പ്രിയതമൻറെ ജീവൻ രക്ഷിക്കാൻ അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ പകുത്തുനൽകി ഭാര്യ; കിംസ് ഹെൽത്തിൽ അപൂർവ ശസ്ത്രക്രിയ

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ യുവാവിനെ ഗുരുതര കരൾരോഗവുമായാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി. അതും എത്രയുംവേഗം കരൾ മാറ്റിവെച്ചില്ലെങ്കിൽ ജീവൻ രക്ഷിക്കാനാകില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

അതിനിടെ രോഗിയുടെ പിതാവ് കരൾ നൽകാൻ സന്നദ്ധനായെങ്കിലും പരിശോധനയിൽ അദ്ദേഹത്തിനും കരൾരോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ മറ്റൊരു ദാതാവിനുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. എന്നാൽ രോഗിയുടെ ഗ്രൂപ്പുള്ള കരൾദാതാവിനെ കണ്ടെത്താനായില്ല. ഇതോടെ കാര്യങ്ങൾ തികച്ചും അനിശ്ചിതത്വത്തിലായി.

മറ്റൊരു വഴിയും കണ്ടെത്താനാകാതെ രോഗിയായ യുവാവിൻറെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമിച്ച് ഇരിക്കുമ്പോഴാണ് 29കാരൻറെ ഭാര്യ കരൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ കരൾ നൽകാൻ തയ്യാറായ യുവതിയുടെ രക്തഗ്രൂപ്പ് വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ എളുപ്പമല്ലെന്ന് ഡോക്ടർമാരും കരുതി. എന്നാൽ ചില പ്രത്യേക ഇഞ്ചക്ഷൻ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നൽകുകയും മറ്റ് ചില തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്താൽ ഈ ശസ്ത്രക്രിയ നടത്താനാകുമെന്ന് ഡോക്ടർമാരുടെ കൂടിയാലോചനയിൽ വ്യക്തമായി. അതീവ സങ്കീർണമായ ഈ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്കൊപ്പം രോഗിയുടെ ബന്ധുക്കളും ഉറച്ചുനിന്നതോടെ കാര്യങ്ങൾ എളുപ്പമായി.

തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയയുടെ ഒരുക്കങ്ങളുമായി മുന്നോട്ടുപോയി. അനുയോജ്യമല്ലാത്ത കരൾ സ്വീകരിക്കുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുമ്പ് ഒരു പ്രത്യേക ഇഞ്ചക്ഷൻ രോഗിക്ക് നൽകി. അതിനുശേഷം മാറ്റിവയ്ക്കപ്പെട്ട അവയവം സ്വീകരിക്കുന്നതിന് ആന്റിബോഡികൾ നീക്കം ചെയ്യുന്നതിനുള്ള പ്ലാസ്മാഫെറെസിസും രോഗിയിൽ നടത്തി.

എല്ലാ ഒരുക്കങ്ങൾക്കുംശേഷി ശസ്ത്രക്രിയ നടത്തി. 14 മണിക്കൂറിലധികം നീണ്ട, അതി സങ്കീർണമായ ശസ്ത്രക്രിയയ്ക്കായി വിദഗ്ദരായ ഡോക്ടർമാരുടെ ഒരു നിരതന്നെ രംഗത്തുണ്ടായിരുന്നു. ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ കൺസൾട്ടന്റുമാരായ ഡോ. ഷിറാസ് റാത്തർ, ഡോ. ശ്രീജിത്ത് എസ്, ഡോ. വർഗീസ് യെൽദോ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ട്രാൻസ്പ്ളാന്റ് ഡയറക്ടറും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ എന്നിവരാണ് കരൾമാറ്റിവെക്കൽ നടത്തിയത്. ഇമേജിംഗ് & ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്, കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റുകളായ ഡോ. സാഹിൽ എൻ.എസ്, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. മധുസൂദനൻ ഇ.എസ് എന്നിവരും അത്യപൂർവ്വമായ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.