ഗർഭകാലം മധുരമേറുന്ന ഓർമകളാക്കി മാറ്റാം; ‘ഹാപ്പി മോം’ കോട്ടയം പഞ്ചായത്ത്

ഗർഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായ വികാരങ്ങളുടെ സമയമാണ്. ഒരേസമയം സന്തോഷവും സമ്മർദ്ദവും ആശങ്കകളുമൊക്കെ നിറഞ്ഞതായിരിക്കും ഓരോ ഗർഭണികളുടെയും മാനസികാവസ്ഥ. എന്നാൽ ഗർഭകാലത്തെ മധുരമേറുന്ന ഓർമകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂരിലെ കോട്ടയം ഗ്രാമപഞ്ചായത്ത്. ഗർഭാവസ്ഥയിലും പ്രസവാനന്തരവും സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക , മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 

ഹാപ്പി മോം

ഗർഭകാലത്ത് ഉണ്ടാകുന്ന മാനസികമ്മർദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. ആശങ്കകൾ പരിഹരിക്കുക എന്നിവയും ഹാപ്പി മോം പദ്ധയുടെ ലക്ഷ്യമാണ്. ഗർഭാനന്തര വിഷാദം അനുഭവിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, അമ്മമാരായ സ്ത്രീകളുടെ കുടുംബങ്ങളെയും വിഷാദത്തെക്കുറിച്ച് ബോധവാന്മാരാക്കുക, മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യങ്ങളാണ്. ഹാപ്പി മോം പദ്ധതി  പ്രകാരം ഗൈനക്കോളജിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. മാനസിക സംഘർഷങ്ങളുൾപ്പെടെ പരിഹരിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാൻ പദ്ധതി സഹായിക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ. 

പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ അഞ്ചുമാസം ഗർഭിണികളായ 20 പേരെ സർവ്വേയിലൂടെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ പ്രസവിച്ച് രണ്ടുമാസമാകുന്നതുവരെ യോഗ ക്ലാസ്, വ്യായാമ മുറകൾ, പോഷക ഭക്ഷണ രീതി പരിചയപ്പെടുത്തൽ, പങ്കാളിക്കും കുടുംബാംഗങ്ങൾക്കുമുള്ള അവബോധ ക്ലാസുകൾ, കൗൺസലിംഗ്, സിനിമ പ്രദർശനം, ഗർഭാനന്തര വിഷാദമുള്ളവർക്ക് വിദഗ്ധ ചികിത്സ, ഗൃഹ സന്ദർശനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിക്കുന്നുണ്ട്. കൃത്യമായ ബോധവൽക്കരണവും മാർഗനിർദേശങ്ങളും നൽകിയാൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി രാജീവൻ പറഞ്ഞു.