തണുപ്പ്കാലത്ത് രോഗപ്രതിരോധത്തിന് 5 ഡീടോക്‌സ് പാനീയങ്ങൾ

തണുപ്പുകാലത്ത് നമ്മുടെ ശരീരത്തിന് ഊർജം ലഭിക്കാനും ഉപാപചയപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ദിവസവും എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇവ ചേർത്ത് ഡീടോക്‌സ് പാനീയം ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന പാനീയങ്ങളാണ് ഡീടോക്‌സ് പാനീയങ്ങൾ. ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഡീടോക്‌സ് പാനീയങ്ങൾ സഹായിക്കും. മാത്രമല്ല, ചർമ്മത്തിനും മുടിക്കും ഈ പാനീയങ്ങൾ ഗുണം ചെയ്യും. എല്ലാ ദിവസവും രാവിലെ ഇത്തരം ഒരു പാനീയം കുടിക്കാവുന്നതാണ്.

തണുപ്പ് കാലത്ത് കുടിക്കാൻ പറ്റിയ ചില ഡീടോക്‌സ് പാനീയങ്ങൾ പരിചയപ്പെടാം.

മാതളനാരങ്ങ – ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ നൈട്രിക് ഓക്സൈഡിന്റെ അളവ് നിലനിർത്താനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു. ബീറ്റ്റൂട്ട്, മാതളനാരങ്ങ എന്നിവ ചർമ്മത്തിനും വളരെ നല്ലതാണ്.

ഓറഞ്ച് – ഇഞ്ചി – കാരറ്റ് ജ്യൂസ്

ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി-യും അടങ്ങിയ ഈ ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്. ശൈത്യകാലത്ത് കുടിക്കാൻ വളരെ അനുയോജ്യമായ പാനീയമാണിത്. ഇടക്കിടക്ക് ജലദോഷം വരുന്നത് തടയാൻ ശരീരത്തിന് മികച്ച പ്രതിരോധശേഷി ആവശ്യമാണ്.

നെല്ലിക്ക ജ്യൂസ്

ധാരാളം വിറ്റാമിൻ സി അടങ്ങിയതിനാൽ നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനത്തിനും ഹൃദയം, കരൾ എന്നിവയുടെ ആരോഗ്യത്തിനും മികച്ചതാണ് നെല്ലിക്ക ജ്യൂസ്.

ചീര – കാരറ്റ് – ആപ്പിൾ ജ്യൂസ്

ചീരയിൽ വിറ്റാമിൻ എ, ബി, സി, കെ എന്നിവ അടങ്ങയിട്ടുണ്ട്. ചീരയുടെ ചവർപ്പ് മാറാൻ കാരറ്റും ആപ്പിളും ചേർക്കാം. ഇത് പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുടെ ഗുണം കൂടി ലഭിക്കാൻ കാരണമാകും. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ പറ്റുന്ന പാനീയമാണ്.

ഇഞ്ചി – നാരങ്ങ ജ്യൂസ്

തണുപ്പ് കാലത്തെ ജലദോഷം പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്ന പാനീയമാണ് ഇഞ്ചി – നാരങ്ങ ജ്യൂസ്. ഇത് പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ഇഞ്ചിയും നാരങ്ങയും ചേർന്ന പാനീയം ദഹനവ്യവസ്ഥയേയും മെച്ചപ്പെടുത്തുന്നു.