കുട്ടികൾക്ക് സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമാക്കണം; എന്തുകൊണ്ടെന്ന് അറിയാം

അടുത്തകാലത്തായി കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നുണ്ട്. കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ അവർ തിരിച്ചറിയാതെ പോകുന്നത് പോലും മതിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ്. തങ്ങൾക്ക് കുട്ടിക്കാലത്ത് ഉണ്ടായ ദുരനുഭവം ലൈംഗിക ചൂഷണമായിരുന്നു എന്ന് പലരും വളരെ വൈകിയാണ് തിരിച്ചറിയുന്നത് പോലും. നല്ലതും ചീത്തയുമായ സ്പർശനത്തെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണം. എപ്പോഴാണ് അവർക്ക് ഇത്തരം അറിവുകൾ പറഞ്ഞുകൊടുക്കേണ്ടത്?

വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കാവുന്ന അബദ്ധങ്ങൾ ജീവിതം തന്നെ തകർക്കുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. ലൈംഗികതയെക്കുറിച്ച് മതിയായ അറിവ് ഇല്ലാത്തത് വിവാഹ ജീവിതത്തെയും വ്യക്തി ജീവിതത്തെയും സാരമായി ബാധിക്കും. ഈ പ്രമേയം ഉൾക്കൊള്ളിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ഒരുക്കിയ കോമഡി സീരീസ് ‘സെക്‌സ് എഡ്യൂക്കേഷൻ’ എല്ലാ പ്രായത്തിലുള്ളവർക്കും, പ്രത്യേകിച്ച് കൗമാരക്കാർക്ക് ലൈംഗികതയെക്കുറിച്ച് മനസിലാക്കാൻ സാധിക്കുന്ന പരമ്പരയാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി 9-11 വയസ്സ് മുതൽ ലൈംഗിക വിദ്യാഭ്യാസത്തിന് ഔപചാരികമായ ആമുഖം ആരംഭിച്ചിട്ടുണ്ട്. ഈ പ്രായമാണ് കുട്ടികളിൽ പ്രായപൂർത്തിയാകുന്നതിന്റെ ആരംഭം കുറിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശാരീരിക രൂപത്തിലുള്ള മാറ്റങ്ങൾ, ആർത്തവത്തിൻറെ ആരംഭം, പെട്ടെന്നുണ്ടാകുന്ന വളർച്ച, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്. ഈ മാറ്റങ്ങളുടെ സ്വാഭാവികത മനസ്സിലാക്കാൻ ഔപചാരിക മാർഗനിർദേശം അവരെ സഹായിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം, ചർച്ചകൾ സംവേദനാത്മകമോ തുറന്നതോ ആയിരിക്കില്ല. പക്ഷേ, ഈ ക്ലാസുകൾ അവരുടെ സമപ്രായക്കാരുമായും അധ്യാപകരുമായും ലൈംഗികത, ലൈംഗികാവയവം, സുരക്ഷിത ലൈംഗികത, ലൈംഗികമായി പകരുന്ന അണുബാധകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ അവർക്ക് ഒരു വേദി നൽകുന്നു.

കുട്ടികൾക്ക് നേരത്തെ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്ക് അതിനനുസരിച്ചുള്ള കാര്യങ്ങൾ വേണം പറഞ്ഞുകൊടുക്കാൻ.

2 4 വയസ്സ് പ്രായമുള്ള കുട്ടികളെപ്പോലുള്ള പ്രീ-സ്‌കൂൾ കുട്ടികളെ അവരുടെ ശരീരഭാഗങ്ങൾ അറിയാനും സ്വകാര്യത മനസ്സിലാക്കാനും നല്ല സ്പർശനവും ഇഷ്ടപ്പെടാത്ത സ്പർശനവും തമ്മിലുള്ള വ്യത്യാസം അറിയാനും പ്രോത്സാഹിപ്പിക്കണം. ഇത് അവരിൽ ബന്ധങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഒരു ധാരണ വളർത്തിയെടുക്കുന്നു.

അതേസമയം, 9-11 വയസ് പ്രായമുള്ള കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ, സുരക്ഷിതമായ ലൈംഗികത, ലൈംഗികമായി പകരുന്ന രോഗങ്ങൾ, ആരോഗ്യകരമായ ബന്ധങ്ങൾ, നിർബന്ധിച്ചുള്ള ലൈംഗിക ബന്ധം, സമ്മതത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഉപദേശിക്കണം.

സ്‌മാർട്ട്‌ഫോണുകളുടെ ദുരുപയോഗം, നിർബന്ധിച്ചുള്ള ലൈംഗിക ബന്ധം, ലൈംഗിക ബന്ധത്തിൽ സമ്മതത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ആമസോൺ പ്രൈം സീരീസായ ‘മേഡ് ഇൻ ഹെവൻ സീസൺ 2’ എടുത്തുകാണിക്കുന്നു. ഭീഷണിപ്പെടുത്തലും സെക്‌സ്റ്റിംഗും ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സുരക്ഷ ചർച്ചചെയ്യണം. പോൺ, സൈബർ ഭീഷണി, സെക്‌സ്‌റ്റിംഗ്, സമപ്രായക്കാരുടെ നിർബന്ധിച്ചുള്ള ലൈംഗിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതും ലൈംഗികതയെ പോസിറ്റീവായി സമീപിക്കാൻ പഠിപ്പിക്കുന്നതും കുട്ടികളെ ആരോഗ്യമുള്ള മുതിർന്നവരാകാൻ സഹായിക്കും.

Content Summary: Mistakes that can happen in the personal life of individuals also lead to life-shattering situations. Lack of adequate knowledge about sex and sexuality can seriously affect married life and personal life.