ഓട്ടിസം രോഗികളിൽ സ്റ്റെം സെൽ തെറാപ്പി നിരോധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ

ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (എഎസ്‌ഡി) ഉള്ള രോഗികളെ ചികിത്സിക്കുന്നതിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നില്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. അതിന്റെ പ്രചാരണവും പരസ്യവും പ്രൊഫഷണൽ ദുരാചാരമായി കണക്കാക്കുമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അറിയിച്ചു.

നിരവധി രക്ഷിതാക്കളും ഡോക്ടർമാരും പരാതിപെട്ടതിനെ തുടർന്നാണ് നടപടി. ഓട്ടിസത്തിന് പ്രതിവിധിയായി സ്റ്റെം സെൽ തെറാപ്പി നിർദേശിക്കുന്ന പരസ്യങ്ങളും സ്ഥാപനങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണിത്. ഇത്തരം ചികിത്സയെ പരിശോധിക്കാൻ എൻഎംസിയുടെ എത്തിക്‌സ് ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വർഷങ്ങളായി രോഗികളെ വലിക്കുന്ന ഈ ചികിത്സാരീതി യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്തതാണ്.

ഓട്ടിസം പെട്ടെന്ന് മാറ്റിയെടുക്കാവുന്ന അവസ്ഥയല്ല. സമയമെടുത്തേ ചികിത്സയുടെ ഫലങ്ങൾ കണ്ടുതുടങ്ങൂ. സ്റ്റെം സെൽ തെറാപ്പി വാഗ്‌ദാനം ചെയ്യുന്നവർ ഈ സാഹചര്യം മുതലെടുക്കുകയാണ്. ചികിത്സ ചെയ്ത് നിരാശരായ രക്ഷിതാക്കൾ ഇത്തരം ചതിക്കുഴികളിൽ ചെന്ന് പെടുന്നത് പതിവാണ്.

പല രക്ഷിതാക്കളും ചികിത്സ പാതിവഴിയിൽ ഉപേക്ഷിച്ച് സ്റ്റെം സെൽ തെറാപ്പിക്ക് പിറകെ പോകും. മൂന്നും നാലും ലക്ഷങ്ങൾ ചെലവാകുന്ന ഓരോ തെറാപ്പിയും കഴിഞ്ഞ് പുരോഗതിയില്ലെന്ന് കണ്ട് വീണ്ടും പഴയ ചികിത്സയിലേക്ക് മടങ്ങിവരും. ഇത് രോഗം കുറയാൻ വീണ്ടും കാലതാമസമുണ്ടാക്കുന്നു.

ഇക്കാര്യത്തിൽ നടപടിയെടുക്കാൻ എല്ലാ സർക്കാർ അധികാരികൾക്കും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ ന്യൂറോ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ചാപ്റ്ററും നിർദേശമയച്ചിരുന്നു.

സ്റ്റെം സെൽ തെറാപ്പി

നമ്മുടെ ശരീരത്തിൽ കാണുന്ന വിവിധ കോശങ്ങളിൽ ഒന്നാണ് സ്റ്റെം സെൽ. മറ്റ് കോശങ്ങളായി രൂപാന്തരം പ്രാപിക്കാൻ സാധിക്കുന്നു എന്നത് സ്റ്റെം സെല്ലിന്റെ മാത്രം പ്രത്യേകതയാണ്. കേടായ കോശങ്ങൾ പുനഃസ്ഥാപിക്കാൻ രോഗികളിൽ സ്റ്റെം സെൽ കുത്തിവെക്കുന്നു. രക്താർബുദം, പൊള്ളൽ, കോർണിയ ചികിത്സ തുടങ്ങിയ ചികിത്സകളിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഓട്ടിസത്തിന് സ്റ്റെം സെൽ തെറാപ്പി നിർദേശിക്കാറില്ല.


ഓട്ടിസത്തിന് സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത്തരം ചികിത്സക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയും ഇല്ല. ഏതെങ്കിലും മെഡിക്കൽ സെന്ററുകൾ സ്റ്റെം സെൽ തെറാപ്പിയെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെങ്കിൽ അവർ രോഗികളിൽ നിന്ന് പണം ഈടാക്കരുത് എന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിക്കുന്നു.

തെറാപ്പിക്ക് ശേഷം ഓട്ടിസം രോഗിയിൽ പ്രകോപനവും ആക്രമണോത്സുകതയും വർദ്ധിക്കുന്നതായി പല സൈക്ക്യാട്രിസ്റ്റുകളും നിരീക്ഷിച്ചിട്ടുണ്ട്.