സാധാരണഗതിയിൽ മലയാളികളുടെ ഭക്ഷണക്രമം രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെയാണ്. ഇതിനിടെ വൈകുന്നേരം ചായയും പലഹാരവും കഴിക്കുന്നവരുണ്ട്. രാവിലെ എഴുന്നേറ്റശേഷം പ്രഭാതഭക്ഷണത്തിന് മുമ്പായി ചായ മാത്രമായി കുടിക്കുന്ന ശീലവും പൊതുവെ മലയാളികൾക്കുണ്ട്. എന്നാൽ രാത്രിയിലെ ഭക്ഷണം എപ്പോഴാണ് കഴിക്കേണ്ടത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
രാത്രിയിൽ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യമെന്ന് വിദഗ്ധർ പറയുന്നത്. ഭക്ഷണം നന്നായി ദഹിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കും. അതുകൊണ്ടുതന്നെ ഏഴ് മണിക്ക് മുമ്പ് രാത്രി ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും ഡയറ്റീഷ്യൻമാർ പറയുന്നു.
എന്നാൽ രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് അർദ്ധരാത്രിയിൽ വിശപ്പിന് കാരണമാകുകയോ ഉറക്കം നഷ്ടപ്പെടുത്തുകയോ ചെയ്യുമോ?
നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന ജൈവ ഘടികാരമുണ്ടെന്ന് കേട്ടിട്ടില്ലേ. അതുപോലെ നമ്മുടെ ശരീരത്തിന് ഭക്ഷണം കഴിക്കാൻ ഒരു ജൈവ ഘടികാരമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വളരെ വൈകിയോ കൃത്യതയല്ലാത്ത സമയങ്ങളിലോ ഭക്ഷണം കഴിച്ചാൽ ശരീരത്തിന്റെ ഈ ജൈവഘടികാരം കുഴപ്പത്തിലാകും. അത് നമ്മുടെ ഉറക്കത്തെയും ആരോഗ്യകരമായ ഭാരം നിലനിർത്താനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കും.
ഇനി രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതാണോ? അല്ല എന്നു തന്നെയാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും. രാവിലെ നന്നായി ഭക്ഷണം കഴിക്കുകയും രാത്രിയിൽ ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്നും വിദഗ്ധർ പറയുന്നു.
കൃത്യമായി രാവിലെ നന്നായി ഭക്ഷണം കഴിക്കുന്നവർ രാത്രിയിൽ ലഘുവായി ഭക്ഷണം കഴിച്ചാൽ അർദ്ധരാത്രിയിൽ ഉറക്കം നഷ്ടമാകില്ലെന്നും വിശപ്പ് അനുഭവപ്പെടില്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
രാത്രിയിൽ എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്?
ഇതേക്കുറിച്ച് ഇപ്പോഴും കൃത്യമായ ഒരു ഉത്തരം ഗവേഷകർ നൽകുന്നില്ല. എന്നാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതുകൊണ്ട് 11 മണിക്ക് ഉറങ്ങുന്നവർ 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്നും ഡയറ്റീഷ്യൻമാർ പറയുന്നു. അതിനു ശേഷം രാത്രി വൈകിയുള്ള ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നത് അസിഡിറ്റി ലഘൂകരിക്കാൻ സഹായിക്കും. രാത്രി വൈകിയും അനിയന്ത്രിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഭക്ഷണശീലത്തിൽ മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്.
കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒരുതവണ കഴിക്കുന്ന ഭക്ഷണത്തിൽ കുറഞ്ഞത് 30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തണം. അതുപോലെ മൂന്നു നേരം വയറ് നിറച്ച് കഴിക്കുന്നതിന് പകരം വിശക്കുമ്പോഴൊക്കെ ചെറിയ അളവിൽ ആറു നേരമായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.