ഇനി പരീക്ഷകളുടെ കാലം; ഉന്നതവിജയത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പത്താം ക്ലാസിലെ മോഡൽ പരീക്ഷയും ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികളുടെ പരീക്ഷകളും ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കും. നന്നായി പഠിക്കുന്നുണ്ടെങ്കിലും അമിതമായ മാനസികസമ്മർദ്ദം കാരണം പരീക്ഷകളിൽ മികച്ച പ്രകടനം നടത്താനാകാത്ത വിദ്യാർഥികളുണ്ട്. എങ്ങനെയാണ് പരീക്ഷകൾക്കായി തയ്യാറെടുക്കേണ്ടത്. പരീക്ഷാ ഹാളിൽ മികച്ച പ്രകടനത്തോടെ ഉന്നത വിജയത്തിലേക്ക് പോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ടൈം ടേബിൾ

പരീക്ഷകൾ ലക്ഷ്യമിട്ട് പഠനത്തിനായി വിദ്യാർത്ഥികൾ പ്രത്യേകമായി ഒരു ടൈംടേബിൾ തയ്യാറാക്കുകയാണെന്ന് ഒന്നാമത്തെ കാര്യം. ഇത് അവരുടെ ശരീരത്തെയും മനസിനെയും പരീക്ഷകൾക്കുവേണ്ടി മികച്ച രീതിയിൽ തയ്യാറെടുക്കാൻ സഹായിക്കുന്നു. പഠിത്തത്തിനിടയ്ക്ക് കുറച്ച് ഇടവേള എടുക്കുകയും പഠിക്കുന്ന കാര്യങ്ങൾ ഓരോ ദിവസവും റിവിഷൻ നടത്തുകയും വേണം. എല്ലാ ദിവസവും ഉറങ്ങാനും വിശ്രമിക്കാനുമുള്ള സമയം ടൈംടേബിളിൽ ഉൾപ്പെടുത്തണം.

വ്യായാമം

പരീക്ഷക്കാലത്ത് മിക്ക വിദ്യാർത്ഥികളും പഠനത്തിനായി ധാരാളം സമയം ചെലവഴിക്കുന്നു, ഇതുകാരണം ശാരീരികപ്രവർത്തനങ്ങൾ കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിനുണ്ടാകുന്ന ക്ഷീണം മനസിനെയും ബാധിക്കും. അതുകൊണ്ടാണ് പഠനത്തോടൊപ്പം അര മണിക്കൂർ മുതൽ ഒരു മണിക്കൂറോളം സമയം വ്യായാമത്തിനായി മാറ്റിവെക്കണം എന്ന് പറയുന്നത്.

യോഗയും ധ്യാനവും

ഏറെ സമയവും ഉറക്കമിളച്ചിരുന്ന പഠിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ പഠനത്തിനായി കൂടുതൽ സമയം മാറ്റിവെക്കുന്നതിനൊപ്പം മാനസികമായി കരുത്താർജ്ജിക്കുന്നതിനും ആത്മവിശ്വാസവും ഏകാഗ്രതയും വർദ്ധിപ്പിക്കാനും ശ്രമിക്കണം. ഇത് പരീക്ഷകളിൽ ഉന്നതവിജയം നേടുന്നതിന് വളരെ പ്രധാനമാണ്. ആത്മവിശ്വാസവും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ യോഗയും ധ്യാനവും വിദ്യാർഥികളെ സഹായിക്കും. ദിവസവും 15 മിനിറ്റ് യോഗയും ധ്യാനവും ചെയ്താൽ അത് പഠനത്തിന് വളരെയധികം ഗുണം ചെയ്യും.

ആരോഗ്യകരമായ ഭക്ഷണശീലം

പരീക്ഷകൾക്കായി തയ്യാറെടുക്കുമ്പോൾ ഭക്ഷണ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണശീലമാണ് പരീക്ഷക്കാലത്ത് പിന്തുടരേണ്ടത്. പാൽ, പഴങ്ങളും പച്ചക്കറികളും, ബദാം, വാൽനട്ട്, ഉണക്കമുന്തിരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും വേണം

സംഗീതവും മറ്റ് വിനോദങ്ങളും

പരീക്ഷയ്ക്കായി നിരന്തരം പഠിക്കുമ്പോൾ മനസിന് ആവശ്യത്തിന് വിശ്രമം നൽകുകയും സമ്മർദ്ദം ഒഴിവാക്കുകയും വേണം. ഇതിനായി പഠനത്തിൻറെ ഇടവേളകളിൽ സംഗീതം ആസ്വദിക്കുകയോ മറ്റ് ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം. ഇത് പരീക്ഷകളെ കൂടുതൽ പോസിറ്റീവായി സമീപിക്കാൻ വിദ്യാർഥികളെ സഹായിക്കും. അതുപോലെ പരീക്ഷാ പഠനത്തിനിടെ വിദ്യാർഥികളുടെ മേൽ മാതാപിതാക്കൾ ഒരുകാരണവശാലും അനാവശ്യമായ സമ്മർദ്ദം ചെലുത്തരുത്. കാരണം ഇന്നത്തെ കുട്ടികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടേണ്ടതിനെക്കുറിച്ചും കരിയറിൽ എങ്ങനെ മുന്നോട്ടുപോകണമെന്നതിനെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയുണ്ട്.