ഉന്മേഷം നൽകുന്ന അമൃത്; കരിക്കിൻവെള്ളത്തിന്‍റെ 5 ഗുണങ്ങൾ

ഇലക്‌ട്രോലൈറ്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ് കരിക്കിൻവെള്ളവും തേങ്ങാവെള്ളവും. നല്ല ആരോഗ്യത്തിനും ചർമ്മത്തിനും ഇതിലും മികച്ചൊരു പ്രകൃതിദത്ത പാനീയമില്ല. നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനുള്ള ആരോഗ്യകരവും ഏറ്റവും മികച്ചതുമായ മാർഗമാണ് കരിക്കിൻവെള്ളം കുടിക്കുകയെന്നത്. ആരോഗ്യമുള്ള ശരീരത്തിനും മനസിനും അനുയോജ്യമായ അവശ്യ പോഷകങ്ങളും ധാതുക്കളും കരിക്കിൻവെള്ളത്തിൽ ആവശ്യത്തിലേറെയുണ്ട്. ഇതിൽ 94 ശതമാനം ജലവും വളരെ കുറച്ച് കൊഴുപ്പുമാണുള്ളത്. ഒരു കപ്പ് തേങ്ങാവെള്ളത്തിൽ ആവശ്യത്തിന് കാർബോഹൈഡ്രേറ്റ്, പഞ്ചസാര, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കരിക്കിൻവെള്ളത്തിന്‍റെ 5 ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

ഉൻമേഷദായകം

കരിക്കിൻവെള്ളത്തിന്‍റെ പ്രധാനപ്പെട്ട പ്രത്യേകത ഇതാണ്. ധാരാളം ഇലക്ട്രോലൈറ്റുകളും ധാതുക്കളും പോഷകങ്ങളുമുള്ളതിനാൽ കരിക്കിൻവെള്ളം കുടിക്കുന്നത് ഉൻമേഷദായകമാണ്. വ്യായാമത്തിനുശേഷം കുടിക്കാൻ ഏറ്റവും അനുയോജ്യമായ പാനീയവുമിതാണ്. ശരീരത്തിലെ നിർജ്ജലീകരണം തടയാൻ കരിക്കിൻവെള്ളത്തിന് കഴിയും. 

കുറഞ്ഞ കലോറി

കലോറി കുറവുള്ള പാനീയമാണ് കരിക്കിൻവെള്ളം. ഒരു ഗ്ലാസ് കരിക്കിൻവെള്ളം 60 കലോറി മാത്രമാണ് നൽകുന്നത്. ഉയർന്ന അളവിലുള്ള പൊട്ടാസ്യത്തിനൊപ്പം ആവശ്യമായ എല്ലാ ധാതുക്കളും ഇലക്ട്രോലൈറ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

ഷുഗർ കുറയ്ക്കും

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ പാനീയമാണ് കരിക്കിൻവെള്ളവും തേങ്ങാവെള്ളവും. മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ടൈപ്പ് 2 പ്രമേഹത്തിലും പ്രീ ഡയബറ്റിസിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കരിക്കിൻവെള്ളത്തിന് കഴിയും.

കൊളസ്ട്രോൾ കുറയ്ക്കും

കരിക്കിൻവെള്ളത്തിന്‍റെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണിത്. 94 ശതമാനം ജലം അടങ്ങിയിട്ടുള്ള ഇതിൽ കൊഴുപ്പ് വളരെ കുറച്ച് മാത്രമാണുള്ളത്. ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. തേങ്ങാവെള്ളം കൊളസ്ട്രോളിന്റെയും രക്തത്തിലെ ലിപിഡിന്റെയും അളവ് മെച്ചപ്പെടുത്തുമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

തിളക്കമുള്ള ചർമ്മം

സ്ഥിരമായി കരിക്കിൻവെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ടെങ്കിൽ വിഷവസ്തുക്കളെ അകറ്റാൻ കഴിയും. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാനും കഴിയും. തേങ്ങാവെള്ളം പ്രകൃതിദത്തമായ ശുദ്ധീകരണ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സഹായിക്കുന്നു.