക്കുറിച്ചുള്ള പഠനമാണ് ഗവേഷകർ നടത്തിയത്. ഈ പ്രത്യേക പ്രോട്ടീന്റെ ഭൗതിക സവിശേഷതകളിൽ മാറ്റം വരുത്തുന്നതിനുള്ള മാർഗമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
MYC എന്ന പ്രത്യേക പ്രോട്ടീനെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. MYC എന്ന പ്രോട്ടീൻ കോശങ്ങളിലെ ഒരു ട്രാൻസ്ക്രിപ്ഷൻ ഘടകമായാണ് പ്രവർത്തിക്കുന്നത്. അതിനർത്ഥം ഡിഎൻഎയിൽ നിന്ന് ജനിതക വിവരങ്ങൾ മെസഞ്ചർ ആർഎൻഎയിലേക്ക് ആരോഗ്യകരമായ കോശങ്ങളിലേക്ക് പകർത്തുന്നതിൻ്റെ നിരക്ക് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നാണ്.
MYC പ്രോട്ടീൻ ആരോഗ്യകരമായ കോശ പ്രവർത്തനത്തിൻ്റെ ഭാഗമാണെങ്കിലും, കാൻസർ കോശങ്ങൾക്കൊപ്പം MYC ഹൈപ്പർ ആക്റ്റീവ് ആകുകയും ആത്യന്തികമായി കാൻസർ ട്യൂമറുകൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു. അതായത് ക്യാൻസർ ബാധിച്ച കോശങ്ങളിൽനിന്ന് അത് ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാൻ ഈ പ്രോട്ടീൻ കാരണമാകുന്നു. മനുഷ്യരിൽ കാണുന്ന മിക്ക ക്യാൻസറുകളും വ്യാപിക്കാൻ കാരണം എംവൈസി പ്രോട്ടീനാണ്. ക്യാൻസറുമായി ഇതിനുള്ള ബന്ധം വളരെകാലം മുമ്പ് തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഈ പ്രോട്ടീനിൽ വരുത്തുന്ന ചില മാറ്റങ്ങൾ ക്യാൻസർ രോഗം വ്യാപിക്കുന്നത് തടയുമെന്നാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.
“കാൻസർ കോശങ്ങൾ ഹൈപ്പർ ആക്റ്റീവ് ആണ്. അവ വളരെ വേഗം പെരുകുന്നു” യുസിആറിലെ ബയോകെമിസ്റ്റായ മുതിർന്ന ഗവേഷകർ മിൻ ക്യു പറഞ്ഞു. “ഇത്തരത്തിൽ കോശങ്ങൾ പെരുകുന്ന പ്രക്രിയകളെല്ലാം ഡിഎൻഎ ആയ ചില ബ്ലൂപ്രിൻ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. MYC ആ ബ്ലൂപ്രിൻ്റ് വിവരങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നു” മിൻ ക്യൂ മെഡിക്കൽ ന്യൂസ് ടുഡേയോട് പറഞ്ഞു.
MYC ഒരു ആകൃതിയില്ലാത്ത പ്രോട്ടീനാണ്. ടാർഗെറ്റ് ചെയ്യാൻ കഴിയുന്ന ഒരു ഘടന ഇതിന് ഇല്ല. ഇത് മരുന്നുകൾക്ക് MYC-യെ ഫലപ്രദമായി തിരിച്ചറിയാനോ അതിനെതിരെ പ്രവർത്തിക്കാനോ കഴിയാതെയാക്കുന്നു. അതിനാൽ, MYC-യുമായി ബന്ധിപ്പിക്കാനോ സംവദിക്കാനോ കഴിയുന്ന ഒരു പെപ്റ്റൈഡ് സംയുക്തം വികസിപ്പിക്കുകയും അത് നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു മിൻ ക്യൂവും സംഘവും നേരിടുന്ന വെല്ലുവിളി.
രണ്ടോ അതിലധികമോ അമിനോ ആസിഡുകൾ അടങ്ങിയ ഒരു തന്മാത്രയാണ് പെപ്റ്റൈഡ് (പ്രോട്ടീനുകൾ രൂപീകരിക്കാൻ ഒരുമിച്ച് ചേരുന്ന തന്മാത്രകൾ). കോശങ്ങളുടെയും, ഹോർമോണുകൾ, വിഷവസ്തുക്കൾ, ആൻറിബയോട്ടിക്കുകൾ, എൻസൈമുകൾ എന്നിവയുടെ ഘടനാപരമായ ഘടകങ്ങളായി പെപ്റ്റൈഡുകൾ പ്രവർത്തിക്കുന്നു.
ഇപ്പോഴിതാ, എംവൈസിയെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയ പെപ്റ്റൈഡാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. “ഞങ്ങൾ ഒരു ‘ബൈസൈക്ലിക് പെപ്റ്റൈഡ്’ രൂപപ്പെടുത്തി. അതിന് 3D ബൈൻഡിംഗ് പ്രതലമുണ്ട്, അത് പ്രോട്ടീൻ്റെ ഒരു ചെറിയ പതിപ്പായി കണക്കാക്കാം,” മിൻ ക്യൂ വിശദീകരിച്ചു. NT-B2R എന്ന് വിളിക്കപ്പെടുന്ന ഈ പെപ്റ്റൈഡ്, MYC പ്രോട്ടീന്റെ പ്രവർത്തനം ഇല്ലാതാക്കാൻ കഴിയുമെന്ന് തെളിയിച്ചു.
സയൻസ്അലേർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ ഗവേഷണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു, ‘മനുഷ്യ മസ്തിഷ്ക കാൻസർ കോശങ്ങളിൽ നടത്തിയ പരിശോധനകളിൽ, NT-B2R എന്ന പെപ്റ്റൈഡ്, MYC-യുമായി വിജയകരമായി ബന്ധിപ്പിക്കുന്നതായി കാണിച്ചു. കോശങ്ങൾ അതിൻ്റെ പല ജീനുകളെയും നിയന്ത്രിക്കുന്ന രീതി മാറ്റുകയും ആത്യന്തികമായി കാൻസർ കോശങ്ങളുടെ മെറ്റബോളിസവും വ്യാപനവും കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പെപ്റ്റൈഡുകൾക്ക് MYC-യുമായി ബന്ധിപ്പിക്കാനും MYC-യുടെ ഭൗതിക ഗുണങ്ങൾ മാറ്റാനും കഴിയും, DNA-യിലെ വിവരങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയുന്നു. … ക്യാൻസർ കോശങ്ങൾ വ്യാപിക്കുന്നതിന് MYC അത്യന്താപേക്ഷിതമായതിനാൽ, ഫലപ്രദമായി എംവൈസിയെ പിടിച്ചുകെട്ടാൻ സഹായിക്കുന്ന പെപ്റ്റൈഡുകൾ ഫലപ്രദമായ ചികിത്സാരീതിയായി മാറിയേക്കാം” അദ്ദേഹം വ്യക്തമാക്കി.
Content Summary: New hope in cancer treatment; A protein that inhibits the spread of disease has been discovered