ശബരിമല: ദർശനത്തിനെത്തിയ ആറുവയസുകാരിയെ കാനനപാതയിൽവെച്ച് പാമ്പ് കടിച്ചു. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയെയാണ് വ്യാഴാഴ്ച പുലർച്ചെ പാമ്പ് കടിച്ചത്. സ്വാമി അയ്യപ്പൻ റോഡിലായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് ആന്‍റി വെനം കുത്തിവെയ്പ്പ് നൽകി.
കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നെടുമങ്ങാട് സ്വദേശിയായ കുട്ടി കുടുംബാംഗങ്ങൾക്കൊപ്പം മലകയറുമ്പോഴാണ് പാമ്പുകടിയേറ്റത്. അണലി വിഭാഗത്തിലുള്ള പാമ്പാണ് കുട്ടിയെ കടിച്ചത്.
ശബരിമല കാനന പാതയിൽ ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേൽക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശിയായ യുവാവിനും പാമ്പ് കടിയേറ്റിരുന്നു. ഇയാൾക്കും പമ്പയിലെ ആശുപത്രിയിൽ ആന്‍റിവെനം നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
പാമ്പുകടിച്ചതിന്‍റെ ലക്ഷണങ്ങൾ
നമ്മുടെ നാട്ടിൽ വിവിധതരം പാമ്പുകൾ ധാരാളമായി കണ്ടുവരുന്നുണ്ട്. ശബരിമല വനങ്ങളിലും മൂർഖൻ, അണലി ഉൾപ്പടെയുള്ള പാമ്പുകൾ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രാത്രിസമയങ്ങളിൽ മല കയറുമ്പോൾ ഇക്കാര്യത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. പലപ്പോഴും കടിച്ചത് പാമ്പാണെന്ന് അറിയാതെ പോകുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കും. പാമ്പുകടിയേൽക്കുന്നതിന്‍റെ ലക്ഷണങ്ങൾ താഴെ പറയുംവിധമാണ്…
രണ്ട് കൊമ്പൻപല്ലുകൾ ആഴത്തിൽ തറഞ്ഞതായാണ് മുറിവിന്‍റെ ലക്ഷണം. മുറിവിൽനിന്ന് നിലയ്ക്കാതെയുള്ള രക്തസ്രാവം ഉണ്ടാകും. കടിയേറ്റ ഭാഗത്ത് നിർക്കെട്ട്, പൊള്ളൽ, ചുവന്ന് തടിക്കുക, അസഹനീയമായ വേദന, ചർമത്തിൽ നിറംമാറ്റം എന്നിവ അനുഭഴപ്പെടും.
പാമ്പിൻ വിഷം വ്യാപിക്കാൻ തുടങ്ങുന്നതോടെ വയറിളക്കം, പെട്ടെന്നുണ്ടാകുന്ന പനി, വയറുവേദന, തലവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. ഓക്കാനം, ഛർദി, വിറയൽ എന്നിവ തുടർ ലക്ഷണങ്ങളാണ്. ചിലരിൽ അലർജിയും മറ്റ് ലക്ഷണങ്ങളും കാണപ്പെടുന്നു. മൂർഖൻ പാമ്പിന്‌റെ വിഷം നാഡീവ്യവസ്ഥയെയും അണലിയുടെ വിഷം രക്തപര്യായന വ്യവസ്ഥയെയുമാണ് ബാധിക്കുന്നത്. വിഷബാധ രൂക്ഷമാകുമ്പോൾ കാഴ്ച മങ്ങൽ, വിയർക്കൽ ഉമിനീരും വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. കൈകാലുകളിലും മുഖത്തും മരവിപ്പും ഇക്കിളിയും, തൂങ്ങിക്കിടക്കുന്ന കൺപോളകളും പക്ഷാഘാതമുണ്ടാകുന്നതും സ്ഥിതിഗതികൾ രൂക്ഷമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്. നാഡിമിടിപ്പ് വേഗത്തിലാകുക, ക്ഷീണം, പേശികൾക്ക് ബലമില്ലാതാകുക, ദാഹം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ ഗുരുതരാവസ്ഥയിലാകുന്നതിന്‍റെ ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാമ്പ് കടിയേറ്റാൽ, രോഗിയുടെ ശരീരം വലിയരീതിയിൽ അനങ്ങാൻ പാടില്ല. ഇത് വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കുന്നതിന് ഇടയാകുന്നു. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ തുണിയോ ചെറിയ കയറോ മറ്റോ ഉപയോഗിച്ച്, മുറിവിന് മുകളിലായി ഇറുക്കിക്കെട്ടുക. അതിനുശേഷം മുറിവ് ശുദ്ധജലം ഉപയോഗിച്ച് കഴുകുക. പരിശീലനം ലഭിച്ചവരുണ്ടെങ്കിൽ മുറിവിൽനിന്ന് രക്തം ഊറിയെടുക്കുകയോ മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് രക്തം വലിച്ചെടുക്കുകയോ ചെയ്യണം.
പാമ്പുകടിയേറ്റാൽ ഒരുകാരണവശാലും സ്വയംചികിത്സ നടത്തുകയോ വേദനസംഹാരികൾ ഉപയോഗിക്കുകയോ ചെയ്യരുത്. കഫീൻ അടങ്ങിയ കോഫിയോ ചായയോ കുടിക്കാനായി നൽകരുത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കടിച്ച പാമ്പ് ഏതിനത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും.