കോവിഡ് ഭീഷണി ഒഴിയുംമുൻപേ രാജ്യത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. ചുമയോട് കൂടിയ കടുത്ത പനിയാണ് കൂടുതൽപേരിലും കണ്ടുവരുന്നത്. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ബാധമൂലമുണ്ടാകുന്ന പനിയാണ് ഇത്. ഈ സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന പനി കാലാവസ്ഥാവ്യതിയാനം കാരണം ഉണ്ടാകുന്നതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. പനി മാറിയാലും ചുമ മൂന്നാഴ്ചയോളം നീണ്ടുനിൽക്കും. ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിന് കാരണമാകും. മറ്റ് ഫ്ലൂ സബ്ടൈപ്പുകളേക്കാൾ ഗുരുതരമായതാണ് H3N2 എന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് മുന്നറിയിപ്പ് നൽകുന്നു.
എന്താണ് H3N2 ഇൻഫ്ലുവൻസ?
മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് H3N2 ഇൻഫ്ലുവൻസ. ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമായ ഈ വൈറസ് പരത്തുന്ന അസുഖം “ഹോങ്കോംഗ് ഫ്ലൂ” എന്നും അറിയപ്പെടുന്നു. സാധാരണ കണ്ടുവരുന്ന ഫ്ലൂ വേരിയന്റുകളെക്കാൾ അപകടകാരിയാണ് H3N2.
ലക്ഷണങ്ങൾ
പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരം വേദന, തലവേദന, ക്ഷീണം തുടങ്ങിയവയാണ് H3N2 ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം.
വളരെവേഗം പടർന്നുപിടിക്കുന്ന ഒരു പകർച്ചവ്യാധിയാണ് H3N2 ഇൻഫ്ലുവൻസ. രോഗം ബാധിച്ചവരുമായി ഇടപഴകുന്നത് രോഗം പകരാൻ ഇടയാക്കും. ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശനങ്ങൾ ഉള്ളവർ എന്നിവരിൽ രോഗം സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്.
എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം?
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
മാസ്ക് ധരിക്കുക.
ആൾക്കൂട്ടം ഒഴിവാക്കുക.
ഇടയ്ക്കിടെ മൂക്കും വായും സ്പർശിക്കാതിരിക്കുക.
ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക.
ധാരാളം വെള്ളം കുടിക്കുക.
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
Content Summary: H3N2: IMA advises to avoid antibiotics.