2022 ഡിസംബർ 18, ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിന്‍റെ കരുത്തിനെ അതിജീവിച്ച് അർജന്‍റീന ഫുട്ബോളിലെ ലോകചാംപ്യൻമാരായ ദിവസം. ഇതിന് ഒരു വർഷവും മൂന്നു ദിവസവും മുമ്പാണ് അർജന്‍റീനയുടെ സൂപ്പർതാരം സെർജിയോ അഗ്യൂറോ കണ്ണുനീരോടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 33 വയസ് മാത്രമായിരുന്നു അപ്പോൾ അഗ്യൂറോയുടെ പ്രായം! കരിയറിലെ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഗ്യൂറോയ്ക്ക് വിരമിക്കേണ്ടി വന്നത്.
വിഖ്യാതതാരം ഡീഗോ മറഡോണയുടെ മകളുടെ ഭർത്താവ് കൂടിയായ അഗ്യൂറോയ്ക്ക് ഹൃദയസംബന്ധമായ കാർഡിയാക് അരിത്മിയ എന്ന രോഗം കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന് ഫുട്ബോൾ അവസാനിപ്പിക്കേണ്ടിവന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരുന്ന അഗ്യൂറോ ഉറപ്പായും ഖത്തർ ലോകകപ്പിൽ അർജന്‍റീനൻ മുന്നേറ്റനിരയുടെ കുന്തമുനയാകേണ്ടിയിരുന്ന താരമായിരുന്നു. അർജന്‍റീനയ്ക്കുവേണ്ടി 41 ഗോളുകൾ നേടിയ അഗ്യൂറോ, അവരുടെ 2008 ലെ ഒളിമ്പിക് സ്വർണ്ണ മെഡൽ നേട്ടത്തിലും 2021 ലെ കോപ്പ അമേരിക്ക കിരീടനേട്ടത്തിലും നിർണായക പങ്ക് വഹിച്ച താരമായിരുന്നു. എന്നാൽ ഇടയ്ക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്ന അഗ്യൂറോയ്ക്ക് വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടുന്ന കാർഡിയാക് അരിത്മിയ എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയത്. ജീവന് ഭീഷണിയല്ലെങ്കിലും, ഫുട്ബോൾ കളി തുടരാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് അഗ്യൂറോ തന്‍റെ ഫുട്ബോൾ കരിയർ പൂർണമാക്കാതെ ഫുൾ സ്റ്റോപ്പിട്ടത്. “പ്രതീക്ഷ നിലനിർത്താൻ സാധ്യമായതെല്ലാം ഞാൻ ചെയ്തു, പക്ഷേ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല,” 2021 ഡിസംബർ 15-ന് ബാഴ്സലോണ ക്ലബിന്‍റെ ആസ്ഥാനമായ ക്യാമ്പ് നൗവിൽ അദ്ദേഹം പറഞ്ഞു. “എന്റെ കരിയറിൽ ഞാൻ വളരെ അഭിമാനിക്കുന്നു, വളരെ സന്തോഷമുണ്ട്.”- ബാഴ്സലോണയിൽനിന്ന് ലോൺ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അഗ്യൂറോ കണ്ണൂനീരോടെ പറഞ്ഞു.
എന്താണ് കാർഡിയാക് അരിത്മിയ?
നമ്മുടെ ഹൃദയമിടിപ്പിനെ ഏകോപിപ്പിക്കുന്നത് ഇലക്ട്രികായാണ്. ഇത് ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ഹൃദയമിടിപ്പിൽ വ്യതിയാനങ്ങളുണ്ടാകുന്നു. ക്രമരഹിതമായ ഹൃദയമിടിപ്പിനെയാണ് കാർഡിയാക് അരിത്മിയ എന്ന് പറയുന്നത്. ഇത് രണ്ട് രീതിയിലുണ്ട്. ഒന്നാമത്തേത് വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഇതിനിടെ ടാക്കികാർഡിയ അരിത്മിയ എന്ന് വിളിക്കുന്നു. രണ്ടാമത്തേത് വളരെ സാവധാനത്തിലുള്ള ഹൃദയമിടിപ്പ്. ഇതിനെ ബ്രാഡികാർഡിയ അരിത്മിയ എന്ന് വിളിക്കുന്നു. സാധാരണ പ്രായമായവരിലാണ് മന്ദഗതിയിലുള്ള ഹൃദയമിടിപ്പ് കാണപ്പെടുന്നു. ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളുടെ ഭാഗമായാണ് കാർഡിയാക് അരിത്മിയ കാണപ്പെടുന്നത്. രോഗാവസ്ഥ തിരിച്ചറിഞ്ഞാൽ എത്രയും വേഗം വിദഗ്ദ്ധ ചികിത്സ തേടേണ്ടതുണ്ട്.
കാരണങ്ങൾ?
ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗങ്ങൾ ഉള്ളവരിലാണ് കാർഡിയാക് അരിത്മിയ കൂടുതലായി കണ്ടുവരുന്നത്. ഇത് കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ജനിതകവൈകല്യം, തൈറോയ്ഡ്, പുകവലി, കൊറോണറി ആർട്ടറി രോഗം, കോവിഡ് ഇൻഫെക്ഷൻ, അമിതമായ മദ്യപാനം, കാപ്പി, വൈൻ, ഡാർക്ക് ചോക്ലേറ്റ് എന്നിവ ധാരാളമായി ഉപയോഗിക്കുന്നത് തുടങ്ങിയവയും കാർഡിയാക് അരിത്മിയയ്ക്ക് കാരണമാകും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന കിതപ്പ്, നെഞ്ചിൽ ഭാരം അനുഭവപ്പെടുക, നെഞ്ച് വേദന, നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുക എന്നിവയൊക്കെ കാർഡിയാക് അരിത്മിയയുടെ ലക്ഷണമാണ്.
കൂടാതെ ശ്വാസംമുട്ടൽ, ക്ഷീണം, തലയ്ക്ക് ഭാരമില്ലാത്തതുപോലെ തോന്നുക, തലക്കറക്കം, ഓർക്കാനം, ബോധക്ഷയം എന്നിവയും അരിത്മിയയുടെ ലക്ഷണങ്ങളാണ്. ഹാർട്ട് അറ്റാക്കാണോയെന്ന് സംശയം തോന്നുംവിധമാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. ചില ഘട്ടത്തിലെങ്കിലും പെട്ടെന്നുള്ള ഹൃദയാഘാത ലക്ഷണമായി അരിത്മിയ അനുഭവപ്പെടാം. ചിലരിൽ ഒരു ലക്ഷണവുമില്ലാതെ അരിത്മിയ ഉണ്ടായിരിക്കാം. ഇത്തരക്കാരിൽ പതിവ് പരിശോധനകൾക്കിടെയായിരിക്കും(ഇസിജി, എക്കോ, ടിഎംടി, രക്തപരിശോധന) കാർഡിയാക് അരിത്മിയ ഉള്ള കാര്യം തിരിച്ചറിയുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ രൂക്ഷമായോ നീണ്ടുനിൽക്കുന്നതായോ തോന്നുകയാണെങ്കിൽ വൈദ്യസഹായം തേടാൻ വൈകരുത്.