വീണ്ടും പ്രണയകാലം; പ്രണയമോർക്കാൻ പ്രണയ വിലാസം

പ്രണയകഥയാണ്. ത്രികോണേ ത്രികോണമാണോ ചതുരംഗമാണോ? കുഴപ്പിക്കുന്ന പോസ്റ്ററും കാസ്റ്റിംഗും. എന്നാൽ പ്രണയ വിലാസം ഒരു പ്രണയകഥയല്ല, ഒരുപാട് വ്യത്യസ്തമായ പ്രണയങ്ങളുടെ കഥയാണ്. ക്യാമ്പസ് പ്രണയം, നഷ്ടപ്രണയം, പറയാതെപോയ പ്രണയം, വഴിപിരിഞ്ഞ് വീണ്ടും കണ്ടുമുട്ടുന്ന പ്രണയം, സുഖമുള്ള ഓർമ്മ മാത്രമാകുന്ന പ്രണയം, അങ്ങനെയങ്ങനെ..

കണ്ടുശീലിച്ച പ്രണയകഥകളിൽ നിന്ന് മാറിനടക്കാൻ പ്രണയ വിലാസം ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം ഒരു പരിധിവരെ വിജയിച്ചിട്ടും ഉണ്ട്. മലയാളത്തിൽ പരീക്ഷിക്കാത്തൊരു പ്രണയവഴിയാണ് പ്രണയ വിലാസത്തിന്റേത്. പല പ്രണയ നിമിഷങ്ങളും പ്രേക്ഷകൻ പ്രതീക്ഷിക്കുന്നിടത്തുനിന്ന് വഴിതിരിച്ചുവിടാൻ സിനിമക്ക് കഴിയുന്നു. ക്ലീഷേ രംഗങ്ങൾ ഇല്ലെന്നുതന്നെ പറയാം.

സിനിമ സംവിധായകന്റെ കലയാണെങ്കിൽ ഇവിടെ സംവിധായകൻ മുഴുവൻ മാർക്കും നേടി എന്ന് പറയാം. എല്ലാ ചേരുവകളെയും കൃത്യമായി ചേർക്കേണ്ടിടത്ത് ചേർത്ത് പിഴവുകളില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം നടത്തി. മനോജ് കെ യു, ഹക്കിം ഷാ, മിയ – ഇവരുടെ കഥാപാത്രങ്ങൾ അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. അത് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ചെയ്ത് സിനിമ തങ്ങളുടേതാക്കി മാറ്റാൻ അവർക്ക് സാധിച്ചിട്ടുണ്ട്. തിയേറ്റർ വിടുമ്പോൾ നമുക്കൊപ്പം അവരുണ്ടാകും. കാണാനും കേൾക്കാനും സുഖമുള്ള അവതരണമാണ് സിനിമക്ക്. മനസുതുറന്ന് കാണാവുന്ന ഫീൽ ഗുഡ് മൂവി. കണ്ണൂരിന്റെയും വായനാടിന്റെയും കാസർകോടിന്റെയും പ്രകൃതിഭംഗി വിദഗ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. അതിനൊത്ത പാട്ടുകളും പശ്ചാത്തലസംഗീതവും.

നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം നിർമ്മിച്ചിരിക്കുന്നത് സിബി ചവറയും രഞ്ജിത്ത് നായരുമാണ്. ജ്യോതിഷ് എം, സുനു എവി എന്നിവരാണ് തിരക്കഥയൊരുക്കിയത്. അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു, ഹക്കിം ഷാ, മനോജ് കെ യു, മിയ തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീതം ഷാൻ റഹ്‌മാൻ. ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസും എഡിറ്റിംഗ് ബിനു നെപ്പോളിയനും നിർവ്വഹിച്ചിരിക്കുന്നു.

IMDb RATING: 6.5/10

Book My Show Rating: 9.2/10

Book Your Tickets

Content Summary: Pranaya Vilasam Movie Review.