എന്താണ് ആസ്തമ? ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം

ശ്വാസകോശത്തെ ബാധിക്കുന്നതും ഏറെക്കാലമായി തുടരുന്നതുമായ ആരോഗ്യപ്രശ്നമാണ് ആസ്തമ. ഒരാളുടെ ശ്വാസനാളങ്ങൾ ഇടുങ്ങുകയും വീർക്കുന്നതുമായ അവസ്ഥയാണ് ആസ്ത്മ. ഇത് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കുകയും ചുമ, ശ്വസിക്കുമ്പോൾ ഒരു വിസിൽ ശബ്ദം (വീസിംഗ്), ശ്വാസം മുട്ടൽ എന്നിവയ്ക്ക് ഇടയാക്കുകയും ചെയ്യും. ചിലരിൽ അധികം ബുദ്ധിമുട്ട് ഉണ്ടാക്കില്ലെങ്കിലും മറ്റുചിലരിൽ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിലും ചില ഘട്ടങ്ങളിൽ ജീവൻ അപകടത്തിലാക്കുന്ന രീതിയിലേക്കും ആസ്ത്മ മാറും. 

ആസ്ത്മ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാൽ അതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളെ നിയന്ത്രിച്ച് ആശ്വാസം കണ്ടെത്താനും ദൈനംദിന ജീവിതവുമായി മുന്നോട്ടുപോകാൻ സാധിക്കും. ഒരു ഡോക്ടറുടെ നിർദേശാനുസരണം തുടർ ചികിത്സ ചെയ്യുകയാണ് ആസ്ത്മ രോഗി പിന്തുടരേണ്ട പ്രധാന കാര്യം. 

ആസ്ത്മ എങ്ങനെ അനുഭവപ്പെടുന്നു?

ശ്വസനനാളിയിലെ വീക്കം, അവിടെ പറ്റിപിടിച്ചിരിക്കുന്ന സ്രവങ്ങൾ എന്നിവയാണ് ശ്വാസോച്ഛാസത്തെ തടസപ്പെടുത്തി ആസ്തമയ്ക്ക് കാരണമാകുന്നത്. ശ്വാസനാളം മുറുകുകയോ വീർക്കുകയോ കഫം നിറയുകയോ ചെയ്യുമ്പോൾ ആസ്ത്മയുള്ളവരിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്.

Also Read: സ്ത്രീകളിൽ ആസ്ത്മ പുരുഷന്മാരുടേത് പോലെയല്ല; എന്തുകൊണ്ട്?

രോഗലക്ഷണങ്ങൾ

ആസ്ത്മയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായാണ് കണ്ടുവരുന്നത്. ചിലരിൽ കഠിനമായ ശാരീരികപ്രവർത്തനങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് ആസ്ത്മ കാണപ്പെടുന്നത്. മറ്റു ചിലരിൽ എല്ലാ സമയത്തും ശ്വാസംമുട്ട് അനുഭവപ്പെടാം. ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ ചുവടെ…

  • ശ്വാസം മുട്ടൽ
  • നെഞ്ചുവേദന
  • നിശ്വസിക്കുമ്പോഴുള്ള ശ്വാസംമുട്ടൽ, ഇത് കുട്ടികളിലെ ആസ്ത്മയുടെ സാധാരണ ലക്ഷണമാണ്
  • ശ്വാസതടസ്സം, ചുമ അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നിവ കാരണം ഉറങ്ങാൻ ബുദ്ധിമുട്ട്
  • ജലദോഷം അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള ശ്വസന വൈറസ് മൂലം വഷളാകുന്ന ചുമ 
  • സംസാരിക്കാൻ ബുദ്ധിമുട്ട്

ചുണ്ടിലും നഖത്തിലും നീലനിറം കാണപ്പെടുന്നത്(കടുത്ത ആസ്ത്മ മൂലം ആവശ്യത്തിന് ഓക്സിജൻ ശരീരത്തിൽ എത്താതിരിക്കുമ്പോഴാണ് നീലനിറം കാണപ്പെടുന്നത്)

മൂന്ന് പ്രധാന ലക്ഷണങ്ങൾ

1. ശ്വാസനാളിയിലെ തടസം- സാധാരണ ഒരാൾ ശ്വസിക്കുമ്പോൾ ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികൾ വിശ്രമിക്കുന്ന അവസ്ഥയിലാകും. ഈ സമയം വായു സ്വതന്ത്രമായി അകത്തേക്കും പുറത്തേക്കും പോകുന്നു. എന്നാൽ ഒരു ആസ്തമോ രോഗിയിൽ ഈ പേശികൾ വലിഞ്ഞുമുറുകിയ അവസ്ഥയിലായിരിക്കും. ഓക്സിജൻ അകത്തേക്കും കാർബൺഡൈ ഓക്സൈഡ് പുറത്തേക്കും പോകുന്നതിനെ തടസപ്പെടുത്തുന്നു. 

2. ശ്വാസകോശത്തിലെ വീക്കം. ആസ്ത്മ ശ്വാസകോശത്തിൽ ചുവന്നതും വീർത്തതുമായ ബ്രോങ്കിയൽ വീക്കത്തിന് കാരണമാകുന്നു. ഈ വീക്കം ശ്വാസകോശത്തെ തകരാറിലാക്കും. ദീർഘകാലാടിസ്ഥാനത്തിൽ ആസ്ത്മ കൈകാര്യം ചെയ്യുന്നതിൽ ഇത് ചികിത്സിക്കുന്നത് പ്രധാനമാണ്.

3. ശ്വാസനാളിയിൽ പെട്ടെന്നുണ്ടാകുന്ന ചുരുക്കവും വികാസവും- ആസ്ത്മയുള്ള ആളുകൾക്ക് ശ്വാസനാളി വളരെ വേഗം സെൻസിറ്റീവ് ആകാറുണ്ട്. ബുദ്ധിമുട്ടേറിയ(അലർജിയുണ്ടാക്കുന്നതോ മറ്റോ) സാഹചര്യങ്ങളിൽ ശ്വസനനാളി അമിതമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ രോഗാവസ്ഥ മൂർച്ഛിക്കുന്നു. 

ആസ്ത്മ അറ്റാക്ക്

പെട്ടെന്നുള്ള അതിരൂക്ഷമായ ആസ്തമയാണഇത്. ശ്വാസനാളത്തിനു ചുറ്റുമുള്ള പെട്ടെന്ന് വലിഞ്ഞു മുറുകുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ മുറുകലിനെ ബ്രോങ്കോസ്പാസ്ം എന്ന് വിളിക്കുന്നു. ആസ്തമ അറ്റാക്ക് ഉണ്ടാകുന്ന സമയത്ത്, ശ്വാസനാളത്തിന്റെ ആവരണം വീർക്കുകയോ വീക്കം സംഭവിക്കുകയോ ചെയ്യുന്നു, കൂടാതെ ശ്വാസനാളത്തിൽ കിടക്കുന്ന കോശങ്ങൾ സാധാരണയേക്കാൾ കൂടുതൽ കട്ടിയുള്ള കഫം ഉണ്ടാക്കുകയും ചെയ്യുന്നു. ആസ്തമ അറ്റാക്ക് ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. അടിയന്തരസേവനങ്ങൾ ലഭ്യമാകുന്ന ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കണം. 

കാരണങ്ങൾ

ഒരാളിൽ ആസ്തമയുണ്ടാകുന്നതിന് പലതരം കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം അലർജിയാണ്. അലർജിക്ക് കാരണമാകുന്ന പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ തൊലി, പഴകിയ വസ്ത്രങ്ങൾ, പഴകിയ പുസ്തകം-പേപ്പറുകൾ, അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ(സീഫുഡ്- കൊഞ്ച്, ഞണ്ട്, കക്ക, കണവ, ചിലതരം കൂൺ), അലർജിയുണ്ടാക്കുന്ന തരം മരുന്നുകൾ, പെർഫ്യൂമുകളിൽ നിന്നോ ക്ലീനിംഗ് സൊല്യൂഷനകളിൽനിന്നോ ഉണ്ടാകുന്ന രൂക്ഷഗന്ധം എന്നിവയും അലർജി മൂലമുള്ള ആസ്തമയ്ക്ക് കാരണമാകും. 

അടുത്തതായി വ്യായാമമോ അമിതമായ ശാസീരികപ്രവർത്തനമോ മൂലമുണ്ടാകുന്ന ബ്രോങ്കോകൺസ്ട്രക്ഷൻ ആസ്തമയ്ക്ക് കാരണമാകും. വ്യായാമം മൂലമുണ്ടാകുന്ന ആസ്ത്മ എന്നാണ് ഇത് അറിയപ്പെടുന്നത്. ശാരീരിക പ്രവർത്തനങ്ങൾക്കിടെയാണ് ഇത് സംഭവിക്കുന്നത്. ശരീരത്തിലുള്ളതിനേക്കാൾ വരണ്ടതും ശ്വാസനാളങ്ങൾ ഇടുങ്ങിയിരിക്കുമ്പോൾ ശ്വാസോച്ഛാസം നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ആസ്ത്മ ഇല്ലാത്ത ആളുകളെയും ഇത് ബാധിക്കും. നിങ്ങൾ വ്യായാമം ചെയ്യാൻ തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടും. വ്യായാമം നിർത്തിയതിന് ശേഷം 10 മുതൽ 15 മിനിറ്റ് വരെ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കും.

കാലാവസ്ഥയുമായി ബന്ധപ്പെട്ടും ആസ്തമ ഉണ്ടാകാം. പ്രത്യേകിച്ച് അലർജി ഇല്ലാത്തവരിലും ഇത്തരം ആസ്തമ കാണപ്പെടുന്നു. അമിതമായ ശൈത്യം, വേനൽക്കാലത്തെ കനത്ത ചൂട് എന്നിവ കാരണം ജലദോഷം ഉണ്ടാകുന്നതാണ് ഇതിന്‍റെ തുടക്കം. ജലദോഷം മൂക്കൊലിപ്പായും തുമ്മലായും മാറുകയും പതുക്കെ ആസ്തമ പ്രത്യക്ഷപ്പെടുകയും ചെയ്യും. 

Also Read: എന്താണ് കാർഡിയാക് ആസ്ത്മ? എങ്ങനെ പ്രതിരോധിക്കാം?

വായുമലിനീകരണവും തൊഴിൽ സ്ഥലങ്ങളിലും ഉണ്ടാകുന്ന ആസ്തമ. നഗരവത്കരണത്തിന്‍റെ ഭാഗമായി അന്തരീക്ഷമലിനീകരണം കൂടിവരുകയാണ്. ശുദ്ധവായുവിന്‍റെ അളവ് കുറയുന്നതും ആസ്തമയ്ക്ക് കാരണമാകും. കൂടാതെ ഏതെങ്കിലും രാസവസ്തുക്കളുമായി ബന്ധപ്പെട്ട ഫാക്ടറികളിലോ മറ്റോ ജോലി ചെയ്യുന്നവരിലും ആസ്തമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജോലി സ്ഥലത്തെ പുക, പൊടി എന്നിവയൊക്കെ ഇത്തരം ആസ്തമയ്ക്ക് കാരണമാകുന്നു. 

സാർവത്രികമായി കണ്ടുവരുന്ന മറ്റൊരു കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇസിനോഫിലിക് ആസ്ത്മ. ഇയോസിനോഫിൽസ് എന്ന ഉയർന്ന അളവിലുള്ള വെളുത്ത രക്താണുക്കൾ കൂടുമ്പോൾ കണ്ടുവരുന്നതാണ് ഈ ആസ്ത്മ. ഇത് സാധാരണയായി 35 നും 50 നും ഇടയിൽ പ്രായമുള്ളവരെ ബാധിക്കുന്നു. കൂടാതെ രാത്രികാല ആസ്ത്മയുള്ള രോഗികളുമുണ്ട്. സാധാരണഗതിയിൽ ആസ്തമ കാണപ്പെടുന്നവരിൽ രാത്രികാലങ്ങളിൽ രോഗം മൂർച്ഛിക്കാറുണ്ട്. 

എങ്ങനെയുള്ളവരിലാണ് ആസ്തമ പിടിപെടാൻ കൂടുതൽ സാധ്യത?

സ്ഥിരമായി സൈനസൈറ്റിസ്, ജലദോഷം, പനി തുടങ്ങിയ അണുബാധകൾ കാണപ്പെടുന്നവരിൽ ആസ്തമ ഉണ്ടാകാൻ സാധ്യത കൂടുതലായിരിക്കും. 

പാരമ്പര്യമായി ആസ്തമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ അലർജിയുമായി ബന്ധപ്പെട്ട ജീനുകൾ ഉള്ളവർക്കും, അവരുടെ മക്കൾക്കും ആസ്തമ ഉണ്ടാകാൻ സാധ്യത കൂടുതലാകും. 

വംശപരമായി ആസ്തമ ഉണ്ടാകാൻ സാധ്യത കൂടുതലുണ്ട്. ആഫ്രിക്കൻ അമേരിക്കൻ അല്ലെങ്കിൽ പ്യൂർട്ടോറിക്കൻ വംശജരിലാണ് ആസ്ത്മ കൂടുതലായി കാണപ്പെടുന്നത്.

ലിംഗപരമായി പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൗമാരക്കാരിലും മുതിർന്നവരിലും, സ്ത്രീകളിൽ ഇത് കൂടുതൽ സാധാരണമാണ്.

ശ്വാസകോശ അണുബാധകൾ, അലർജികൾ അല്ലെങ്കിൽ പൊണ്ണത്തടി പോലുള്ള മറ്റ് അവസ്ഥകളും ആസ്തമ പിടിപെടാൻ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 

രോഗനിർണയം

ശ്വാസംമുട്ടോ ദീർഘകാല ചുമയോ അനുഭവപ്പെടുകയാണെന്ന് ആസ്തമയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ആരംഭിക്കുക. സാധാരണഗതിയിൽ പൾമോണോളജിസ്റ്റ് അല്ലെങ്കിൽ അലർജി, ഇമ്മ്യൂണോളജി എന്നിവയിൽ ഒരു സ്പെഷ്യലിസ്റ്റിനെയാണ് ആസ്തമരോഗം ഉണ്ടെന്ന് തോന്നിയാൽ കാണേണ്ടത്. രക്തപരിശോധനകൾ, എക്സ്റേ, ശ്വാസോച്ഛാസപരിശോധന(ശ്വാസകോശത്തിന്‍റെ ശേഷി) എന്നിവയിലൂടെ ആസ്തമ കണ്ടെത്താനാകും. സ്പൈറോമെട്രി പോലെയുള്ള വിദഗ്ദ്ധ പരിശോധനകളും ഇതിനായി നടത്താറുണ്ട്. 

ചികിത്സ

ശ്വസനനാളിയിലെയും ശ്വാസകോശത്തിലെയും വലിഞ്ഞുമുറുകിയിരിക്കുന്ന പേശികളെ ആയാസരഹിതമാക്കുന്ന ഗുളികകളാണ് ആസ്തമ ചികിത്സയിൽ പ്രധാനം. അതിനൊപ്പം കഫത്തിന്‍റെ രൂക്ഷത കുറയ്ക്കാനുള്ള മരുന്നുകളും നൽകാം. ശ്വാസകോശത്തിലെ ചെറുരക്തകുഴലുകൾ അടഞ്ഞിരിക്കുന്ന അവസ്ഥയാകും ആസ്തമാരോഗിയിൽ ഉണ്ടാകുക. ഇത് പരിഹരിക്കുന്നതിനായി ദീർഘകാലത്തേക്ക് ഇൻഹേലറുൾ ഉപയോഗിക്കേണ്ടിവരും. ഡോക്ടറുടെ നിർദേശാനുസരണം സ്ഥിരമായി ഇൻഹേലർ ഉപയോഗിക്കുന്നത് രോഗത്തെ രൂക്ഷമാകാതെ നന്നായി നിയന്ത്രിക്കാൻ സഹായിക്കും. ഇതിലൂടെ സാധാരണജീവിതം നയിക്കാനും രോഗിക്ക് സാധിക്കും. ആസ്തമ മൂലം ശ്വാസകോശത്തിൽ അണുബാധയുണ്ടായാൽ, ആന്‍റിബയോട്ടിക് വിഭാഗത്തിലുള്ള ഗുളികകളോ ഇഞ്ചെക്ഷനോ ഡോക്ടർ നിർദേശിക്കാറുണ്ട്. ഇത്തരക്കാർ ആശുപത്രിയിൽ കിടന്നുതന്നെ ചികിത്സ സ്വീകരിക്കേണ്ടിവരും.

Also Read: ആസ്ത്മ ചികിത്സയിൽ പ്രതീക്ഷയേകുന്ന പുതിയ മുന്നേറ്റങ്ങൾ