കൊല്ലം: കേരളത്തിൽ ആരോഗ്യരംഗത്ത് സ്വകാര്യമേഖലയ്ക്ക് ഒപ്പമെത്താൻ സഹകരണപ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. എൻ എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന എൻ എസ് മെഡ്കോൺ ഹൃദ്യം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ കൂടിയായ കെ കെ ശൈലജ. കേരളത്തിൽ പൊതുജനാരോഗ്യരംഗത്ത് സ്വകാര്യ ആശുപത്രി മേഖലക്ക് നിർണ്ണായകമായ സ്വാധീനമുണ്ട്. കുറച്ചുകാലംകൊണ്ടുതന്നെ സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കുമൊപ്പമെത്താൻ സഹകരണ ആശുപത്രികൾക്ക് സാധിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും വിദഗ്ധ സേവനം ലഭ്യമാക്കുന്നതിലും വൻ മുന്നേറ്റം നടത്താൻ സഹകരണമേഖലക്ക് സാധിച്ചിട്ടുണ്ട്. ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ ഡോക്ടർമാർക്ക് പകർന്ന് നൽകുന്നതിന് മെഡിക്കൽ കോൺഫറൻസുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
കൊല്ലം ബീച്ച് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ഹൃദ്രോഗ ചികിത്സയിലെ നൂതന വശങ്ങളെപ്പറ്റിയുള്ള ദേശീയ സെമിനാർ നടന്നത്. എൻ എച്ച് ആശുപത്രി ചീഫ് കാർഡിയോളജിസ്റ്റ് റേച്ചൽ ഡാനിയേൽ അധ്യക്ഷയായി. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ മാധവൻ പിള്ള, സെക്രട്ടറി പി ഷിബു, ഭരണസമിതി അംഗങ്ങളായ സി ബാൾഡുവിൻ, ഡി സുരേഷ്കുമാർ, എസ് സുൽബത്ത് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി സുജയ് രംഗ സ്വാഗതവും ഓർഗനൈസിങ് കോ-ഓർഡിനേറ്റർ എസ് ഷാഹിദ് നന്ദിയും പറഞ്ഞു.
എൻ എസ് ആശുപത്രി ഇന്റൻസിവിസ്റ്റ് ഷിഫാസ് ബഷീർ എസിഎൽഎസ് ഹാൻഡ്സ് ഓൺ വർക്ക്ഷോപ്പ് എന്ന വിഷയത്തിലും നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ മധു ശ്രീധരൻ കൊറോണറി ആർട്ടറി ഡിസീസ് എന്ന വിഷയത്തിലും കോഴിക്കോട് മെത്രാ ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ആശിഷ് കുമാർ ഏറോട്ടിക് ആൻഡ് പെരിഫെറൽ വാസ്കുലാർ ഡിസീസ് എന്ന വിഷയത്തിലും ക്ലാസെടുത്തു. പിആർഎസ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി സ്റ്റൈനി നായർ ഹൈപ്പർ ടെൻഷൻ എന്ന വിഷയത്തിലും ലിസി ആശുപത്രി ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ജാബിർ അബ്ദുള്ളക്കുട്ടി ഹാർട്ട് ഫെയിലിയർ എന്ന വിഷയത്തിലും ക്ലാസെടുത്തു. ലിസി ആശുപത്രി കൺസൾട്ടന്റ് കാർഡിയാക് ഇലക്ട്രോ ഫിസിയോളജിസ്റ്റ് അജിത് തച്ചിൽ കാർഡിയാക് അരിത്മിയാസ് എന്ന വിഷയത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ കാർഡിയോളജി വിഭാഗം മേധാവി എ ജോർജ് കോശി ഡിസ്ലൈപിഡെമിയ എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Content Summary: Former Health Minister KK Shailaja said that cooperative movements have been able to catch up with the private sector in the health sector in Kerala. She was inaugurating the NS Medcon Heart National Seminar organized by NS Cooperative Hospital.