അടുത്തകാലത്തായി ജിമ്മിൽ വർക്കൌട്ട് ചെയ്യുന്നതിനിടെ ചെറുപ്പക്കാർ ഉൾപ്പടെയുള്ളവർ ഹൃദയാഘാതം വന്ന് മരിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. പ്രമുഖ ചലച്ചിത്രതാരങ്ങൾ ഉൾപ്പടെ ഇത്തരത്തിൽ ജിമ്മിൽ പരിശീലിക്കുന്നിതിനിടെ ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ടു. പ്രധാനമായും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹൃദ്രോഗപശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്നുള്ളവർ എന്നിവരെയാണ് ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതം പിടികൂടുന്നത്. ജിമ്മിൽ പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർക്കൌട്ടിനിടെ ഉണ്ടാകുന്ന ഹൃദയാഘാതം ഒഴിവാക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വർക്കൌട്ട് വില്ലനാകുമ്പോൾ..
ദിവസവും വ്യായാമം ചെയ്യുന്നത് ഒരാളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ, ഈയിടെയായി ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്ന സംഭവങ്ങൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ അമിത വ്യായാമമാണ് വില്ലനാകുന്നത് എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. “വ്യായാമ സമയത്ത് ഹൃദയവേദന, ഭാരം, ഇടത് തോളിൽ വേദന തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം. അതുപോലെ തൊണ്ട വേദന, പുറം വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, വ്യായാമം നിർത്തണം”- കൊച്ചിയിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ. അഭിലാഷ് ഹെൽത്ത് മലയാളത്തോട് പറഞ്ഞു.
“ചെറുപ്പത്തിലേ പിടിപെട്ട പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗം, എന്നിവയുള്ളവർ ജിമ്മിൽ അമിതമായി വ്യായാമം ചെയ്യാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. ഒരാൾ വർക്ക് ഔട്ട് ചെയ്യുമ്പോൾ, ആ വ്യക്തിക്ക് അമിതമായി അല്ലെങ്കിൽ വളരെ വേഗത്തിൽ വ്യായാമം ചെയ്യുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ബുദ്ധിശൂന്യമായ വ്യായാമം ഹൃദയത്തിന് ആയാസമുണ്ടാക്കും. അമിതഭാരമെടുക്കുക, തുടർച്ചയായി ഓടിക്കൊണ്ടിരിക്കുക, കൂടുതൽ സമയം വ്യായാമം ചെയ്യുക എന്നിവ ഏതെങ്കിലും ചില ഘട്ടങ്ങളിൽ ചില ആളുകളിൽ ഹൃദയാഘാതത്തിന് കാരണമാകും”- ഡോ. അഭിലാഷ് പറയുന്നു.
വ്യായാമം ആരംഭിക്കും മുൻപ് ഡോക്ടറുടെ ഉപദേശം തേടുക
ഒരാൾ ജിമ്മിൽ പോയോ അല്ലാതെയോ എന്തെങ്കിലും വ്യായാമം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അത് ചെയ്യുന്നതിന് മുമ്പ് സ്ഥിരമായി കാണുന്ന ഡോക്ടറുമായി ഇക്കാര്യം സംസാരിക്കുക. വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അത്യാവശ്യ ടെസ്റ്റുകൾ നടത്തുന്നതും നല്ലതാണ്. ആഴ്ചയിൽ 5 ദിവസമെങ്കിലും 150 മിനിറ്റ് വേഗത്തിലുള്ള നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, യോഗ തുടങ്ങിയ പ്രവർത്തനങ്ങളാണ് തുടക്കക്കാർക്ക് അഭികാമ്യം. 2-3 മണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്യുന്നതിനുപകരം ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യുന്നതാണ് നല്ലത്. ശരീര വേദനയോ ശ്വാസതടസ്സമോ ഉടനടി വ്യായാമം നിർത്തണം. ആയാസമില്ലാത്ത പ്രവർത്തനങ്ങൾ സാവധാനത്തിൽ വേണം വേണം തുടക്കക്കാർ വ്യായാമം ചെയ്യേണ്ടത്. ക്രമേണ അത് ഉയർത്താം. എന്നാൽ ശരീരവേദന, കിതപ്പ്, മറ്റ് എന്തെങ്കിലും അസ്വസ്ഥതകളും തോന്നുകയാണെങ്കിൽ വ്യായാമം നിർത്തി വിശ്രമിക്കണം. മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാതെ ഓരോരുത്തരും അവരവരുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടത്.
വ്യായാമം ഹൃദ്രോഗത്തെ അകറ്റുമെന്നത് ശരിയാണ്. എന്നാൽ കഠിനമായ വ്യായാമം ഹൃദയാഘാതത്തിൻറെ പ്രധാന കാരണമായി ഇക്കാലത്ത് മാറുന്നുണ്ട്. ജനിതക ഘടകങ്ങളോ മോശം ജീവിതശൈലിയോ ആണ് ഇവിടെ വില്ലനായി മാറുന്നത്. വേഗത്തിലുള്ള കഠിന വ്യായാമം ഹൃദയത്തിന്റെ രക്തവിതരണ സമവാക്യത്തിൽ പെട്ടെന്ന് പൊരുത്തക്കേടുണ്ടാക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. അപൂർവ സന്ദർഭങ്ങളിൽ ഒബ്സ്ട്രക്റ്റീവ് കാർഡിയോമയോപ്പതി പോലുള്ള ഹൃദയപേശികളിലെ ജനിതക വൈകല്യമുള്ള ആളുകൾക്കും കഠിനമായ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ഹൃദയഘാതമുണ്ടാകാം. ഈ ജനിതകവൈകല്യമുള്ളത് അറിയാതെ പോകുന്നവരും നമുക്കിടയിലുണ്ട്. അതുകൊണ്ടാണ് വ്യായാമമോ ജിമ്മൽ വർക്കൌട്ടോ ആരംഭിക്കുന്നതിന് മുമ്പ് കൃത്യമായ പരിശോധനകൾക്ക് വിധേയരാകണമെന്ന് നിർദേശിക്കുന്നത്.