ദിവസേന ഒരു പിടി നട്സ് കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഇങ്ങനെ കഴിക്കാൻ പറ്റിയ നട്സാണ് വാൾനട്ട്. നിരവധി ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വാൾനട്ട് ഒരു സൂപ്പർ ഫുഡ് ആണെന്ന് പറയാം. എന്തൊക്കെയാണ് വാൾനട്ടിന്റെ ഗുണങ്ങൾ എന്ന് നോക്കാം.
കൊളസ്‌ട്രോൾ കുറയ്ക്കുന്നു
വാൾനട്ടിന് കൊളസ്‌ട്രോൾ കുറയ്ക്കാൻ സാധിക്കുമെന്ന് ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. വാൾനട്ടിലടങ്ങിയ ഫോളേറ്റ്, വിറ്റാമിൻ ഇ, ധാരാളം നല്ല കൊഴുപ്പുകൾ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് രക്തം കട്ട പിടിക്കുന്നത് തടയാൻ സാധിക്കും. ആസ്പിരിൻ പ്രവർത്തിക്കുന്നത് പോലെ ഇത് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കും.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മനുഷ്യ മസ്തിഷ്കത്തിന്റെ ആകൃതിയാണ് വാൾനട്ടിന്. ഇത് യാദൃശ്ചികമായിരിക്കാം. എന്നാൽ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ വാൾനട്ട് സഹായിക്കും. വാൾനട്ടിലെ പോഷകങ്ങൾ തലച്ചോറിലെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഓർമശക്തി കൂട്ടാനും ഉത്കണ്ഠ കുറയ്ക്കാനും വാൾനട്ട് സഹായിക്കും.
ബീജത്തിന്റെ ആരോഗ്യത്തിന്
വാൾനട്ട് കഴിക്കുന്നത് ബീജത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇങ്ങനെ പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി കൂട്ടാൻ വാൾനട്ട് സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ഒമേഗ -3, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ സാന്നിധ്യമാണ് ഇതിന് കാരണം.
പ്രമേഹം നിയന്ത്രിക്കുന്നു
വാൾനട്ടിലെ പോഷകങ്ങൾക്ക് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നു. ഇങ്ങനെ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുന്നു.
എങ്ങനെ കഴിക്കണം?
തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം രാവിലെ കഴിക്കുന്നതാണ് നല്ലത്. വാൾനട്ട് കൊണ്ട് ചട്ണി, സ്മൂത്തി എന്നിവയും ഉണ്ടാക്കാം.