പാൽ കുടിച്ചാൽ കൊളസ്ട്രോളും ഹൃദ്രോഗവും കൂടുമോ?

ഏറ്റവും മികച്ച സമീകൃാതാഹാരമാണ് പാൽ എന്ന് വളരെ ചെറിയ ക്ലാസുകൾ മുതൽക്കേ നമ്മൾ പഠിച്ചിട്ടുള്ള കാര്യമാണ്. ആരോഗ്യത്തിനുവേണ്ട ഒട്ടുമിക്ക വിറ്റാമിനുകളും പോഷകങ്ങളും പ്രോട്ടീനും കാൽസ്യവുമെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിനോ അസിഡും പൂരിതകൊഴുപ്പും പാലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാൽ കൊളസ്ട്രോളും ഹൃദ്രോഗവും വർദ്ധിപ്പിക്കുമെന്ന ഒരു പ്രചാരം നമുക്കിടയിലുണ്ട്. അത് ശരിയാണോയെന്ന് വിശദമായി പരിശോധിക്കാം. ഇതിനായി ഇതേക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനറിപ്പോർട്ടുകളാണ് നമ്മൾ ആധാരമാക്കുന്നത്.

ബ്രിട്ടനിലെ റീഡിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് പുതുതായി പ്രസിദ്ധീകരിച്ച ഒരു പഠനം പാലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്ന വിവരങ്ങൾ നൽകുന്നു. സ്ഥിരമായി പാൽ കുടിക്കുന്ന ആളുകൾക്ക് രണ്ട് തരത്തിലുള്ള കൊളസ്ട്രോളിന്റെയും അളവ് കുറവാണെന്നും പാൽ കുടിക്കാത്തവരേക്കാൾ കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെന്നുമാണ് ഈ പഠനത്തിൽ പറയുന്നത്.

അതേസമയം സ്ഥിരമായി പാൽ കുടിക്കുന്നവരിൽ ഉയർന്ന ബിഎംഐയും ശരീരത്തിൽ മൊത്തത്തിലുള്ള കൊഴുപ്പും കൂടുതലായിരിക്കുമെന്നും ഗവേഷണത്തിൽ വ്യക്തമായി. ഇത് നേരിട്ട് അല്ലെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള അപകട ഘടകങ്ങളായി കണക്കാക്കപ്പെടുന്ന കാര്യങ്ങളാണ്. എന്നാൽ കൊളസ്ട്രോളിൻറെ അളവ് പാൽ കുടിക്കുന്നതിലൂടെ വർദ്ധിക്കില്ലെന്നും അതുവഴിയുള്ള ഹൃദ്രോഗ സാധ്യത കുറവായിരിക്കുമെന്നും പഠനസംഘം അടിവരയിട്ട് പറയുന്നു.

Also Read: പിസിഒഎസ് ഉള്ളവർ പാൽ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നത് കേൾക്കൂ

റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ന്യൂട്രിജെനെറ്റിക്സ് ആൻഡ് ന്യൂട്രിജെനോമിക്സ് പ്രൊഫസറായ വിമൽ കരാനിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻറെ സംഗ്രഹം ഇങ്ങനെയാണ്, “ജനിതക വ്യതിയാനം ഉള്ളവരിൽ, സ്ഥിരമായ പാൽ ഉപഭോഗം ഉയർന്ന ബിഎംഐയ്ക്കും(ബോഡി മാസ് ഇൻഡക്സ്) ശരീരത്തിലെ കൊഴുപ്പിനും കാരണമാകുന്നു, എന്നാൽ പ്രധാനപ്പെട്ട കാര്യം പാൽ കുടിക്കുന്നവരിൽ നല്ല കൊളസ്ട്രോളിൻറെയും ചീത്ത കൊളസ്ട്രോളിൻറെയും അളവ് കുറവാണ് എന്നതാണ്. ജനിതക വ്യതിയാനമുള്ളവർക്ക് കൊറോണറി ഹൃദ്രോഗ സാധ്യത വളരെ കുറവാണെന്നും കണ്ടെത്തി. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് പാലിന്റെ അളവ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്”.

യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗ്, അഡ്‌ലെയ്‌ഡിലെ സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി, സതേൺ ഓസ്‌ട്രേലിയൻ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അഡ്‌ലെയ്‌ഡിലെയും യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ, ന്യൂസിലാന്റിലെ ഓക്‌ലൻഡ് യൂണിവേഴ്‌സിറ്റി എന്നിവയിലെയും ഗവേഷകർ ഉൾപ്പെട്ട വലിയ സംഘമാണ് ഇതേക്കുറിച്ച് പഠിച്ചത്. പഠനഫലം ഇന്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റി ട്രസ്റ്റഡ് സോഴ്‌സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read: കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

മുൻകാലങ്ങളിൽ പാലും കൊളസ്ട്രോളും സംബന്ധിച്ച ബന്ധത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ പഠനഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ എക്കാലത്തും ആശയകുഴപ്പമുണ്ടാക്കുന്ന ഒരു വിഷമായിരുന്നു ഇത്. അതിന് കാരണം ഇതേക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കാത്തതാണ്. പാൽ കുടിച്ചതുകൊണ്ടു മാത്രം കൊളസ്ട്രോൾ കൂടില്ല. എന്നാൽ പാലിനൊപ്പം കൂടുതലായി വെണ്ണ കഴിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവരിൽ കൊളസ്ട്രോൾ കൂടുകയും ഹൃദ്രോഗ സാധ്യത വർദ്ധിക്കുകയും ചെയ്യും. അതുപോലെ തന്നെ അമിഭാരമുള്ളവർ പാലും പാൽ ഉൽപന്നങ്ങളും കൂടുതലായി ഉപയോഗിക്കുന്നതും വിപരീതഫലമുണ്ടാക്കും. ഇത് മനസിലാക്കാതെയുള്ള മുൻകാല പഠനങ്ങളാണ് ആശയകുഴപ്പമുണ്ടാക്കുന്നത്. ഇപ്പോൾ റീഡിങ് സർവകലാശാലയിൽ നടത്തിയ പഠനം പ്രധാനമായും ആളുകളുടെ ജനിതകവ്യതിയാനത്തെ അടിസ്ഥാനമാക്കിയാണ് നടത്തിയത്. ഇത് കൂടുതൽ വ്യക്തവും കൃത്യവുമായ ഒരു ഫലം ലഭ്യമാക്കുന്നുവെന്നും ഗവേഷകർ അവകാശപ്പെടുന്നു.

മുമ്പ് നടത്തിയ വലിയ മൂന്ന് പഠനങ്ങളുടെ ഡാറ്റ വിശകലനം ചെയ്താണ് ഇപ്പോഴത്തെ പഠനം നടത്തിയത്. ഏകദേശം നാലു ലക്ഷത്തിലധികം ആളുകളുടെ ഡാറ്റയാണ് ഗവേഷകർ വിശകലനം ചെയ്തത്. സ്ഥിരമായി പാൽ കുടിക്കുന്ന ജനിതകവ്യതിയാനമുള്ളവരിലും എച്ച്ഡിഎൽ, എൽഡിഎൽ ആളവ് കുറവാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.

പാൽ കുടിക്കുന്നവരിൽ കൊളസ്ട്രോൾ കുറവായിരിക്കുമെന്ന് സമർഥിക്കാൻ ഗവേഷകർ പറഞ്ഞ 4 കാരണങ്ങൾ ചുവടെ നൽകുന്നു

1. പാലിലെ കാൽസ്യവും ലാക്ടോസും കാൽസ്യം ആഗിരണം വർദ്ധിപ്പിക്കും, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

2. ലാക്ടോസ്-ഇന്റോൾ ഉൾപ്പെടുന്ന ഒരു വിഭാഗത്തിൽ, പാൽ കുടിക്കുന്ന ആളുകൾക്ക് പാൽ കുടിക്കാത്തവരേക്കാൾ കൊഴുപ്പ് കുറവായിരിക്കാം.

3. പാലിലെ കാൽസ്യം പിത്തരസം പുറന്തള്ളുന്നത് വർദ്ധിപ്പിക്കും. ഈ ആസിഡുകൾ കരളിലെ കൊളസ്ട്രോളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, അതിനാൽ പുറംതള്ളുന്നത് വർദ്ധിക്കുകയാണെങ്കിൽ, കൊളസ്ട്രോളിന്റെ സാന്ദ്രത ക്രമേണ കുറയാം.

4. ദഹിക്കാത്ത കാർബോഹൈഡ്രേറ്റുകളുടെ ഗട്ട് മൈക്രോബയൽ അഴുകൽ കൊളസ്ട്രോൾ സമന്വയത്തെ മാറ്റുകയും കുറയ്ക്കുകയും ചെയ്യും.

Content Summary: Can drinking milk raise your bad cholesterol level and increase the chance of heart disease?