ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ ആയുസ് വർദ്ധിക്കുമോ?

ദിവസവും 6-8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ആയുസ് വർദ്ധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻഐഎച്ച്) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്തത്തിൽ ഉയർന്ന സെറം സോഡിയം ഉള്ള മധ്യവയസ്കരായ ആളുകൾക്ക് മോശം ആരോഗ്യവും നേരത്തെയുള്ള മരണ സാധ്യതയും കൂടുതലാണെന്ന് പഠനസംഘം പറയുന്നു. ഒരു വ്യക്തി ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോഴാണ് രക്തത്തിലെ സെറം സോഡിയത്തിന്റെ അളവ് വർദ്ധിക്കുന്നത്. ആരോഗ്യകരമായ സെറം സോഡിയത്തിന്റെ അളവ് ലിറ്ററിന് 135-145 മില്ലിക്വിവലന്റ് (mEq/L) വരെയാണ്.

കൂടാതെ, കുറഞ്ഞ സെറം സോഡിയം അളവ് (142 mEq/L-ൽ താഴെ) ഉള്ള ആളുകൾക്ക് പ്രായമേറുന്നത് 50 ശതമാനത്തോളം വൈകുന്നതായും ഗവേഷകർ കണ്ടെത്തി. സ്ഥിരമായി കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുന്നവരുടെ ആയുസ് കൂടുതലായിരിക്കും. 

നന്നായി വെള്ളം കുടിക്കുന്ന പ്രായമായവർക്ക് മലബന്ധം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെന്നും മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ശാരീരിക അധ്വാനമോ തീവ്രമായ കായിക പ്രവർത്തനങ്ങളോ ചെയ്യുന്നവരും ചൂടുള്ള അന്തരീക്ഷത്തിൽ ഉള്ളവരും കൂടുതൽ വെള്ളം കുടിക്കണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. 

എന്നാൽ ഹൃദയം, വൃക്ക എന്നിവ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികൾ വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തണം. അനാവശ്യമായി കൂടുതൽ വെള്ളം കുടിക്കുന്നത് ഹൈപ്പോനാട്രീമിയയുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. ഇത്തരക്കാർ അവരുടെ ഡോക്ടറുടെ നിർദേശാനുസരണമാണ് കുടിക്കേണ്ട വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കേണ്ടത്. 

ഇക്കാലത്ത് ആളുകൾ വെളളം കുടിക്കുന്നത് കുറവാണെന്നാണ് വിവിധ പഠനങ്ങളിൽ വ്യക്തമായത്. കുട്ടികളുൾപ്പെടെ 50 ശതമാനം ആളുകളും നിർദേശിക്കപ്പെടുന്ന അളവ് വെള്ളം കുടിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ജീവിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

Also Read: ആരോഗ്യത്തോടെ ജീവിക്കാൻ ലളിതമായ 4 കാര്യങ്ങൾ

Summary: Can drinking eight glasses of water a day increase your lifespan?