മൂന്നാറിൽ പോകുന്നോ? എന്തൊക്കെ കാണണം

‘മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കീ’- മലയാളക്കരയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്ന്. പ്രകൃതിയുടെ മടിത്തട്ടിൽ ദൃശ്യവിസ്മയമൊളിപ്പിച്ച മനോഹരിയാണ് ഇടുക്കി. ഈ ഇടുക്കിയിലെ തന്നെ സഞ്ചാരികൾക്ക് പ്രിയമേറിയ ഇടമാണ് മൂന്നാർ. മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. ബ്രിട്ടീഷ് ഭരണാധികാരികളുടെ തെക്കേയിന്ത്യയിലെ വേനൽക്കാല സുഖവാസകേന്ദ്രങ്ങളിലൊന്നായിരുന്നു മൂന്നാർ. ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും അനാവൃതമായ ഹൈറേഞ്ച് വിനോദസഞ്ചാരകേന്ദ്രം. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിനെ സന്ദരിയാക്കുന്നത്. മൂന്നാറിൽ പോയാൽ എന്തൊക്കെ കാണണം?

ഇരവികുളം ദേശീയോദ്യാനം

മൂന്നാറിൽ പോകുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലം. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രമാണ് ഇരവികുളം. 97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സംരക്ഷിത വനമേഖല പ്രകൃതിഭംഗി കൊണ്ടാണ് സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി മാറുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുള്ള ഷോലക്കാടുകളും ഇവിടെയുണ്ട്. 

ആനമുടി

തെക്കേയിന്ത്യയിലെ, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിയാണ് ആനമുടി. ഏകദേശം 2700 മീറ്ററോളം ഉയരമുണ്ട് ആനമുടിക്ക്. വനം വകുപ്പിന്റെ അനുമതിയോടെ ആനമുടിയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് അനുമതിയുണ്ട്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം അധികൃതരിൽനിന്നാണ് ആനമുടി ട്രക്കിങ്ങിനുള്ള അനുമതി വാങ്ങേണ്ടത്. 

മാട്ടുപ്പെട്ടി

മൂന്നാര്‍ ടൗണില്‍ നിന്ന് 12 കി. മീ. അകലെയാണ് മാട്ടുപ്പെട്ടിയെന്ന മനോഹര ഭൂപ്രദേശം. 1700 മീറ്റര്‍ ഉയരത്തിലുള്ള മാട്ടുപ്പെട്ടിയില്‍ പഴയ അണക്കെട്ടും വലിയൊരു ജലാശയവുമാണ് സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുള്ള ദൃശ്യവിസ്മയം. ഈ തടാകത്തില്‍ ബോട്ടിംഗിനും സൗകര്യങ്ങളുണ്ട്. ചുറ്റുമുള്ള കുന്നുകളും തോട്ടങ്ങളും കാണാനാകും. ഇന്‍ഡോ-സ്വിസ്സ് പദ്ധതി പ്രകാരം നടക്കുന്ന കന്നുകാലി പ്രജനന കേന്ദ്രവും മാട്ടുപ്പെട്ടിയിലാണ്. കേരളത്തിൽ മറ്റെവിടെയും ഇല്ലാത്തവിധത്തിൽ ഉയര്‍ന്ന പാലുല്പാദന ശേഷിയുള്ള പശുക്കൾ മാട്ടുപ്പെട്ടിയിലുണ്ട്. 

പള്ളിവാസല്‍

മൂന്നാറില്‍ നിന്ന് മൂന്ന് കിലോമീറ്റർ താഴേക്ക് വന്നാൽ ചിത്തിരപുരത്താണ് പള്ളിവാസൽ. സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതി പള്ളിവാസലിലാണ്. കാനനഭംഗം ആസ്വദിക്കാവുന്ന ഒട്ടേറെ റിസോർട്ടുകൾ ഇവിടെയുണ്ട്. 

ചിന്നക്കനാലും ആനയിറങ്കലും

മൂന്നാറിൽ പോകുന്നവർ കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് ചിന്നക്കനാലും ആനയിറങ്കലും. സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പവര്‍ ഹൗസ് വെള്ളച്ചാട്ടമാണ് ചിന്നക്കനാലിലെ ആകർഷകമായ കാഴ്ച. ഇവിടെ നിന്ന് ഏഴ് കിലോമീറ്റർ യാത്ര ചെയ്താൽ ആനയിറങ്കലിലെത്താം. പേര് സൂചിപ്പിക്കുന്നതുപോലെ ആന ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ കാണാൻ സാധിക്കുന്നയിടമാണ് ആനയിറങ്കൽ. തടാകവും ചെറു ഡാമുമൊക്കെയുള്ള ആനയിറങ്കലിൽ പ്രകൃതിഭംഗി ആസ്വദിച്ച് സമയം ചെലവിടാനാകുന്ന റിസോർട്ടുകളുണ്ട്. 

ടോപ് സ്റ്റേഷന്‍

മൂന്നാറിൽ പോകുന്നവരിൽ കൂടുതൽ പേരും സന്ദർശിക്കുന്ന സ്ഥലമാണ് ടോപ് സ്റ്റേഷൻ. മൂന്നാർ പട്ടണത്തിൽ നിന്ന് 32 കി. മീ. അകലെയാണ് ടോപ്‌സ്റ്റേഷന്‍. കൊടൈക്കനാൽ റൂട്ടിൽ സമുദ്ര നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തിലാണ് ടോപ് സ്റ്റേഷൻ. തെക്കുഭാഗത്തായി കൊളുക്കു മലയും, വടക്കു പടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാന്‍ കഴിയുന്ന ടോപ്‌സ്റ്റേഷനില്‍ നിന്ന് കൊടൈക്കനാല്‍ വരെ നീളുന്ന നടപ്പാതയുണ്ട്.

തേയില മ്യൂസിയം

മൂന്നാറിലെ ഏറ്റവും പ്രധാന കൃഷി തേയിലയാണ്. ഏറ്റവും രുചികരമായ തേയില ലഭിക്കുന്ന സ്ഥലമാണിത്. മൂന്നാറിന്‍റെ ചരിത്രം തന്നെ തേയിലയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവർ സന്ദർശിക്കേണ്ട പ്രധാനപ്പെട്ട സ്ഥലമാണ് ടീ മ്യൂസിയം. മൂന്നാറിലെ തേയില തോട്ടങ്ങളുടെ ഉദ്ഭവവും വളർച്ചയും രേഖപ്പെടുത്തുന്ന ടീ മ്യൂസിയം ആരംഭിച്ചത് ടാറ്റാ ടീയാണ്. മൂന്നാറിലെ ടാറ്റാ ടീയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ഈ മ്യൂസിയം. ആദ്യകാലത്ത് സമയമളക്കാന്‍ ഉപയോഗിച്ചിരുന്ന നിഴലളക്കുന്ന സൂര്യഘടികാരം (സണ്‍ഡയല്‍) ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എങ്ങനെ എത്താം

കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽനിന്ന് മൂന്നാറിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകളുണ്ട്. വൈറ്റില ഹബിൽനിന്ന് മൂന്നാറിലേക്ക് നിശ്ചിത ഇടവേളകളിൽ ബസ് ലഭ്യമാണ്. 

അടുത്തുളള റെയില്‍വേസ്റ്റേഷന്‍ : ആലുവ 108 കി.മീ., അങ്കമാലി 109 കി. മീ.

വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  108 കി. മീ

Content Summary: Kerala Tourism – Best places to visit in Munnar, Idukki.