ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടാൻ കാരണമെന്ത്?

അടുത്തകാലത്തായി ചെറുപ്പക്കാർ പ്രത്യേകിച്ചും നാൽപ്പത് വയസിൽ താഴെയുള്ളവർ ഹൃദയാഘാതം മൂലം മരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. 20-നും 30-നും ഇടയിൽ പ്രായമുള്ളവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നുണ്ടെന്നതാണ് പൊതുവായ അവസ്ഥ. മുൻകാലങ്ങളിൽ ഹൃദയാഘാതം എന്നത് പ്രായമുള്ളവരിൽ മാത്രം കണ്ടുവരുന്ന പ്രശ്നമായിരുന്നു. എന്നാൽ ഇന്ന് അഞ്ചിലൊന്ന് ഹൃദയാഘാതങ്ങളും 40 വയസിൽ താഴെയുള്ളവരിലാണ് കാണപ്പെടുന്നത്. എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ഹൃദയാഘാതം വർദ്ധിക്കുന്നതെന്ന് നോക്കാം. 

പ്രമേഹം

നേരത്തെയുള്ള ഹൃദയാഘാതത്തിനുള്ള പ്രധാന അപകട ഘടകമാണ് പ്രമേഹം. ഇക്കാലത്തെ പ്രധാന ജീവിതശൈലി രോഗമായ പ്രമേഹം ചെറുപ്പക്കാരിൽപ്പോലും ധാരാളമായി ഉണ്ടാകുന്നുണ്ട്. പ്രമേഹമുണ്ടെങ്കിൽ, പ്രമേഹമില്ലാത്ത മുതിർന്നവരെ അപേക്ഷിച്ച് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 2-4 മടങ്ങ് കൂടുതലാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താനാകാതെ വരുന്നതോടെയാണ് പ്രമേഹം ഉണ്ടാകുന്നത്. രക്തത്തിലെ ഉയർന്ന പഞ്ചസാര നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു, ഇത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യുന്നു. 

ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും

ഇന്നത്തെ മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം ചെറുപ്പക്കാരിൽപ്പോലും രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉയർന്ന നിലയിൽ കാണപ്പെടുന്നു. രക്താതിമർദ്ദം, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ്. ഇക്കാലത്ത് രക്തസമ്മർദ്ദവും കൊളസ്ട്രോളും ചെറുപ്പക്കാരിൽ കാണപ്പെടാൻ കാരണം തെറ്റായ ഭക്ഷണക്രമവും ആവശ്യത്തിന് വ്യായാമമില്ലാത്തതും മാനസികസമ്മർദ്ദവുമാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികളെ ചുരുക്കുകയും രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അമിതഭാരവും പൊണ്ണത്തടിയും

അമിതഭാരവും പൊണ്ണത്തടിയുമാണ് ചെറുപ്പക്കാരിൽ ഹൃദയാഘാതമുണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം.  പ്രധാന പങ്ക് വഹിക്കുന്നത്. അമിതഭാരം പല കാരണങ്ങളാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള നിങ്ങളുടെ അപകടസാധ്യതയെ ഗണ്യമായി സ്വാധീനിക്കുന്നു. ശരീരത്തിന്‍റെ ഭാരം വർദ്ധിക്കുന്നത് ഹൃദയം കൂടുതലായി പ്രവർത്തിക്കാൻ ഇടയാക്കുന്നു. ഒരാൾ പൂർണ ആരോഗ്യവാനാണെങ്കിലും അമിതവണ്ണവും ഉയർന്ന ശരീരഭാരവുമുണ്ടെങ്കൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള രോഗികൾക്ക് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്ന മറ്റ് ആരോഗ്യ അവസ്ഥകൾ ഉണ്ടാകാറുണ്ട്.

പുകവലി

ചെറുപ്പക്കാരിൽ ഹൃദയാഘാതസാധ്യത വർദ്ധിക്കാൻ ഇടയാക്കുന്ന മറ്റൊരു കാരണമാണ് പുകവലി. ഒരാൾ വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തിന് നേരിട്ട് ആനുപാതികമായി അവരിൽ ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നു. പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ദിവസം ഒരു പായ്ക്ക് പുകവലി ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. പുകവലി ഹൃദയമിടിപ്പ് ത്വരിതപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലിക്കാരിൽ പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത 34% വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി.

ലഹരി ഉപയോഗം

അടുത്തകാലത്തായി നമ്മുടെ നാട്ടിലും ചെറുപ്പക്കാർക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ട്. ലഹരിക്കായി മാരകമായ എംഡിഎംഎ പോലെയുള്ള വസ്തുക്കൾ ഇപ്പോൾ ചെറുപ്പക്കാർ ഉപയോഗിക്കുന്നു. കഞ്ചാവ്, കൊക്കെയ്ൻ പോലെയുള്ളവയുടെ ഉപയോഗവും ചെറുപ്പക്കാർക്കിടയിൽ കൂടിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുമെന്നും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നും മിക്കവർക്കും അറിയാം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ രക്തക്കുഴലുകൾ കട്ടിയാകുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. 

വ്യായാമമില്ലായ്മ

ഇക്കാലത്ത് ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണിത്. പ്രധാനമായും ഐടി മേഖലയിൽ ഉൾപ്പടെ മണിക്കൂറുകളോളം ശരീരവ്യായാമമില്ലാതെ കംപ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കണ്ടുവരുന്നത്. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുന്നത് ഹൃദയാഘാത സാധ്യത പകുതിയാക്കി കുറയ്ക്കും. അതുപോലെ കംപ്യൂട്ടറിന് മുന്നിൽ ഉൾപ്പടെ ഇരുന്ന് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ അൽപ്പം നടക്കുകയും ശരീരം വാം അപ്പ് ചെയ്യുകയോ ചെയ്യണം.