എന്താണ് പ്രമേഹം? കാരണങ്ങൾ, ലക്ഷണങ്ങൾ; അറിയേണ്ടതെല്ലാം

ഒരാളുടെ രക്തത്തിലെ ഗ്ലൂക്കോസ് അഥവാ രക്തത്തിലെ പഞ്ചസാര വളരെ ഉയർന്ന നിലയിലാകുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്. ഒരു മനുഷ്യന്‍റെ ഊർജ്ജത്തിന്റെ പ്രധാന ഉറവിടമാണ് രക്തത്തിലെ ഗ്ലൂക്കോസ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഗ്ലൂക്കോസ് ലഭിക്കുന്നത്. പാൻക്രിയാസ് നിർമ്മിക്കുന്ന ഹോർമോണായ ഇൻസുലിൻ, ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. ചിലപ്പോൾ ശരീരം വേണ്ടത്ര ഇൻസുലിൻ ഉണ്ടാക്കുന്നില്ല അല്ലെങ്കിൽ ഇൻസുലിൻ നന്നായി ഉപയോഗിക്കുന്നില്ല. ഈ ഘട്ടത്തിൽ ഗ്ലൂക്കോസ് രക്തത്തിൽ അടിയുകയും കോശങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നു. കാലക്രമേണ, രക്തത്തിൽ അമിതമാകുന്ന ഗ്ലൂക്കോസ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഇത്തരമൊരു അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്. 

ആധുനികവൈദ്യശാസ്ത്രത്തിന്‍റെ നിഗമനം അനുസരിച്ച്, പ്രമേഹം പൂർണമായി ചികിത്സിച്ച് മാറ്റാനാകില്ല. എന്നാൽ ജീവിതചര്യകളിലൂടെയും മരുന്ന് ഉപയോഗിച്ചും അതിന് പൂർണമായി നിയന്ത്രിക്കാനും, അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി ചികിത്സിക്കാനും സാധിക്കും. 

പ്രമേഹം വിവിധതരം

ടൈപ്പ് 1 പ്രമേഹം

നമ്മുടെ ശരീരം ഇൻസുലിൻ ഉൽപാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസിലെ കോശങ്ങളെ നശിപ്പിക്കുന്നതിലൂടെയാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. ടൈപ്പ് 1 പ്രമേഹം സാധാരണയായി കുട്ടികളിലും യുവാക്കളിലും തുടങ്ങി ഏത് പ്രായക്കാരിലും ഉണ്ടാകാം. ടൈപ്പ് 1 പ്രമേഹം ഉള്ളവർ ദിവസവും ഇൻസുലിൻ എടുക്കണം. 

ടൈപ്പ് 2 പ്രമേഹം

ശരീരം നല്ല രീതിയിൽ ഇൻസുലിൻ ഉൽപാദിപ്പിക്കാത്തതും, ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ആവശ്യമായ തോതിൽ ഉപയോഗിക്കാത്തതുമായ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഏത് പ്രായത്തിലുമുള്ളവർക്ക് ടൈപ്പ് 2 പ്രമേഹം പിടിപെടാം. എന്നാൽ ടൈപ്പ് 2 പ്രമേഹം കൂടുതലും കാണപ്പെടുന്നത് മധ്യവയസ്കരിലും പ്രായമായവരിലുമാണ്. നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്നതും ഈ വിഭാഗത്തിലുള്ള പ്രമേഹമാണ്. 

ഗർഭകാല പ്രമേഹം

ഗർഭകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രമേഹമാണിത്. കൂടുതൽ പേരിലും പ്രസവത്തിനുശേഷം ഇത് അപ്രത്യക്ഷമാകും. ഗർഭകാല പ്രമേഹം പ്രസവശേഷം ടൈപ്പ് 2 പ്രമേഹം പിടിപെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും. ചില സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹമായിരിക്കും ഗർഭകാല പ്രമേഹമായി കാണപ്പെടുന്നത്. 

ടൈപ്പ്- 2 പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

ചിലരിലെങ്കിലും പ്രകടമായ രോഗലക്ഷങ്ങളില്ലാതെ ടൈപ്പ് 2 പ്രമേഹം ഉള്ളത് അറിയപ്പെടാതെ പോകുന്നുണ്ട്. എന്നിരുന്നാലും ടൈപ്പ് 2 പ്രമേഹത്തിന്‍റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്

– രാത്രി സമയങ്ങളിൽ ഉൾപ്പടെ പതിവിലേറെ മൂത്രമൊഴിക്കുന്നത്

– എല്ലായ്പ്പോഴും ദാഹവും ക്ഷീണവും അനുഭവപ്പെടുന്നത്

– എപ്പോഴും വിശപ്പ് അനുഭവപ്പെടുന്നത്

– അകാരണമായി ശരീരഭാരം കുറയുന്നത്

– ജനനേന്ദ്രിയത്തിന് ചുറ്റും ചൊറിച്ചിലും തിണിർപ്പും ഉണ്ടാകുന്നത്

– മുറിവുകൾ ഭേദമാകാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നത്

– ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ

– ഛർദ്ദിയും വയറിളക്കവും

– കാഴ്ച കുറയുന്നത്

ടൈപ്പ് – പ്രമേഹം പിടിപെടാൻ സാധ്യതയുള്ളവർ

ലോകത്ത് 40 വയസ് പിന്നിട്ട നാലിലൊന്ന് പേരും പ്രമേഹബാധിതരാണ്. എന്നിരുന്നാലും ഈ അസുഖം പിടിപെടാൻ സാധ്യത കൂടുതലുള്ളവർ താഴെ പറയുന്ന വിഭാഗമാണ്. 

– കേരളം ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ ഭാഗങ്ങളിലുള്ളവർക്ക് 25 വയസിന് മുകളിൽ പ്രായമുള്ള ഏതൊരാളിലും ടൈപ്പ് 2 പ്രമേഹം പിടിപെടാം. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലുള്ളവർക്ക് യൂറോപ്യൻമാരെയും വടക്കേ അമേരിക്കക്കാരെയും അപേക്ഷിച്ച് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

– അസാധാരണമായി കുട്ടികൾ ഉൾപ്പടെ ചെറുപ്രായമുള്ളവരിലും ഉണ്ടാകാം

– പാരമ്പര്യമായി ഉണ്ടാകാം, പ്രമേഹമുള്ള ഒരു അടുത്ത ബന്ധു ഉണ്ടായിരിക്കുക (മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ സഹോദരി പോലുള്ളവ)

– അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവർ 

– അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നവർ

– വ്യായാമവും മറ്റ് ശാരീരികപ്രവർത്തികളിലും ഏർപ്പെടാത്തവർ(നിഷ്ക്രിയമായിരിക്കുന്നവർ)

– ഉയർന്ന രക്തസമ്മർദ്ദമുള്ളവർ

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾക്ക് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർദേശിക്കപ്പെടുന്ന അളവിൽ നിലനിർത്താൻ ശ്രദ്ധിക്കണം. ഇതിനായി ആരോഗ്യകരമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും മാസത്തിൽ ഒന്നോ രണ്ടോ തവണ രക്തപരിശോധന നടത്തുകയും വേണം.

ശരീരത്തിന്‍റെ ഉയരം, ഭാരം എന്നിവ അടിസ്ഥാനമാക്കിയുള്ള ബിഎംഐ എന്ന ഹെൽത്തി കാൽക്കുലേറ്ററിലൂടെ സ്വയം പരിശോധന നടത്താം. ഇതിലൂടെ നിങ്ങളുടെ ഉയരത്തിനും പ്രായത്തിനും അനുയോജ്യമായ ശരീരഭാരം നിലനിർത്താൻ കഴിയണം. 

ടൈപ്പ് 1 പ്രമേഹം ഉള്ളവർ ജീവിതകാലം മുഴുവൻ പതിവായി ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുക്കണം. 

ടൈപ്പ് 2 പ്രമേഹം ഭക്ഷണവും ഗുളികയും ഉപയോഗിച്ച് നിയന്ത്രിക്കാനാകും. 

പ്രമേഹം കാരണമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

പ്രമേഹം അനിയന്ത്രിതമാകുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. സ്ട്രോക്ക്, ഹൃദ്രോഗം, കാഴ്ചശക്തി കുറയുക(ഡയബറ്റിക് റെറ്റിനോപ്പതി), വൃക്ക തകരാർ, മുറിവുകളിലൂടെയുള്ള അണുബാധ. 

കാഴ്ചക്കുറവ്- ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹമുള്ളവർക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ നേത്ര പരിശോധന നിർബന്ധമാക്കണം. 30 മിനിട്ട് നീളുന്ന പരിശോധനയിലൂടെ ഡയബറ്റിക് റെറ്റിനോപ്പതി മുൻകൂട്ടി കണ്ടെത്തുകയും ഫലപ്രദമായ ചികിത്സ സ്വീകരിക്കുകയും ചെയ്യാം. 

ഹൃദ്രോഗം

പ്രമേഹം ഹൃദ്രോഗത്തിന് കാരണമാകുന്നില്ല. എന്നാൽ പ്രമേഹരോഗികൾക്ക് ഹൃദ്രോഗമുണ്ടായാൽ അപകടസാധ്യത കൂടുതലാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്കൊപ്പം പ്രമേഹവും ഹൃദ്രോഗത്തിനും കൊറോണറി ആർട്ടറി രോഗത്തിനും(ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രശ്നം) ഇടയാക്കുന്നു. 

വൃക്ക രോഗം- ഡയബറ്റിക് നെഫ്രോപ്പതി

പ്രമേഹം മൂലം വൃക്കകളിലെയ ചെറു രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നില സന്തുലിതമായി തുടരാത്തതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കപ്പെടുന്നത്. ഇത് വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതിനും പൂർണമായും നിലയ്ക്കുന്നതിനും കാരണമാകുന്നു. ഇത്തരക്കാരിൽ ഡയാലിസിസ് ചികിത്സ ആവശ്യമായി വരും. മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹക്കാരിൽ വൃക്കരോഗത്തിനുള്ള സാധ്യത കൂടുതലായിരിക്കും. 

മസ്തിഷ്ക്കാഘാതം- സ്ട്രോക്ക്

രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് കൂടുന്നതും കുറയുന്നതും മസ്തിഷക്കത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും, ഇത് സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം ഉണ്ടാകുന്നതിനും കാരണമാകും. പ്രമേഹ രോഗികളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും

നാഡീരോഗം- ഡയബറ്റിക് ന്യൂറോപ്പതി

പ്രമേഹത്തിനൊപ്പം രക്തസമ്മർദ്ദവും ഒരുമിച്ച് വരുന്നത് നാഡിഞരമ്പുകളെ തകരാറിലാക്കും. പ്രത്യേകിച്ച് നാഡി ഞരമ്പുകളുടെ അഗ്രഭാഗങ്ങളിൽ(കാൽപാദങ്ങൾ, കൈവിരലുകൾ, ലിംഗം) തകരാറുണ്ടാക്കും. ഇത്തരത്തിൽ നാഡി ഞരമ്പുകൾക്ക് ഉണ്ടാകുന്ന നാശത്തെ പെരിഫറൽ ന്യൂറോപ്പതിയെന്ന് വിളിക്കുന്നു. ഇതുകാരണം ശരീരഭാഗങ്ങളിൽ വേദന, ഇക്കിളി, സ്പർശം എന്നിവ അനുഭവപ്പെടാത്തതും ലിംഗ ഉദ്ദാരണമില്ലാത്തതും ദഹനമില്ലാത്തതുമായ അവസ്ഥ ഉണ്ടാകുന്നു. വേദന അറിയാതെപോകുന്നത് ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്നു. പ്രധാനമായും കാൽപ്പാദങ്ങളിലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഒടുവിൽ കാൽ മുറിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എന്നാൽ കൃത്യമായി പ്രമേഹം നിയന്ത്രിക്കുകയും, പാദപരിശോധന നടത്തിയും ഇത് ഒഴിവാക്കാനാകും. 

ലോ ഷുഗർ- അഥവാ ഹൈപ്പോഗ്ലൈസീമിയ

ചില പ്രമേഹ മരുന്നുകൾ ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ ഹൈപ്പോസ് എന്നറിയപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ കുറവിന് കാരണമാകും. നിങ്ങൾ ഹൈപ്പോസിന് കാരണമാകുന്ന മരുന്ന് കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പതിവായി പരിശോധിക്കാൻ ഡോക്ടർ നിർദ്ദേശിക്കും. ഗ്ലൂക്കോസ് മോണിറ്റർ ടെസ്റ്റിങ് കിറ്റ് വഴി വീട്ടിൽവെച്ച് തന്നെ പ്രമേഹം പരിശോധിക്കാൻ സാധിക്കും. ദിവസത്തിൽ രണ്ടുതവണയെങ്കിലും ഇൻസുലിൻ എടുക്കുകയും പതിവായി പ്രമേഹത്തിനുള്ള ഗുളികൾ കഴിക്കുന്നവർ കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാര കുറയുന്നതും സ്ട്രോക്ക് പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. 

എങ്ങനെ പ്രമേഹം നിയന്ത്രിക്കാം?

ടൈപ്പ് 1 പ്രമേഹം ഉള്ളവർ ദിവസവും ഡോക്ടർ നിർദേശിക്കുന്ന അളവിൽ ഇൻസുലിൻ എടുക്കേണ്ടതുണ്ട്. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണശൈലിയും വ്യായാമം ഉൾപ്പടെയുള്ള ജീവിതചര്യകളും പിന്തുടരണം. എന്നാൽ ടൈപ്പ് 2 പ്രമേഹമുള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗാവസ്ഥ നിയന്ത്രിച്ചുനിർത്താനാകും. 

ആരോഗ്യകരമായ ഭക്ഷണശൈലി

ടൈപ്പ്-2 പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ലാത്തതായി ഒന്നുമില്ല. എന്നാൽ എല്ലാത്തിനും നിയന്ത്രണം ആവശ്യമാണ്. 

  • പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി കഴിക്കുക
  • പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുക
  • പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും മുടക്കരുത്
  • വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
  • പകൽ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക
  • ശാരീരിക വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങൾ ആഴ്ചയിൽ 2.5 മണിക്കൂറെങ്കിലും വ്യായാമത്തിനോ മറ്റ് ശാരീരികപ്രവർത്തനങ്ങൾക്കോ വേണ്ടി മാറ്റിവെക്കണം. ജോഗിങ്, നടത്തം, ഓട്ടം, പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക, വീട്ടുജോലികൾ എന്നിവയൊക്കെ ചെയ്യുന്നതാണ് നല്ലത്. 

ആരോഗ്യകരമായ ഭക്ഷണശീലവും മുടക്കാതെയുള്ള വ്യായമവും ദിവസവും കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുന്നതും പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. ഇതുവഴി ശരീരഭാരം അമിതമായി വർദ്ധിക്കുന്നതും പൊണ്ണത്തടിയും ഒഴിവാക്കാനാകും.