മിക്ക ആളുകൾക്കും വരുന്ന ഒരു പ്രശ്നമാണ് തൊണ്ടവേദന. കാലാവസ്ഥ മാറുമ്പോൾ ഇത് സാധാരണയാണ്. തൊണ്ടവേദന പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചിലപ്പോൾ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാധിച്ചെന്ന് വരില്ല. തൊണ്ടയിൽ അണുബാധ വരുന്നതാണ് തൊണ്ടവേദനക്ക് കാരണം. ദുർബലമായ രോഗപ്രതിരോധശേഷിയുള്ളവരിൽ അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്.
തൊണ്ടയിൽ വേദന, സംസാരിക്കാൻ ബുദ്ധിമുട്ട്, ചെറിയ പനി തുടങ്ങിയവ തൊണ്ടവേദനയുടെ ലക്ഷണങ്ങളാണ്. രൂക്ഷമായ തൊണ്ടവേദന ഉറക്കം പോലും നഷ്ടപ്പെടുത്തിയേക്കാം. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുന്നതും ഉപ്പിട്ട ചൂടുവെള്ളം തൊണ്ടയിൽ കൊള്ളുന്നതും തൊണ്ടവേദന ശമിക്കാൻ നല്ലതാണ്. ഇത് കൂടാതെ തൊണ്ടവേദനക്ക് പണ്ടുമുതലേ ഉപയോഗിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. വീട്ടിലെ പ്രായമായവർ പലപ്പോഴും നമുക്ക് പറഞ്ഞുതരാറുള്ള നുറുങ്ങുവിദ്യകൾ. അവ ഫലപ്രദവുമാകാറുണ്ട്. തൊണ്ടവേദനക്ക് ഫലപ്രദവും ശാസ്ത്രീയവുമായ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.
വെളുത്തുള്ളി
വെളുത്തുള്ളി തൊണ്ടവേദനക്ക് നല്ലൊരു മരുന്നാണ്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ എന്ന രാസവസ്തുവിനെക്കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഈ രാസവസ്തു തൊണ്ടവേദനക്ക് കാരണമാകുന്ന രോഗാണുക്കളെ നശിപ്പിക്കുന്നു. തൊണ്ടയിലെ വീക്കം മാറ്റുകയും ചെയ്യുന്നു. ജലദോഷത്തിനും നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി. കറികളിൽ ചേർത്തും പച്ചക്കും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
Also Read: വെളുത്തുള്ളി കഴിക്കാം; അസുഖങ്ങൾ കുറയ്ക്കാം
ഇരട്ടിമധുരം
നാട്ടുവൈദ്യത്തിലും പരമ്പരാഗത വൈദ്യത്തിലും ഉപയോഗിക്കുന്ന ഒരു വള്ളിചെടിയാണ് ഇരട്ടിമധുരം. ഗായകർ തങ്ങളുടെ ശബ്ദം മെച്ചപ്പെടുത്താൻ ആശ്രയിക്കുന്ന ഒരു മരുന്നുകൂടിയാണ് ഇരട്ടിമധുരം. തൊണ്ടവേദനക്കും ചുമക്കും നല്ലൊരു മരുന്നാണ് ഇത്. ഇരട്ടിമധുരത്തിന്റെ വേരിൽ നിന്ന് ചെറിയ കഷണമെടുത്ത് വായിലിട്ട് ചവച്ച് നീര് മാത്രം തൊണ്ടയിലേക്ക് ഇറക്കുക.
ഇഞ്ചി
ആയുർവേദത്തിൽ ചുമക്കുള്ള മരുന്നുകളിൽ സാധാരണ ഉപയോഗിക്കാറുള്ള ഒരു ചേരുവയാണ് ചുക്ക് അഥവാ ഉണങ്ങിയ ഇഞ്ചി. പച്ച ഇഞ്ചിയുടെ നീരും ചുമക്കും തൊണ്ടവേദനക്കും നല്ല മരുന്നാണ്. തേനിൽ ചേർത്ത് തൊണ്ടയിൽ കൊള്ളാം. ഇഞ്ചിനീര് മാത്രം തൊണ്ടയിൽ കൊള്ളുന്നതും ഫലപ്രദമാണ്.
തേൻ
തേനിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. തൊണ്ടയിലെ അസ്വസ്ഥതകൾ മാറാൻ മികച്ച മരുന്നാണ് തേൻ. ഇഞ്ചിനീരിനൊപ്പം ചേർത്തും തേൻ കഴിക്കാം. അൽപ്പാൽപ്പമായി തൊണ്ടയിൽ തട്ടുന്ന രീതിയിൽ വേണം കഴിക്കാൻ.
മഞ്ഞൾ
ശക്തമായ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററിയുമാണ് മഞ്ഞൾ. ഇത് തൊണ്ടയിലെ അണുബാധയെ പ്രതിരോധിക്കാൻ മികച്ച മരുന്നാണ്.
Also Read: രോഗപ്രതിരോധത്തിന് 5 ഡീടോക്സ് പാനീയങ്ങൾ
ഗ്രാമ്പൂ
നൂറ്റാണ്ടുകളായി പല്ലുവേദനക്കും തൊണ്ടവേദനക്കും ഉപയോഗിക്കുന്ന മരുന്നാണ് ഗ്രാമ്പൂ. ഇതിൽ യൂജെനോൾ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പ്രകൃതിദത്ത വേദനസംഹാരിയാണിത്. ഗ്രാമ്പൂ ചവയ്ക്കുന്നത് തൊണ്ടയിലെ വേദന ശമിക്കാൻ നല്ലതാണ്.
Content Summary: Home remedies to soothe your sore throat pain.