വെറും 11 മിനിട്ട് വ്യായാമം മതി നിങ്ങളുടെ ജീവിതം മാറിമറിയാൻ!

ആരോഗ്യകരമായ ജീവിതത്തിന് ഏറെ പ്രധാനപ്പെട്ടതാണ് വ്യായാമം. എന്നാൽ ജീവിതത്തിലെ തിരക്കും ജോലിഭാരവും കാരണവും വ്യായാമം ചെയ്യാൻ പലർക്കും സമയം കിട്ടാറില്ല. എന്നാൽ വെറും 11 മിനിട്ട് നീളുന്ന വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നാണ് ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നത്. അകാലമരണം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

മിതമായ തോതിലുള്ള വ്യായാമം അഥവാ സൈക്ലിങ്, നടത്തം എന്നിവ ആഴ്ചയിൽ 75 മിനിട്ട് ചെയ്യുന്നതിലൂടെ പത്തിൽ ഒന്ന് അകാലമരണം ഒഴിവാക്കാനാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

കടുത്ത വ്യായമങ്ങളായ ജോഗിങ്, ഓട്ടം, നീന്തൽ എയിറോബിക്സ്, ഹൈക്കിങ് എന്നിവ ചെയ്യുന്നതും ആരോഗ്യസംരക്ഷണത്തിൽ ഏറെ ഗുണം ചെയ്യും. ഈ പഠനത്തിൽ പറയുന്നതുപ്രകാരം കൂടുതൽ സമയമെടുത്ത് വ്യായാമം ചെയ്യുന്നവരിൽ മരണനിരക്ക് ഒരു വ്യായാമവും ചെയ്യാത്തവരെ അപേക്ഷിച്ച് 31 ശതമാനം കുറവായിരിക്കുമത്രെ. ആഴ്ചയിൽ 150 മിനിട്ട് വ്യായാമം ചെയ്യുന്നവർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഇത്തരക്കാരിൽ ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണം 29 ശതമാനവും ക്യാൻസർ മൂലമുള്ള മരണം 15 ശതമാനവും കുറവായിരിക്കും. കൂടാതെ ഇത്തരക്കാരിൽ കാർഡിയോ വാസ്ക്കുലാർ രോഗങ്ങളുണ്ടാകാനുള്ള സാധ്യത 27 ശതമാനവും ക്യാൻസർ സാധ്യത 15 ശതമാനവും കുറവായിരിക്കും.

Also Read: വ്യായാമം ചെയ്യേണ്ടത് രാവിലെയോ, അതോ വൈകീട്ടോ?

സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ ചിലതരം രക്താർബുദവും വയറിലെ ക്യാൻസറും വരാനുള്ള സാധ്യത 26 ശതമാനം കുറവായിരിക്കുമെന്ന് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ദീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

അതുകൊണ്ടുതന്നെ ദിവസവും കുറഞ്ഞത് 11 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നത് മുടക്കരുതെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ഇത് ജീവിതമാകെ മാറ്റിമറിക്കാൻ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ദിവസവും വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

Content Summary: Just 11 Minutes of Exercise Can Change Your Life.