നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവും (NAFLD) മസ്തിഷ്കത്തിന്‍റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയുന്നതിനും മസ്തിഷ്ക കോശങ്ങളുടെ വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ഇങ്ങനെ ഗുരുതരമായ മസ്തിഷ്ക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ലണ്ടനിലെ കിംഗ്‌സ് കോളേജ്, ലോസാൻ യൂണിവേഴ്‌സിറ്റി എന്നിവയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന റോജർ വില്യംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെ ഗവേഷകരാണ് ഫാറ്റി ലിവർ രോഗവും തലച്ചോറിന്റെ പ്രവർത്തനക്ഷമതയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
മോശം ഭക്ഷണശീലം പിന്തുരുന്നവരെയും പൊണ്ണത്തടിയുള്ളവരെയുമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ബാധിക്കുന്നത്. ലോകജനസംഖ്യയുടെ 25 ശതമാനം പെരേ ഫാറ്റി ലിവർ ബാധിക്കുന്നതായാണ് കണക്ക്. പൊണ്ണത്തടിയുള്ള 80 ശതമാനം പേരെയും ഫാറ്റിലിവർ ബാധിക്കും.
അനാരോഗ്യകരമായ ഭക്ഷണക്രമവും അമിതവണ്ണവും മസ്തിഷ്ക പ്രവർത്തനത്തെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തലച്ചോറിനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്.
എലികളിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്. എലികളെ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകളിലാക്കിയശേഷം വ്യത്യസ്തരീതിയിലുള്ള ഭക്ഷണം നൽകുകയാണ് ഗവേഷകർ ചെയ്തത്. ആദ്യത്തെ ഗ്രൂപ്പിന് പത്ത് ശതമാനത്തിൽ താഴെ കൊഴുപ്പുള്ള ഭക്ഷണമാണ് നൽകിയത്. രണ്ടാമത്തെ ഗ്രൂപ്പിന് 55 ശതമാനത്തിലേറെ കൊഴുപ്പുള്ള ഭക്ഷണവും നൽകി. അതായത് ഫാസ്റ്റ് ഫുഡും പഞ്ചസാരയും ധാരാളമായി അടങ്ങിയ ഭക്ഷണം.
16 ആഴ്‌ചയ്‌ക്ക് ശേഷം, ഗവേഷകർ ഈ ഭക്ഷണം കരളിലും തലച്ചോറിലും ഉണ്ടാക്കുന്ന ഫലങ്ങളെ താരതമ്യം ചെയ്യാൻ നിരവധി പരിശോധനകൾ നടത്തി. ഉയർന്ന അളവിലുള്ള കൊഴുപ്പ് കഴിക്കുന്ന എല്ലാ എലികളിലും പൊണ്ണത്തടിയും ഫാറ്റി ലിവറും ഉണ്ടാകുന്നതായി കണ്ടെത്തി. കൂടാതെ ഇവരുടെ മസ്തിഷ്ക്കത്തിലേക്കുള്ള ഓക്സിജൻ ലഭ്യത കുറയുന്നതായും കണ്ടെത്തി. ഇതുകാരണം മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾക്ക് കനം കൂടുന്നതായി കണ്ടെത്തി. ഇത്തരം എലികളിൽ കടുത്ത മാനസികപ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നതായും പഠനത്തിൽ വ്യക്തമായി.
“കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എങ്ങനെ ബാധിക്കുമെന്നത് വളരെ ആശങ്കാജനകമാണ്. മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുന്നു. ചിലരിൽ കടുത്ത മാനസികപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. വർഷങ്ങൾക്കുശേഷം വിഷാദം, ഉത്കണ്ഠ, അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകും”- റോജർ വില്യംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെ ലിവർ-ബ്രെയിൻ ആക്‌സിസ് ഗ്രൂപ്പിലെ ഉപ-ടീം ലീഡറും ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഓണററി ലക്‌ചററുമായ ഡോ. അന്ന ഹദ്ജിഹാംബി പറഞ്ഞു.