ഹലാൽ ഭക്ഷണം ആരോഗ്യത്തിന് നല്ലതാണോ?

ഇസ്ലാമിക വിശ്വാസം നിഷ്കർഷിക്കുന്ന ഭക്ഷണ നിയമസംഹിതയാണ് ഹലാൽ ഭക്ഷണം. ഇസ്ലാമികവിശ്വാസം അനുസരിച്ച് ഒരു ഭക്ഷ്യവസ്തു നിയമപരമോ അനുവദനീയമോ ആയതായിരിക്കും ഹലാൽ ഭക്ഷണം. ഇനി ഇസ്ലാമികവിശ്വാസം അനുസരിച്ച് അനുവദനീയമല്ലാത്ത ഭക്ഷണത്തെ ഹറാം എന്നാണ് കണക്കാക്കുന്നത്.  

എന്താണ് ഹലാൽ ഭക്ഷണം

ഹലാൽ ഭക്ഷണം എന്നത് ആഹാരകാര്യത്തിൽ നിയന്ത്രണം മാത്രമല്ല, മറിച്ച് മൃഗങ്ങളോടും പക്ഷികളോടുമുള്ള പെരുമാറ്റം കൂടിയാണ്. ഭക്ഷണത്തിനായി ഒരു മൃഗത്തെ അല്ലെങ്കിൽ പക്ഷിയെ എങ്ങനെ അറുക്കണമെന്നതും പ്രത്യേകമായി നിഷ്കർഷിക്കുന്നുണ്ട്. മൃഗത്തെ ബലിയർപ്പിക്കുന്നതിനാൽ മൃഗത്തിന് ഏറ്റവും കുറഞ്ഞ കഷ്ടപ്പാടും അറുക്കുമ്പോൾ ദൈവ നാമം ഉച്ചരിക്കുകയും(ബിസ്മി ചൊല്ലുക) വേണം. 

ഹലാലിന്റെ നിർവചനം ഖുർആനിൽ നിന്നാണ് വരുന്നത്, അത് ഹലാലും ഹറാമും എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് പദങ്ങളെയും വിവരിക്കുന്ന വാക്യങ്ങൾ പലപ്പോഴും അവ്യക്തമാണ്. ഇതുകാരണം, പല മുസ്ലീം പണ്ഡിതന്മാരും നേതാക്കളും ഹലാലും ഹറാമും എന്താണെന്ന് വ്യക്തമാക്കുന്നതിന് മുഹമ്മദ് നബിയുടെ വാക്യങ്ങൾ ഉപയോഗിക്കുന്നത്. 

മതസൌഹാർദ്ദം ഉൾക്കൊള്ളുന്ന സംസ്ക്കാരമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഹലാൽ ഭക്ഷണത്തെക്കുറിച്ച് മനസിലാക്കുന്നതും അത് മെനുവിൽ ഉൾപ്പെടുത്തുന്നതും മതപരമായ ആചാരങ്ങളെയും സംസ്കാരത്തെയും കുറിച്ചുള്ള വ്യക്തിഗത കാഴ്ചപ്പാടുകൾ പരിഗണിക്കുന്നതിൽ ഏറെ പ്രധാനമാണ്. മുസ്ലീങ്ങളായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയൽക്കാർക്കുമായി വിരുന്ന് ഒരുക്കുമ്പോൾ ഹലാൽ ഭക്ഷണം തയ്യാറാക്കുന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മുസ്ലീങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം, ലഘുഭക്ഷണം എന്നിവ തയ്യാറാക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 

ഹലാൽ-ഹറാം നിയമങ്ങളിൽ ദേശപരമായി ചില വ്യത്യാസങ്ങളുണ്ട്. എന്നാൽ ഭൂരിഭാഗം മുസ്ലീങ്ങളും മദ്യം അടിസ്ഥാനമാക്കിയുള്ള ചില സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗവും മറ്റുചിലർ പന്നിക്കൊഴുപ്പ് ഉപയോഗിച്ചുള്ള വസ്തുക്കളും ഹറാമായി കണക്കാക്കുന്നുണ്ട്.  

എന്തൊക്കെയാണ് ഹലാൽ? എന്തൊക്കെയാണ് ഹറാം?

ഹറാം ഭക്ഷണങ്ങളിൽ പന്നിയിറച്ചിയും ഇരയാക്കപ്പെടുന്ന മൃഗങ്ങളും ഉൾപ്പെടുന്നു, അതിനാൽ കൊമ്പുകളോ നഖങ്ങളോ ഉപയോഗിച്ച് വേട്ടയാടുന്ന ഏതൊരു മൃഗവും ഹറാമാണ്. മദ്യവും ഹറാമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇവയുടെയൊക്കെ ഉപഭോഗം ഇസ്ലാമിൽ നിരോധിച്ചിരിക്കുന്നു. മാംസം അറുക്കുന്നത് ഇസ്ലാമികമായ രീതിയിൽ വേണമെന്നതാണ് ഹലാൽ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹറാമായ സ്രോതസ്സുകളിൽ നിന്നുള്ള ചേരുവകളില്ലാത്തതാകണം ഹലാൽ ഭക്ഷണം. ഹറാം പദാർത്ഥങ്ങളാൽ മലിനീകരിക്കപ്പെടാത്ത പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുവേണം ഹലാൽ ഭക്ഷണം തയ്യാറാക്കേണ്ടതും, വിളമ്പേണ്ടതും.