ലക്ഷണങ്ങൾ കാണിച്ച ശേഷം വളരെവേഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. വൈദ്യസഹായം ലഭിക്കാൻ വൈകുന്നതിനനുസരിച്ച് രക്ഷപ്പെടാനുള്ള സാധ്യത കുറയുന്നു.
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. രക്തം കട്ടപിടിക്കുമ്പോഴും രക്തക്കുഴലുകൾക്ക് കേടുപാട് സംഭവിക്കുമ്പോഴും രക്തപ്രവാഹം തടസപ്പെടുന്നു. മസ്തിഷക കോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ കോശങ്ങൾ നശിക്കുന്നു.
രക്തപ്രവാഹം എത്രസമയം തടസപ്പെടുന്നു എന്നതിനെ ആശ്രയിച്ച് സ്ട്രോക്ക് ഗുരുതരമാകുന്നു. ചിലർക്ക് ചെറിയ സമയം നീണ്ടുനിൽക്കുന്ന സ്ട്രോക്ക് വരാറുണ്ട്. മിനി-സ്ട്രോക്ക് എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ വന്നാൽ രോഗി പെട്ടെന്ന് പൂർവസ്ഥിതിയിലാകുന്നു. അല്പനേരത്തേക്ക് രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഇത് നിസാരമായി തള്ളിക്കളയാനാകില്ല. ഭാവിയിൽ ഗുരുതരമായ സ്ട്രോക്ക് വരുന്നതിന്റെ ലക്ഷണമാണ് ഇത്. മിനി-സ്ട്രോക്ക് സംഭവിച്ചാൽ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്.
സ്ട്രോക്ക് വന്നാൽ വേഗത്തിൽ വൈദ്യസഹായം തേടുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ആർക്കൊക്കെ സ്ട്രോക്ക് വരാം?
ആർക്കും വരാവുന്ന അസുഖമാണ് സ്ട്രോക്ക്. എന്നാൽ ചിലർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
- അമിതഭാരമുള്ളവർ
- പുകവലിക്കുന്നവർ
- അമിതമായി മദ്യപിക്കുന്നവർ
- ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ
- ഉയർന്ന രക്തസമ്മർദ്ദമുള്ളവർ
- പ്രമേഹമുള്ളവർ
ഇത്തരം അവസ്ഥകൾ ഉള്ളവർ രക്തം കട്ടപിടിക്കാൻ ഉള്ള സാധ്യത പരിശോധിക്കുന്നത് നല്ലതാണ്.
ഫാസ്റ്റ് (FAST) – സ്ട്രോക്കിന് മുന്നറിയിപ്പ്
സ്ട്രോക്കിന് സാധാരണ കണ്ടുവരാറുള്ള പ്രാരംഭ ലക്ഷണങ്ങളും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതിന്റെ പ്രാധാന്യവും ഓർക്കുന്നതിനുള്ള എളുപ്പവഴിയാണ് ഫാസ്റ്റ്.
F – ഫേസ്: പുഞ്ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരുവശം കോടുന്നുണ്ടോ എന്ന് നോക്കുക
A – ആംസ്: രണ്ട് കൈകളും ഉയർത്തുക. ഒരു കൈ താഴെ വീഴുന്നുണ്ടോ എന്ന് നോക്കുക
S – സ്പീച്ച്: വാചകം പറയാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് നോക്കുക
T – ടൈം: ഇവയിൽ ഏതെങ്കിലുമൊരു ലക്ഷണം ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. രോഗി വണ്ടി ഓടിക്കാൻ പാടില്ല. 108 ൽ വിളിച്ച് ആംബുലൻസ് സഹായം തേടാവുന്നതാണ്.
Also Read: ഫാറ്റി ലിവർ ഉള്ളവർക്ക് ഗുരുതരമായ മസ്തിഷ്കരോഗത്തിന് സാധ്യതയെന്ന് പഠനം
താഴെ പറയുന്ന ചില ലക്ഷണങ്ങൾ കൂടി സ്ട്രോക്കിന് മുന്നോടിയായി കണ്ടുവരാറുണ്ട്
- പെട്ടെന്നുള്ള കഠിനമായ തലവേദന
- തലകറക്കം, ബാലൻസ് നഷ്ടപ്പെട്ട പോലെ തോന്നുക
- കാഴ്ച മങ്ങുക
- ആശയക്കുഴപ്പം
- ശരീരത്തിന്റെ ഒരുവശത്ത് മരവിപ്പ്
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പലപ്പോഴും പെട്ടെന്നാണ് പ്രത്യക്ഷപ്പെടുക. പക്ഷേ ദിവസങ്ങൾക്ക് മുൻപേ ശരീരം തരുന്ന സൂചനകൾ അവഗണിക്കാതിരിക്കുക. തലവേദന, മരവിപ്പ്, മിനി-സ്ട്രോക്ക് എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക. മിനി-സ്ട്രോക്ക് സംഭവിച്ച് ലക്ഷണങ്ങൾ അപ്രത്യക്ഷമായാലും നിർബന്ധമായും ഡോക്ടറെ കാണുക.
രക്തം കട്ടപിടിച്ചത് മരുന്ന് ഉപയോഗിച്ച് അലിയിക്കുകയോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ ആണ് സ്ട്രോക്കിനുള്ള പ്രതിവിധി. എത്രയും വേഗം ചികിത്സ തേടുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും.
Content Summary: What are the early symptoms of stroke.