ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണകാരണം ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ്. 2021ൽ മാത്രം ഏകദേശം രണ്ടര കോടിയിലേറെ ആളുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചു. ഈ വർഷം ലോകത്ത് സംഭവിച്ച മരണങ്ങളിൽ മൂന്നിലൊന്നാണിത്. ഹൃദയാരോഗ്യം അപകടകരമാകുന്നതിന് പലതരം കാരണങ്ങളുണ്ട്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം ഉണ്ടാകുന്ന അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, അമിതരക്തസമ്മർദം എന്നിവ ഹൃദ്രോഗത്തിലേക്ക് നയിക്കും. കൂടാതെ ലിംഗഭേദം, പാമ്പര്യം, വംശീയത എന്നിവയൊക്കെ ഹൃദയാരോഗ്യത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. ഇപ്പോൾ പുറത്തുവരുന്ന പുതിയ പഠനം അനുസരിച്ച് വിറ്റാമിൻ ബി3യുടെ അമിത ഉപയോഗം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.
Cleveland Clinic Lerner റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ശരീരത്തിൽ നിയാസിൻ എന്ന വിറ്റാമിൻ ബിയുടെ ഉയർന്ന അളവ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനത്തിലൂടെ വ്യക്തമാക്കുന്നത്.
നേച്ചർ മെഡിസിൻ ട്രസ്റ്റഡ് സോഴ്‌സ് എന്ന ജേണലിൽ ഈ പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചു.
യഥാർഥത്തിൽ നിയാസിനും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പഠനമായിരുന്നില്ല ഇതെന്ന് ഗവേഷകർ പറയുന്നു. “ഹൃദ്രോഗത്തിന് കാരണമാകുന്ന പുതിയ വഴികൾ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഹൃദ്രോഗ സാധ്യതാ ഘടകങ്ങൾ പരിഗണിക്കുമ്പോൾ (ഉദാ. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം മുതലായവ), ഭൂരിഭാഗം ഹൃദ്രോഗങ്ങളും ഹൃദയഘാതമാണ്. എന്നാൽ അടുത്തിടെയായി മറ്റ് ചില ഘടകങ്ങളും ഹൃദയാഘാതത്തിന് കാരണമാകുന്നതായി പഠനത്തിൽ വ്യക്തമായി.
പരമ്പരാഗത അപകട ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൃദയാഘാതമോ അതുമൂലമുള്ള മരണമോ സംഭവിക്കുന്നതിന് രക്തത്തിലെ ചില സംയുക്തങ്ങളും കാരണമാകുന്നതായി പഠനത്തിൽ വ്യക്തമായി. അമേരിക്കയിലും യൂറോപ്പിലുമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വിറ്റാമിൻ ബി3 അഥവാ നിയാസിൻ അധികമാകുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന 4പിവൈ എന്ന സംയുക്തമാണ് ഇവിടെ വില്ലനാകുന്നത്. ഈ സംയുക്തം രക്തക്കുഴലുകളുടെ വീക്കത്തിന് കാരണമാകും.
എന്താണ് നിയാസിൻ?
നിയാസിൻ – വിറ്റാമിൻ ബി-3 എന്നും അറിയപ്പെടുന്നു. വിറ്റാമിൻ ബിയുടെ എട്ട് വ്യത്യസ്ത രൂപങ്ങളിൽ ഒന്നാണ്. കഴിക്കുന്ന ഭക്ഷണങ്ങളെ ഊർജമാക്കി മാറ്റാൻ നിയാസിൻ ശരീരത്തെ സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുമെന്നും വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ നാഡീവ്യൂഹത്തിന്‍റെ ആരോഗ്യത്തിനും നിയാസിൻ ഉത്തമമാണ്.
ശരീരത്തിന് നിയാസിൻ ഉൽപാദിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽനിന്നോ സപ്ലിമെന്‍റിൽ നിന്നോ ആണ് ഇത് ലഭിക്കുന്നത്. മാംസം, പാൽ, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവയിലുള്ള അമിനോ ആസിഡായ ട്രിപ്റ്റാഫാനിൽനിന്നാണ് വിറ്റാമിൻ ബി3 ശരീരത്തിന് ലഭിക്കുന്നത്.
പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവയിലും നിയാസിൻ സ്വാഭാവികമായും കാണാം. കൂടാതെ റൊട്ടികളിലും ധാന്യങ്ങളിലും നിയാസിൻ അടങ്ങിയിട്ടുണ്ട്.
നിയാസിൻ അമിതമായി ശരീരത്തിൽ എത്തുന്നത് 4പിവൈ സംയുക്തം രക്തത്തിൽകൂടുതലാകാൻ ഇടയാകും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയാഘാതമുള്ള 1100 ആളുകളുടെ മെഡിക്കൽ ഹിസ്റ്ററി വിലയിരുത്തിയാണ് പഠനം നടത്തിയത്. വിശദമായ പഠനത്തിൽ N1-methyl-4-pyridone-3-carboxamide അല്ലെങ്കിൽ 4PYയുടെ ഉയർന്ന രക്തചംക്രമണ അളവ് ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് അസുകങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. “ഞങ്ങളുടെ പഠനങ്ങൾ രക്തത്തിലെ ഉയർന്ന അളവിലുള്ള 4PY ഭാവിയിൽ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നതാണ്.”- ഗവേഷകർ പറഞ്ഞു.
എന്നാൽ ഇതിന് അർത്ഥം നിയാസിൻ അഥവാ വിറ്റാമിൻ ബി3 കഴിക്കുന്നത് ഒഴിവാക്കുകയല്ലെന്ന് പഠനസംഘം വ്യക്തമാക്കി. അത് അമിതമാകുമ്പോഴാണ് അപകടസാധ്യത കൂടുന്നത്. ശരീരത്തിന് നിശ്ചിത അളവിൽ നിയാസിൻ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
Also Read: നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? മുൻകൂട്ടി എങ്ങനെ അറിയാം
(നിരാകരണം- മുകളിൽ നൽകിയിരിക്കുന്നത് ചില പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, മറിച്ച് ആധികാരികമായ മെഡിക്കൽ ഉപദേശമല്ല. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറെ കണ്ട് ഉപദേശം തേടണം. )