വന്ധ്യതയെ ചെറുക്കാൻ 7 സൂപ്പർഫുഡുകൾ

ആന്റിഓക്സിഡന്റുകൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണ് പൊതുവെ സൂപ്പർഫുഡ്‌സ് എന്നറിയപ്പെടുന്നത്. പോഷകങ്ങൾ അടങ്ങിയ ഇവ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗർഭധാരണത്തിന് സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വന്ധ്യതക്ക് ഒരു പരിധിവരെ പരിഹാരമാകാറുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പോഷകസമൃദ്ധമായ ഭക്ഷണം പ്രത്യുൽപ്പാദനത്തെ ഗുണകരമായ രീതിയിൽ സ്വാധീനിക്കും. ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ഗർഭധാരണത്തിന് ആവശ്യമായ ഹോർമോണുകളും പോഷകങ്ങളും നൽകാനും ചില ഭക്ഷണങ്ങൾ സഹായിക്കും. ഒമേഗ 3 , ഫോളിക് ആസിഡ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ഗർഭധാരണത്തെ സഹായിക്കും. വന്ധ്യതയെ ചെറുക്കാൻ കഴിയുന്ന 7 സൂപ്പർഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇലക്കറികൾ

വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പുനരുജ്ജീവനത്തിനും ശരീരം ശുദ്ധീകരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. അണ്ഡോൽപ്പാദനപ്രക്രിയയെ സഹായിക്കാൻ ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക.

ഒമേഗ 3

വന്ധ്യതക്ക് പ്രധാനമായും കാരണമാകുന്ന ഒന്ന് ഹോർമോൺ വ്യതിയാനമാണ്. ഇത് പരിഹരിക്കാൻ ഒമേഗ 3 സഹായിക്കും. അണ്ഡോൽപ്പാദനം, ഗർഭാശയത്തിലേക്കുള്ള രക്തപ്രവാഹം എന്നിവ മെച്ചപ്പെടുത്താനും ഒമേഗ 3 സഹായിക്കും. സാൽമൺ, ചൂര, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ നിന്നും നട്സിൽ നിന്നും ശരീരത്തിന് ഒമേഗ 3 ലഭിക്കും.

വിറ്റാമിൻ ഡി

ഗർഭധാരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോണായ AMH ഉൽപ്പാദനം വർദ്ധിപ്പിക്കാൻ വിറ്റമിൻ ഡി സഹായിക്കും. അണ്ഡോൽപ്പാദനത്തെ സഹായിക്കുന്ന മറ്റൊരു ഹോർമോണായ FSH ന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രൊജസ്റ്ററോൺ ഉൽപ്പാദനം വർദ്ധിപ്പിക്കാനും വിറ്റാമിൻ ഡി സഹായിക്കും.

പ്രോബയോട്ടിക്‌സ്

ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്‌സ്. പ്രത്യുൽപ്പാദന അവയവങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ഇവ സഹായിക്കും. തൈര് പ്രോബയോട്ടിക്സിന് ഒരു ഉദാഹരണമാണ്.

പഴങ്ങളും ബെറികളും

പഴങ്ങൾ, ബെറികൾ എന്നിവയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപ്പാദനത്തിന് സഹായകരമാണ്.

പയർ, പരിപ്പ് വർഗ്ഗങ്ങൾ

ഫൈബർ, ഫോളേറ്റ് എന്നിവയടങ്ങിയ പയറും പരിപ്പ് വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ വ്യതിയാനമുൾപ്പെടെയുള്ള വന്ധ്യതാ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

ഫൈബർ

നാരുകളടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹോർമോൺനില നിലനിർത്താനും സഹായകരമാണ്.

Also Read: പുരുഷൻമാരിലെ വന്ധ്യത: ബീജത്തിന്‍റെ എണ്ണവും ഗുണവും എങ്ങനെ വർദ്ധിപ്പിക്കാം?

ഭക്ഷണക്രമീകരണവും വ്യായാമവും ഉൾപ്പെടെയുള്ള ജീവിതരീതികൾ ആരോഗ്യത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. സൂപ്പർ ഫുഡുകൾ കഴിച്ചതുകൊണ്ട് മാത്രം വന്ധ്യതയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ല. വന്ധ്യതയിലേക്ക് നയിക്കുന്ന കാരണം കണ്ടെത്തി ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഭക്ഷണരീതികളിൽ മാറ്റം വരുത്തുക.

Content Summary: 7 Superfoods to boost fertility.