ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നവരാണ് എല്ലാവരും. കലോറി നോക്കി കഴിക്കുന്നത് നല്ലതാണ്. എന്നാൽ നമ്മുടെ മാനസികാരോഗ്യത്തിന് കൂടി അൽപ്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ശരീരത്തിനും തലച്ചോറിനും ഒരുപോലെ ഗുണകരമായ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
മത്സ്യം
പൊതുവേ ആരോഗ്യകരമായ ഭക്ഷണമാണ് മത്സ്യം. ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ കുറയ്ക്കുന്നതായി വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്. മൽസ്യത്തിലെ വിറ്റാമിൻ ഡിയും വിഷാദരോഗത്തിന് നല്ലതാണ്. അയല, ചൂര, മത്തി എന്നീ മത്സ്യങ്ങളിൽ ഒമേഗ 3 ധാരാളം അടങ്ങിയിട്ടുണ്ട്.
ചിക്കൻ
ചിക്കൻ ശരീരത്തിൽ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും വിഷാദത്തിനെതിരെ പോരാടുന്നതിനും നിങ്ങളുടെ തലച്ചോറിനെ സഹായിക്കുന്നു. കൂടാതെ മികച്ച ഓർമ്മശക്തി നിലനിർത്താനും ചിക്കൻ സഹായിക്കും.
ധാന്യങ്ങൾ
ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്നത് പതുക്കെയാണ്. ഇത് ഷുഗർ ലെവൽ നിയന്ത്രിക്കാനും കൂടുതൽ ഊർജ്ജം ലഭ്യമാക്കാനും സഹായിക്കും. തലച്ചോറിനെ ട്രിപ്റ്റോഫാൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നു.
അവോക്കാഡോ
വിറ്റാമിൻ കെയും ഫോളേറ്റും അടങ്ങിയ അവോക്കാഡോ തലച്ചോറിനെ സ്ട്രോക്കിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തൈര്
തൈരിലടങ്ങിയ പ്രോബയോട്ടിക്സ് ദഹനം എളുപ്പമാക്കുന്നതിന് പേരുകേട്ടതാണ്. ഇത് മാനസികസമ്മർദ്ദം ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. തൈരിൽ ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കും. ഇങ്ങനെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ചീര
ചീരയും മറ്റ് ഇലക്കറികളും തലച്ചോറിന് ആവശ്യമായ ഫോളിക് ആസിഡ് നൽകുന്നു. ഫോളിക് അസിഡിന് വിഷാദം കുറയ്ക്കാൻ കഴിവുണ്ട്. ഉറക്കമില്ലായ്മയെ ചെറുക്കാനും ഇത് സഹായിക്കുന്നു. പ്രായമായവരിൽ ഡിമെൻഷ്യ കുറയ്ക്കാനും ചീര സഹായിക്കും.
നട്ട്സ്
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് നട്സ്. ഇത് വിഷാദത്തിനെതിരെ പോരാടാൻ സഹായിക്കുന്നു. കശുവണ്ടിയിലടങ്ങിയ മഗ്നീഷ്യം തലച്ചോറിലേക്ക് ഓക്സിജൻ നൽകാൻ സഹായിക്കുന്നു. ബദാമിൽ ഫെനിലലാനൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമൈനും മറ്റ് ന്യൂറോ ട്രാൻസ്മിറ്ററുകളും ഉത്പാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഒലിവ് ഓയിൽ
ആരോഗ്യകരമായ മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമായി ഒലിവ് ഓയിൽ ഉപയോഗിക്കാറുണ്ട്. ഇതിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇതിന് അൽഷിമേഴ്സ് രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ബുദ്ധിയും ഓർമശക്തിയും മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
മായം ചേർത്ത ഒലിവ് ഓയിൽ വിപണിയിൽ ധാരാളം ലഭ്യമാണ്. നിങ്ങൾ വാങ്ങുന്നത് മികച്ചതാണെന്ന് ഉറപ്പ് വരുത്തുക.
തക്കാളി
തക്കാളിക്ക് ചുവന്ന നിറം നൽകുന്ന ലൈക്കോപീൻ ഒരുതരം ഫൈറ്റോ ന്യൂട്രിയന്റ് ആണ്. മസ്തിഷ്ക രോഗങ്ങൾക്കെതിരെ പോരാടാൻ ഇതിന് കഴിവുണ്ട്. അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ഓർമ്മ, ശ്രദ്ധ, യുക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും ലൈക്കോപീൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
ധാരാളം കൊക്കോ അടങ്ങിയതിനാൽ ഡാർക്ക് ചോക്ലേറ്റ് പോഷകഗുണം നിറഞ്ഞ ഭക്ഷണമായാണ് കണക്കാക്കുന്നത്. കൂടുതൽ കൊക്കോ അടങ്ങിയത് കൂടുതൽ ഗുണം ചെയ്യും. ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഒരുതരം ആന്റിഓക്സിഡന്റാണ്. ഇത് ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ..