Vegan Mayonnaise | മുട്ടയും എണ്ണയും ഇല്ലാത്ത മയോണൈസ്; ഉണ്ടാക്കാം ഒരുമിനിട്ടിൽ

ധാരാളം എണ്ണയും വേവിക്കാത്ത മുട്ടയും ചേർത്ത് ഉണ്ടാക്കുന്നതാണ് മയോണൈസ്. മന്തി, അൽഫാം തുടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്ന മയോണൈസ് പലപ്പോഴും ഭക്ഷ്യവിഷബാധക്ക് കാരണമാകാറുണ്ട്. ഏറെ നേരം സൂക്ഷിക്കാൻ സാധിക്കാത്ത ഈ ഭക്ഷണപദാർഥം മതിയായ മുൻകരുതലുകൾ ഇല്ലാതെ കഴിക്കുന്നതാണ് കുഴപ്പമാകുന്നത്.

വർദ്ധിച്ചുവരുന്ന ഭക്ഷ്യവിഷബാധ കണക്കിലെടുത്ത് നോൺ-വെജ് മയോണൈസ് വിളമ്പില്ല എന്ന് കേരള ബേക്കേഴ്‌സ് അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്. റെസ്റ്റോറന്റുകളിലും ഇനി മുതൽ വെജിറ്റബിൾ മയോണൈസ് ആകും ലഭ്യമാകുക എന്ന് പ്രതീക്ഷിക്കാം.

Also Read: ഭക്ഷ്യവിഷബാധ; കാരണങ്ങൾ, ലക്ഷണങ്ങൾ

മുട്ടയും എണ്ണയും ഇല്ലാതെ എങ്ങനെ മയോണൈസ് തയ്യാറാക്കാം?

മയോണൈസിൽ ചേർക്കുന്ന മുട്ടയാണ് കുഴപ്പക്കാരൻ എന്നതുകൊണ്ട് ബേക്കറികളിലും ഹോട്ടലുകളിലും മുട്ട ചേർക്കാത്ത മയോണൈസ് ലഭ്യമാകും. എന്നാൽ, ആരോഗ്യപ്രശ്ങ്ങൾ ഉള്ളവർ എണ്ണ ചേർത്ത മയോണൈസ് കഴിക്കുന്നതും ബുദ്ധിയല്ല. പ്രമേഹരോഗികൾ, തൈറോയ്ഡ്, പിസിഒഎസ് തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി മയോണൈസ് പരിചയപ്പെട്ടാലോ? മുട്ടയോ എണ്ണയോ ഉപയോഗിക്കാതെ വെറും ഒരുമിനിട്ടിൽ ഈ മയോണൈസ് തയ്യാറാക്കാം. ഒന്നോ രണ്ടോ ദിവസം പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാം. ആരോഗ്യപ്രദമായ കശുവണ്ടി, വെളുത്തുള്ളി എന്നിവയാണ് ഈ മയോണൈസിലെ മുഖ്യ ചേരുവകൾ.

ചേരുവകൾ:
25 കശുവണ്ടി
3 വെളുത്തുള്ളി അല്ലി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലാത്തവർ ഒരു അല്ലി ചേർത്താലും മതിയാകും)
അര നാരങ്ങയുടെ നീര്
1/3 ടീസ്പൂൺ ഉപ്പ്
1/4 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ (വിനെഗർ ചേർക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഈ ചേരുവയും ഒഴിവാക്കാവുന്നതാണ്)
1/4 കപ്പ് വെള്ളം (കട്ടിയുള്ള മയോണൈസിന്‌ വെള്ളം കുറച്ച് ചേർക്കുക)

  • ആദ്യം കശുവണ്ടി പത്തുമിനിറ്റ് കുതിർത്തുവെക്കണം.
  • മിക്സിയുടെ ചെറിയ ജാറിൽ വെള്ളം ഒഴികെയുള്ള ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക.
  • വെള്ളം ചേർത്ത് മയോണൈസ് ആവശ്യത്തിന് കട്ടിയിൽ അരച്ചെടുക്കുക.
  • ഒരു പാത്രത്തിലേക്ക് മാറ്റുക.

രുചികരവും ആരോഗ്യപ്രദവുമായ ഈ മയോണൈസ് വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കും ഏതെങ്കിലും ആരോഗ്യപ്രശനങ്ങൾ ഉള്ളവർക്കും കുട്ടികൾക്കും എല്ലാം പേടികൂടാതെ കഴിക്കാവുന്നതാണ്.

Summary: How to make oil-free and eggless mayonnaise in just one minute.

2 thoughts on “Vegan Mayonnaise | മുട്ടയും എണ്ണയും ഇല്ലാത്ത മയോണൈസ്; ഉണ്ടാക്കാം ഒരുമിനിട്ടിൽ

Comments are closed.