ന്യൂമോണിയ തുടക്കത്തിൽ തിരിച്ചറിയുന്നത് എങ്ങനെ?

സാധാരണയായി ബാക്ടീരിയയും വൈറസും മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് ന്യൂമോണിയ. ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരമാകുന്ന ന്യൂമോണിയയുടെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രോഗകാരിയായ ബാക്ടിരീയ സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയയാണ്. ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലൂ ആണ് ന്യൂമോണിയയുടെ സാധാരണ വൈറൽ കാരണം. ലോകത്ത് ആകെ റിപ്പോർട്ട് ചെയ്യുന്നതിൽ 23 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയിലെ ന്യൂമോണിയ മരണനിരക്ക് 14 മുതൽ 30 ശതമാനം വരെയാണ്.

മുതിർന്നവരിൽ ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങൾ പനി, വിറയൽ, ശ്വാസതടസം, ശ്വസിക്കുമ്പോൾ നെഞ്ചുവേദന, ഹൃദയസ്പന്ദനത്തിന്റെയും ശ്വസനത്തിന്റെയും വർദ്ധനവ്, ഓക്കാനം, ഛർദ്ദി, വയറിളക്കം, പലപ്പോഴും പച്ചയോ മഞ്ഞയോ കഫം ഉണ്ടാക്കുന്ന ചുമ എന്നിവയാണ്. എന്നാൽ കുട്ടികളിൽ നിർജ്ജലീകരണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ശരിയായി ഭക്ഷണം കഴിക്കാതിരിക്കുക, ചുമ, പനി, ക്ഷീണം, ചുമയ്ക്ക് ശേഷം ഛർദ്ദി തുടങ്ങി വ്യത്യസ്ത ലക്ഷണങ്ങൾ ഉണ്ടാകാം.

ന്യൂമോണിയ തുടക്കത്തിൽ അത്ര പ്രശ്നമുണ്ടാക്കില്ല. എന്നാൽ യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സ നൽകിയില്ലെങ്കിൽ ഇത് ഗുരുതരമാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ന്യൂമോണിയയുടെ ആദ്യസമയ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് അറിയാനാകും. അവ എന്തൊക്കെയെന്ന് നോക്കാം.

  • കഫത്തോടുകൂടിയ പനിയും ചുമയും.
  • ദൈനംദിന ജോലികൾ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ശ്വസിക്കാൻ ബുദ്ധിമുട്ട്
  • ശ്വസിക്കുമ്പോൾ നെഞ്ചുവേദന
  • ജലദോഷം അല്ലെങ്കിൽ പനി മാറിയതിന് ശേഷം വീണ്ടും വരുന്ന അവസ്ഥ
  • കഫത്തോട് കൂടിയ ചുമ. കഫം പച്ചയോ മഞ്ഞയോ കലർന്ന നിറത്തിൽ കാണുന്നത്
  • ശരീരവേദനയോട് കൂടിയ പനി. രാത്രികാലങ്ങളിൽ വിറയലോട് കൂടിയ പനി

ന്യൂമോണിയ സാധാരണയായി രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി, നിലവിലെ ശാരീരിക അവസ്ഥ, നെഞ്ചിന്റെ എക്സ്-റേ എന്നിവ ഉപയോഗിച്ചാണ് ഡോക്ടർമാർ നിർണയിക്കുന്നത്. രക്തപരിശോധന, കഫം പരിശോധന തുടങ്ങിയവയും ചിലരിൽ സിടി സ്കാനും ബ്രോങ്കോസ്കോപ്പിയും നടത്തിയും ന്യുമോണിയ സ്ഥിരീകരിക്കാനാകും.

ചികിത്സ

ന്യൂമോണിയ അത്രത്തോളം ഗുരുതരമല്ലെങ്കിൽ ആൻറിബയോട്ടിക് ഗുളികകൾ നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ന്യൂമോണിയയുടെ തീവ്രത കൂടുതലാണെങ്കിൽ ആശുപത്രിയിൽ കിടത്തി ആൻറി ബയോട്ടിക് ഇഞ്ചക്ഷൻ നൽകുകയാണ് ചെയ്യുന്നത്.

ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ശാരീരിക ഊഷ്മാവ്, ഓക്സിജന്റെ അളവ് എന്നിവ നിരീക്ഷിക്കുന്നതിനായി ഗുരുതരമായ അസുഖമുള്ളവരോ സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലുള്ളവരോ ആയ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കാം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകൾക്ക് സാധാരണയായി ആൻറിബയോട്ടിക്ക് ഇഞ്ചക്ഷൻ നൽകും. മൂന്നോ അഞ്ചോ ദിവസത്തെ ആൻറിബയോട്ടിക് ചികിത്സയ്ക്ക് ശേഷം മിക്ക ആളുകളും രോഗമുക്തി നേടും എന്നിരുന്നാലും രണ്ട് ആഴ്ച വരെ ഡോക്ടർമാർ ഇവർക്ക് വിശ്രമം നിർദേശിക്കാറുണ്ട്.

പ്രതിരോധം

ന്യൂമോണിയയും അതിന്റെ സങ്കീർണതകളും തടയുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് വാക്സിനേഷൻ. ന്യൂമോകോക്കൽ വാക്‌സിനും ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലൂ വാക്‌സിനും ഏറ്റവും സാധാരണയായി ലഭ്യമായ വാക്‌സിനുകളാണ്.

ന്യൂമോണിയ തടയുന്നതിനുള്ള ഒരു പ്രധാന മാർഗം പുകവലി ഉപേക്ഷിക്കുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക അല്ലെങ്കിൽ സാനിറ്റൈസറോ സ്പിരിറ്റോ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് പോലുള്ള അണുബാധ നിയന്ത്രണ രീതികൾ വളരെ ഫലപ്രദമാണ്.

ന്യൂമോണിയയുടെ ലക്ഷണങ്ങളുള്ള ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും തൂവാലയും മറ്റുള്ളവർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകുക.

Also Read: ആസ്ത്മ ചികിത്സയിൽ പ്രതീക്ഷയേകുന്ന പുതിയ മുന്നേറ്റങ്ങൾ

Content summary: Pneumonia – Diagnosis and treatment. How to diagnose pneumonia in starting stage.