മുഖക്കുരുവിനെ തുരത്താൻ ലളിതമായ 5 കാര്യങ്ങൾ

വളരെ സാധാരണമായ ചർമ്മ പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. എന്നാൽ കൗമാരത്തിന്റെ ശേഷവും മുഖക്കുരു വരുന്നവരും ഉണ്ട്. ഹോർമോൺ വ്യതിയാനം മുതൽ ഭക്ഷണക്രമം വരെ മുഖക്കുരുവിന് കാരണമായേക്കാം. ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ മുഖക്കുരുവിനെ അകറ്റി നിർത്താനാകും.

ചർമ്മത്തിലെ സുഷിരങ്ങളിൽ മൃതകോശങ്ങളോ ബാക്ടീരയയോ കാരണം അടഞ്ഞുപോകുകയും അണുബാധ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് മുഖക്കുരു വരുന്നത്. ശരീരത്തിൽ സെബം ഉൽപ്പാദനം കൂടുമ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നു. എണ്ണമയമുള്ള ചർമ്മത്തിൽ പെട്ടെന്ന് മുഖക്കുരു വരാൻ കാരണം ഇതാണ്.

മുഖക്കുരു വരാതിരിക്കാൻ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്ന് നോക്കാം.

ദിവസം രണ്ടുതവണ മുഖവും ശരീരവും കഴുകുക

മുഖക്കുരു വരാതിരിക്കാൻ ചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ദിവസത്തിൽ രണ്ടുതവണ മുഖവും ശരീരവും കഴുകണം. ശരീരത്തിൽ വിയർപ്പ് തങ്ങി നിൽക്കുന്നത് നല്ലതല്ല. വ്യായാമത്തിനുശേഷം കുളിക്കുന്നത് ശീലമാക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പതിവായി മുടിയും കഴുകണം. മുഖക്കുരു കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഇത് കൂടുതൽ ഭാഗത്തേക്ക് മുഖക്കുരു വ്യാപിക്കാൻ ഇടയാക്കും.

അമിതമായി സൂര്യപ്രകാശം ഏൽക്കാതിരിക്കുക

അമിതമായി സൂര്യപ്രകാശമേൽക്കുമ്പോൾ ചർമ്മം വരണ്ടുപോകുന്നു. ചർമ്മത്തിന് എണ്ണമയം ലഭിക്കാൻ സെബം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ അമിതമായി സെബം ഉൽപ്പാദിപ്പിക്കുന്നു. ഇത് മുഖക്കുരുവിലേക്ക് നയിക്കുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് ഹാനികരമാണ്.

പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക

പാലിലെ പ്രോട്ടീനെ ദഹിപ്പിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഐജിഎഫ്-1 (IGF-1) എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇൻസുലിന് സമാനമായ ഒരു ഹോർമോണാണിത്. ഇത് മുഖക്കുരു വരാൻ കാരണമാകാറുണ്ട്.
പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് എന്ന പഞ്ചസാരയെ ദഹിപ്പിക്കാനും ശരീരത്തിന് ബുദ്ധിമുട്ടാണ്. ഇത് ചിലരിൽ അലർജി ഉണ്ടാക്കിയേക്കാം. ഇത്തരം സാഹചര്യത്തിലും മുഖക്കുരു വരാൻ ഇടയാകും.

ഉയർന്ന ജി ഐ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

ഒരു ഭക്ഷണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയർത്താനാകും എന്നതിന്റെ സൂചികയാണ് ജി ഐ അഥവാ ഗ്ലൈസെമിക് ഇൻഡക്സ്. ഉയർന്ന ജി ഐ ഉള്ള ഭക്ഷണങ്ങൾ മുഖക്കുരു വരാൻ കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. പഞ്ചസാരയിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ഉയർന്ന ജി ഐ ഉണ്ട്. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് പാൽ ഒഴിവാക്കുന്നതിനേക്കാൾ ഗുണം ചെയ്യും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിച്ച് ചർമ്മം മിനുസമുള്ളതാക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകുന്ന ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഇങ്ങനെ മുഖക്കുരു വരുന്നത് തടയാം.