ബോളിവുഡ് താരവും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്നിന് ഹൃദയാഘാതം ഉണ്ടായ വാർത്ത ആരാധകരിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. രണ്ടുദിവസം മുൻപ് തനിക്ക് ഹൃദയാഘാതമുണ്ടായതായി ഇൻസ്റാഗ്രാമിലൂടെ സുസ്മിത തന്നെയാണ് അറിയിച്ചത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായതായും താരം അറിയിച്ചു.
ഫിറ്റ്‌നസിന്റെ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് സുസ്മിത. എന്നിട്ടും താരത്തിന് ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇതിനുമുൻപും സുസ്മിതക്ക് ആരോഗ്യപ്രശനങ്ങൾ ഉണ്ടായിട്ടുണ്ട്. 2014ലാണ് അവർക്ക് അഡിസൺസ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഭാഗമായി താരം സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ട്.
എന്താണ് അഡിസൺസ് രോഗം?
അഡ്രീനൽ ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് അഡിസൺസ് രോഗത്തിന് കാരണം. കോർട്ടിസോൾ, ആൽഡോസ്റ്റെറോൺ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നത് അഡ്രീനൽ ഗ്രന്ഥിയാണ്. ഈ ഹോർമോണുകളുടെ അപര്യാപ്തത ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. രക്തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നിവ നിലനിർത്തുന്നതുൾപ്പെടെ പല ശാരീരികപ്രവർത്തനങ്ങളെയും സഹായിക്കുന്ന ഹോർമോണുകളാണിവ.
അഡിസൺസ് രോഗം: ലക്ഷണങ്ങൾ
- കഠിനമായ ക്ഷീണം
- ചർമ്മത്തിൽ ഇരുണ്ട പാടുകൾ
- വയറുവേദന
- ഓക്കാനം, ഛർദ്ദി
- അതിസാരം
- വിശപ്പില്ലായ്മ ശരീരഭാരം കുറയുന്നതും
- പേശീവേദന, പേശിവലിവ്
- നിർജ്ജലീകരണം
- താഴ്ന്ന രക്തസമ്മർദ്ദം
- ക്ഷോഭം, വിഷാദം, ഏകാഗ്രത കുറവ്
- ഉപ്പിട്ട ഭക്ഷണത്തോടുള്ള ആസക്തി
- രക്തത്തിലെ പഞ്ചസാര കുറയുന്നത്
Content Summary: Sushmita Sen suffers heart attack; Is Addison’s disease the reason? What is Addison’s disease? Symptoms of Addison’s disease.
Image Source: Sushmita Sen/Instagram