തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആര്.സി.സിയില്‍ വിജയകരമായി നടന്നു. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച രണ്ടു മധ്യവയസ്ക്കരായ രോഗികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂര്‍ണമായും മറ്റൊരാളുടെ വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സര്‍ജറി ഉപയോഗിച്ച് നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു. വന്‍കിട സ്വകാര്യാശുപത്രികളില്‍ വലിയ ചെലവുവേണ്ടിവരുന്ന റോബോട്ടിക് സര്‍ജറിയാണ് ആര്.സി.സിയില്‍ നടത്തിയത്. റോബോട്ടിക് സര്‍ജറിക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും അഭിനന്ദിക്കുന്നു.
അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും നിര്‍വഹിക്കാന്‍ സര്ജന്മാരെ പ്രാപ്തരാക്കുന്നതാണ് റോബോട്ടിക് സര്‍ജറി യൂണിറ്റ്. രോഗികള്‍ക്ക് ശസ്ത്രക്രിയ മൂലമുള്ള രക്തനഷ്ടം, വേദന, അണുബാധ, ശസ്ത്രക്രിയമൂലമുള്ള മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ ഗണ്യമായി കുറയുകയും വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞമാസം 15നാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിട്ടുള്ളത്. എം.സി.സി.യിലെ റോബോട്ടിക് സര്‍ജറി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.