സെൽവിന് മരണമില്ല; ഹൃദയം പതിനാറുകാരന് പുതുജീവനേകാൻ കൊച്ചിയിലേക്ക്

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്‍റെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവും വൃക്കയും പാൻക്രിയാസും ഉൾപ്പടെയുള്ള അവയവങ്ങൾ ആറുപേർക്കാണ് പുതുജീവനേകുന്നത്. സെൽവിന്‍റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള പതിനാറുകാരനായ ഹരിനാരായണനാണ് നൽകുന്നത്. 

കായംകുളം സ്വദേശിയായ ഹരിനാരായണൻ ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഹരിനാരായണന്‍റെ ജീവൻ നിലനിർത്താനുള്ള മാർഗമെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. ഹരി നാരയണൻ്റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സംസ്ഥാന സർക്കാരിൻ്റെ ഹെലികോപ്റ്ററിൽ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. സൂര്യനാരായണൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. 

കിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ ആറ് മണിക്ക് ഹൃദയം പുറത്തെടുക്കുന്ന ശസ്ത്രക്രിയ നടത്തി. ഒമ്പത് മണിയോടെ ഹൃദയം ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് എത്തിക്കുന്നത്. 

കന്യാകുമാരി വിളവൻകോട് സ്വദേശിയായ സെൽവിൻ ശേഖർ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കടുത്ത തലവേദനയുമായി കന്യാകുമാരിയിലെ ആശുപത്രിയിലും തുടർന്ന് നവംബർ 21ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ സെൽവിന് തലച്ചോറിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. ചികിത്സയിലിരിക്കെ നവംബർ 24ന് മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധതയുമായി സ്റ്റാഫ് നഴ്സായ സെൽവിന്‍റെ ഭാര്യ മുന്നോട്ടുവന്നത്. 

ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഹൃദയം എടുക്കുന്നതിനായി ഇന്നലെ രാത്രിയോടെ കിംസ് ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. 

ആറുപേർക്ക് പുതുജീവനേകുന്ന അവയവദാനത്തിന് സെൽവിന്‍റെ കുടുംബത്തോട് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. സെൽവിന്‍റെ ഹൃദയം ലിസി ഹോസ്പിറ്റലിലും  വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സെൽവിന്‍റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികൾക്ക് നൽകും. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് മുഖ്യമന്ത്രി പോലീസിന്  നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് വളരെ വേഗം ഹെലികോപ്ടർ ലഭ്യമാക്കിയതെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവും അറിയിച്ചു.