കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

ഏറെ പോഷകസമൃദ്ധമായ ഒരു ഭക്ഷ്യവസ്തുവാണ് കോഴിമുട്ട. ഇതിൽ പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്നൊരു വാദം പണ്ടുമുതൽക്കേ നിലവിലുണ്ട്. എന്നാൽ മുട്ടയിലെ കൊഴുപ്പ് അപകടകരമല്ലെന്നും, അത് മറ്റ് ചില ഭക്ഷണങ്ങളിലുള്ള ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പും പോലെ കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നില്ലെന്നും അമേരിക്കയിലെ പ്രശസ്തമായ മയോക്ലിനിക് പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

മുട്ട കഴിക്കുന്നതും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഈ കണ്ടെത്തലുകൾ പൂർണമായും ശരിയാകണമെന്നില്ല. മുട്ട കഴിക്കുന്നതിനൊപ്പം മറ്റ് ചില ഘടകങ്ങൾകൂടി ചേരുമ്പോഴാണ് ഹൃദ്രോഗ സാധ്യത കൂടുന്നത്. മുട്ടയ്ക്കൊപ്പം ബേക്കറിഭക്ഷണം, സോസേജ്, റെഡ് മീറ്റ് തുടങ്ങിയവ കൂടുതലായി കഴിച്ചാൽ അത് അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. അതുപോലെ മുട്ട പാകം ചെയ്യുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുട്ട എണ്ണയിലോ വെണ്ണയിലോ വറുത്ത് കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗസാധ്യത കൂട്ടുകയും ചെയ്യും.

ആരോഗ്യവാനായ മുതിർന്ന ഒരാൾ ആഴ്ചയിൽ ഏഴ് മുട്ട കഴിക്കുന്നതുകൊണ്ട് ഹൃദ്രോഗസാധ്യത കൂടില്ലെന്നും മയോക്ലിനിക് ലേഖനം വ്യക്തമാക്കുന്നു. ഇത്തരത്തിൽ ആഴ്ചയിൽ ഏഴ് മുട്ട കഴിച്ചാൽ ചിലതരം സ്ട്രോക്കുകൾ തടയാനും അന്ധതയിലേക്ക് നയിച്ചേക്കാവുന്ന മാക്യുലർ ഡീജനറേഷൻ എന്ന ഗുരുതരമായ നേത്രരോഗത്തെ തടയാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എന്നാൽ നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, ആഴ്ചയിൽ ഏഴ് മുട്ടകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന കാര്യം ശ്രദ്ധിക്കണമെന്ന് മറ്റ് ചില ഗവേഷണങ്ങളിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഇനിയും വരേണ്ടതുണ്ട്. മുട്ട കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മറ്റ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Also Read: നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? മുൻകൂട്ടി എങ്ങനെ അറിയാം

ആരോഗ്യവാനായ ഒരാൾ ദിവസവും 300 മില്ലിഗ്രാമിൽ താഴെ കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് ഇപ്പോൾ ഡയറ്റീഷ്യൻമാർ നിർദേശിക്കുന്നത്. ഒരു മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ട് – അതെല്ലാം മുട്ടയുടെ മഞ്ഞക്കരുവിലാണുള്ളത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മറ്റ് കൊളസ്ട്രോൾ കുറവാണെങ്കിൽ, ചില പഠനങ്ങൾ അനുസരിച്ച്, ഒരു ദിവസം ഒരു മുട്ട വരെ കഴിക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ പറയുന്നു.

Also Read: 6 fish with the most protein

നിങ്ങൾക്ക് മുട്ട ഇഷ്ടമാണെങ്കിലും ശരീരത്തിലേക്ക് ആവശ്യമില്ലെങ്കിൽ, മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഡയറ്റീഷ്യൻമാർ നിർദേശിക്കുന്നു. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോൾ ഇല്ലെങ്കിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിന് ഉൾപ്പടെ ഉത്തമമാണ്. കൂടാതെ കാൽസ്യവും മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിനും പല്ലിനും ബലം നൽകും.

Content Summary: Eggs and cholesterol: Are eggs good or bad for cholesterol?