ലോകത്ത് 2023ൽ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ ഒന്നായി കേരളം; ഇന്ത്യയിൽനിന്നുള്ള ഏക സ്ഥലം

വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. 

കേരള ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച വില്ലേജ് ടൂറിസം പദ്ധതിയെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. പ്രാദേശികജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടാത്ത തരത്തിൽ ടൂറിസം നടപ്പാക്കുന്ന നിരവധി ഇടങ്ങളുണ്ടെന്നും എന്നാൽ കേരളം അങ്ങനെയല്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. “കടൽത്തീരങ്ങൾക്കും കായലുകൾക്കും വൈക്കത്തഷ്ടമി പോലുള്ള ഉത്സവങ്ങൾക്കും പേരുകേട്ട കേരളത്തിൽ സർക്കാർ പുതിയൊരു രീതി സ്വീകരിച്ചിരിക്കുന്നു. സന്ദർശകരെ ഗ്രാമീണജീവിതം അനുഭവിച്ചറിയാൻ അനുവദിക്കുമ്പോൾ അതിഥേയത്വം വഹിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങൾക്ക് പിന്തുണയും ലഭിക്കുന്നു.” റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. കനാലുകളിലൂടെ വഞ്ചി തുഴഞ്ഞു സഞ്ചരിക്കാനും കയർ പിരിക്കാനും തെങ്ങിൽ കയറാനും ഇവിടെ അവസരമുണ്ട്. മറവൻതുരുത്തിലെ ഗ്രാമീണപാതകളിലൂടെ സഞ്ചരിക്കാനും ക്ഷേത്രത്തിലെ കലാരൂപങ്ങൾ ആസ്വദിക്കാനുമുള്ള അവസരത്തെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം തുറന്നുകൊടുത്ത സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് കേരള ടൂറിസത്തെ തേടി അന്താരാഷ്ട്ര അംഗീകാരം എത്തിയത്. കേരളത്തിലെ പ്രധാനപ്പെട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് കഴിഞ്ഞ കുറേ കാലമായി അനുഭവപ്പെടുന്നത്. ടൂറിസത്തിന്‍റെ വികസനത്തിനായി ഒട്ടേറെ പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്. കേരള സർക്കാർ കൊണ്ടുവന്ന കാരവൻ ടൂറിസം പദ്ധതിക്കും വലിയ അംഗീകാരമാണ് ലഭിച്ചത്. ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി പ്രത്യേക സൊസൈറ്റിയും സർക്കാർ രൂപീകരിക്കുന്നുണ്ട്. ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ നിലവിൽ 24000 പ്രാദേശിക യൂണിറ്റുകൾ വഴി ഒന്നരലക്ഷം കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു.

Summary: Kerala included in the list of 52 places to visit in 2023.