പല്ലുകളുടെ ആരോഗ്യം മൊത്തം ആരോഗ്യത്തെ ബാധിക്കുമോ? ദന്താരോഗ്യം ഒരാളുടെ മൊത്തം ആരോഗ്യത്തെ ബാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഗുരുതരമായ മോണരോഗം ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കും. എങ്ങനെയെന്ന് നോക്കാം.
പല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന മറ്റ് രോഗങ്ങൾ
- ഹൃദ്രോഗം
മോണരോഗം ഗുരുതരമാകുമ്പോൾ ബാക്ടീരിയകൾ രക്തത്തിൽ കലർന്ന് ഹൃദയധമനികളിലേക്ക് സഞ്ചരിക്കും. ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയാഘാതമോ സ്ട്രോക്കോ വരാൻ ഇത് കാരണമാകുന്നു.
- എൻഡോകാർഡിറ്റിസ്
ഹൃദയ അറകളുടെയോ വാൽവുകളുടെയോ (എൻഡോകാർഡിയം) ആന്തരിക പാളിയിലെ അണുബാധയാണിത്. വായിൽ നിന്നോ മറ്റ് ശരീരഭാഗത്ത് നിന്നോ ഉള്ള ബാക്ടീരിയകളോ മറ്റ് അണുക്കളോ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ഹൃദയത്തിലെ ചില ഭാഗങ്ങളിൽ എത്തുകയും ചെയ്യുമ്പോഴാണ് ചെയ്യുമ്പോഴാണ് സാധാരണയായി ഈ അസുഖം വരുന്നത്.
- ഗർഭധാരണവും ജനന സങ്കീർണതകളും
ഗർഭിണികളിൽ മോണയിലെ അണുബാധ മാസം തികയാതെ പ്രസവിക്കാനും കുഞ്ഞിന്റെ ഭാരം കുറയാനും കാരണമാകാറുണ്ട്.
- ശ്വാസകോശ രോഗങ്ങൾ
വായിലെ ചില ബാക്ടീരിയകൾ നിങ്ങളുടെ ശ്വാസകോശത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത് ന്യുമോണിയയ്ക്കും മറ്റ് ശ്വാസകോശ രോഗങ്ങൾക്കും കാരണമാകും.
- അൽഷിമേഴ്‌സ്
ബാക്ടീരിയ നാഡികളിലൂടെയോ രക്തപ്രവാഹത്തിലൂടെയോ തലച്ചോറിലേക്ക് പ്രവേശിക്കാം, ഇത് അൽഷിമേഴ്‌സ് രോഗത്തിലേക്ക് നയിച്ചേക്കാം.
- പ്രമേഹം
മോണരോഗം വരുത്തുന്ന ബാക്‌ടീരിയകൾ പ്രമേഹരോഗികളിൽ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിക്കുന്നു. അതുപോലെ പ്രമേഹമുള്ളവർക്ക് മോണരോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
- റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
മോണരോഗം പല്ലുകൾ എളുപ്പം കൊഴിയാൻ കാരണമാകും. ഇത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ദന്തസംരക്ഷണം എങ്ങനെ?
വായിലും മോണകളിലും അണുബാധ ഉണ്ടാകാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരിയായ രീതിയിൽ ദന്തസംരക്ഷണം നടത്തിയാലേ അണുബാധയെ ചെറുക്കാൻ സാധിക്കൂ. പല്ലുകൾ ഫ്ലൂറൈഡ് അടങ്ങിയ ടൂത്തപേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുക. പല്ലുകളുടെ ഇടക്കുള്ള അഴുക്കുകൾ മാറ്റുക, കൃത്യമായി വായ കഴുകുക. വർഷത്തിൽ രണ്ടുതവണ ദന്തരോഗ വിദഗ്ധനെ കണ്ട് പരിശോധനകൾ നടത്തുന്നത് നല്ലതാണ്.