പോസ്റ്റ്പാർട്ടം: മാതൃത്വം മനോഹരമാക്കാൻ പ്രസവാനന്തര പ്രശ്‍നങ്ങൾ ഫലപ്രദമായി എങ്ങനെ നേരിടാം?

മാതൃത്വത്തിലേക്കുള്ള യാത്ര ഒരു സ്ത്രീയുടെ ജീവിതത്തിലെ സങ്കീർണതകൾ നിറഞ്ഞ കാലഘട്ടമാണ്. സാധാരണ പ്രസവമോ സിസേറിയനോ സ്ത്രീകളിൽ മാനസികമായി പല മാറ്റങ്ങളും ഉണ്ടാക്കും. ഈ സമയത്ത് അവർക്ക് വൈകാരികമായ പിന്തുണ നൽകേണ്ടത് കുടുംബാംഗങ്ങളുടെ കടമയാണ്.
ഗർഭകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും മാനസിക സംഘർഷങ്ങളുമാണ് സ്ത്രീകളിൽ പ്രസവാനന്തരം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. പ്രസവശേഷം അമ്മ പൂർണ്ണമായും സുഖം പ്രാപിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രസവത്തിനുശേഷമുള്ള ആദ്യത്തെ ആറാഴ്ചയാണ് പ്രസവാനന്തര കാലഘട്ടം എന്ന് പറയുന്നത്. ഇത് സന്തോഷകരമായ സമയമാണെങ്കിലും അമ്മമാർ ശാരീരികവും മാനസികവുമായി നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയം കൂടിയാണ്. പ്രസവശേഷം അമ്മയുടെ ജീവിതക്രമം മാറുകയാണ്. ഇതുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഈ സമയത്ത് കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം അമ്മക്കും പരിചരണം നൽകേണ്ടതുണ്ട്.

പ്രസവാനന്തരം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ

പ്രസവാനന്തരമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ പ്രധാനമായും മൂന്നായി തരാം തിരിക്കാം

ബേബി ബ്ലൂസ്

ഏകദേശം 85 ശതമാനം അമ്മമാരിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനകം പോസ്റ്റ്പാർട്ടം ബ്ലൂസ് ഉണ്ടാകാം. പത്തുദിവസത്തിനുള്ളിൽ ഈ അവസ്ഥ തനിയെ മാറുകയും ചെയ്യും. കൂടെക്കൂടെ കരച്ചിൽ വരിക, അനിയന്ത്രിതമായ സന്തോഷം, ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ബേബി ബ്ലൂസ് ലക്ഷണങ്ങൾ. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ബേബി ബ്ലൂസ് കൂടുതൽ പ്രശ്‍നങ്ങളിലേക്ക് നയിച്ചേക്കാം.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ

ഏഴിൽ ഒരാൾക്ക് സംഭവിക്കുന്ന ഒന്നാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. വളരെയധികം ശ്രദ്ധ നൽകേണ്ട ഒരു അവസ്ഥയാണിത്. പ്രസവത്തിന് മുൻപ് ഡിപ്രഷൻ ഉണ്ടായിട്ടുള്ളവർക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ വരാൻ സാധ്യത കൂടുതലാണ്. ആദ്യ പ്രസവത്തിന് ശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ വന്നവരിൽ അടുത്ത പ്രസവത്തിനുശേഷം ഈ അവസ്ഥ വരാനുള്ള സാധ്യത അൻപത് ശതമാനമാണ്. എപ്പോഴും സങ്കടം, വിഷമുള്ള കാര്യങ്ങളോട് പോലും വെറുപ്പ്, വിശപ്പില്ലായ്മ, സ്വയം പോരാ എന്ന തോന്നൽ, മരണത്തെക്കുറിച്ച് ചിന്ത തുടങ്ങിയ ലക്ഷണങ്ങളാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ബാധിച്ചവരിൽ ഉണ്ടാകുന്നത്.

പോസ്റ്റ്പാർട്ടം സൈക്കോസിസ്

ആയിരം അമ്മമാരിൽ ഒരാൾക്ക് വരാവുന്ന ഗുരുതരമായ മാനസിക പ്രശ്നമാണിത്. പെട്ടെന്ന് മാറിമറിയുന്ന ലക്ഷണങ്ങളാണിതിന്. കുഞ്ഞിനെ ഉപദ്രവിക്കുന്ന തലത്തിലേക്ക് വരെ ഈ അവസ്ഥ മാറാം. കുഞ്ഞ് ഏതോ ദുഷ്ടശക്തിയാണെന്ന് തോന്നുകയും അക്രമാസക്തി കാണിക്കുകയും ചെയ്യും. കുഞ്ഞിനെ പരിചരിക്കാൻ ഭയം ഉണ്ടാകും. പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ഉന്മാദാവസ്ഥ കാണിക്കുകയും ചെയ്യും.

എങ്ങനെ മറികടക്കാം?

ഗർഭധാരണത്തിന് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഗർഭകാലത്തും അതിനുശേഷവും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തേ മനസിലാക്കുക.

പ്രസവശേഷം കുടുംബാംഗങ്ങളുടെ സഹായം തേടാൻ മടിക്കരുത്. ആവശ്യത്തിന് വിശ്രമിക്കുക. കുഞ്ഞ് ഉറങ്ങുമ്പോൾ കൂടെ ഉറങ്ങുക. മതിയായ ഉറക്കവും വിശ്രമവും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവയുൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം ലഘുവ്യായാമങ്ങൾ ചെയ്യുക.

കുഞ്ഞ് കുടുംബത്തിലെ പുതിയ അതിഥിയാണ്. കുഞ്ഞിനെ കുടുംബാംഗങ്ങൾ ഒരുമിച്ച് വരവേൽക്കുക. അമ്മയ്ക്കുള്ള ഉത്തരവാദിത്തം അച്ഛനുമുണ്ട് എന്ന് മറക്കാതിരിക്കുക. കുഞ്ഞിന്റെ പരിചരണത്തിൽ അച്ഛനും പങ്കാളിയാവുക. കുഞ്ഞിന് നൽകുന്ന പരിഗണന അമ്മയ്ക്കും നൽകുക.

മറ്റുള്ളവരുടെ അനാവശ്യ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക. വിഷമിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ അകറ്റിനിർത്തുക.

പ്രസവാനന്തര മാനസികപ്രശ്‍നങ്ങൾ മറച്ചുവെക്കാതിരിക്കുക. പങ്കാളിയോട് പ്രശനങ്ങൾ പങ്കുവെക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടുക.

Also Read: ഗർഭകാലം മധുരമേറുന്ന ഓർമകളാക്കി മാറ്റാം

Summary: What is postpartum depression? Postpartum care to make motherhood journey happier.