വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തി കുറയ്ക്കുമോ?

നാൾക്കുനാൾ വായു മലിനീകരണം കൂടിവരികയാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ വായു മലിനീകരണം അതിരൂക്ഷമായി മാറിക്കഴിഞ്ഞു. വായു മലിനീകരണം കുട്ടികളിലും മുതിർന്നവരിലും ഗുരുതര ശ്വാസകോശരോഗങ്ങൾക്ക് കാരണമാകാറുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന കാൻസറിനും പലപ്പോഴും വില്ലനാകുന്നത് വായു മലിനീകരണമാണ്.

വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തിയെ ബാധിക്കുമോ?

വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തിയെ സാരമായി ബാധിക്കുമോ എന്നത് ഏറെ കാലമായി ഉയരുന്ന ചോദ്യമാണ്. ഇതുസംബന്ധിച്ച് നടത്തിയ പഠനം നൽകുന്ന ഉത്തരം അതെ എന്നാണ്. മലിനമായ വായു ശ്വസിച്ച് വളരുന്ന കുട്ടികൾ സ്കൂളിൽ പഠനത്തിലും ബുദ്ധിശക്തിയുടെ കാര്യത്തിലുമൊക്കെ പിന്നിലാകുമെന്നാണ് ഷിക്കാഗോ സർവകലാശാലയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ഗർഭിണികൾ മലിനമായ വായു ശ്വസിക്കുന്നതും കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഗർഭാവസ്ഥയിലും കുട്ടിക്കാലത്തും മലിന വായു ശ്വസിക്കുന്നത് മസ്തിഷ്കത്തിന്റെ ഘടനയിൽപോലും മാറ്റങ്ങൾ വരുത്തിയേക്കാം. വളർച്ചയുടെ ഘട്ടമായ ഈ കാലയളവിൽ പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തെ സാരമായി ബാധിക്കും.

സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രൂക്ഷമായ വായു മലിനീകരണം കുട്ടികളുടെ വായനാശേഷിയെയും ഗണിതശാസ്ത്രം പഠിച്ച് മനസിലാക്കാനുള്ള കഴിവിനേയും സാരമായി ബാധിക്കുന്നുണ്ടത്രേ. കുട്ടികൾ അവരുടെ ശൈശവാവസ്ഥയിൽ വായു മലിനീകരണത്തിന് വിധേയമായാൽ ഈ പ്രശ്നം സങ്കീർണ്ണമാകുമെന്നും പഠന റിപ്പോർട്ടിലുണ്ട്.

വായു മലിനീകരണം പ്രധാനമായും ബാധിക്കുന്നത് ദരിദ്ര ചുറ്റുപാടുകളിൽ വളരുന്ന കുട്ടികളെയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സമ്പന്നരായ മാതാപിതാക്കളുടെ കുട്ടികൾക്ക് വായു മലിനീകരണം എന്ന പ്രശ്നത്തെ അത്രത്തോളം അഭിമുഖീകരിക്കേണ്ടി വരുന്നില്ല.

വായുമലിനീകരണം എന്ന പ്രശ്നം കുട്ടികളെ ബാധിച്ചു തുടങ്ങുന്നത് ആറാം മാസം മുതലാണെന്നും പഠനത്തിൽ പറയുന്നു. ആറു മാസം പ്രായമുള്ള കുട്ടികളിൽ വൈജ്ഞാനിക വിടവുകൾ രൂപപ്പെടാൻ തുടങ്ങുമെന്നും 2 വയസ്സ് പ്രായമുള്ള കുട്ടികളിൽ അത് മാറ്റാനാവാത്തതായിത്തീരുമെന്നും ഗവേഷകർ കണ്ടെത്തി.

പഠനത്തിന്റെ പ്രാഥമിക ഗവേഷകരിൽ ഒരാളും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സ്റ്റോൺ സെന്റർ ഫോർ റിസർച്ച് ഓൺ വെൽത്ത് അസമത്വവും മൊബിലിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറുമായ ജെഫ്രി വോഡ്‌കെ തന്റെ പഠനത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, “ഉയർന്ന ദാരിദ്ര്യമുള്ള വീടുകളിൽ ജനിക്കുന്ന കുട്ടികൾ ന്യൂറോടോക്സിക് വായു മലിനീകരണത്തിന് വിധേയമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഞങ്ങൾ നടത്തിയ പഠനം കാണിക്കുന്നു”.