നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. നമ്മുടെ ശരീരത്തിന് സ്വന്തമായി ഒമേഗ 3 നിർമിക്കാൻ സാധിക്കില്ല. മത്സ്യങ്ങളിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ ഒമേഗ 3 യുടെ ഭൂരിഭാഗവും ലഭിക്കുന്നത്. ചൂര, അയല, മത്തി, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ആവശ്യത്തിന് ഒമേഗ 3 ലഭിക്കാൻ സഹായിക്കും. നട്സും ചിലയിനം വിത്തുകളുമാണ് ഒമേഗ 3 അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ. ഒമേഗ 3 അപര്യാപ്തത നിരവധി ആരോഗ്യപ്രശനങ്ങൾക്ക് വഴിവെക്കും. ഉറക്കക്കുറവ്, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, ഏകാഗ്രതയില്ലായ്മ തുടങ്ങിയവയാണ് ഒമേഗ 3 അപര്യാപ്തതയുടെ ചില ലക്ഷണങ്ങൾ.
ആൽഫ-ലിനോലെനിക് ആസിഡ് (ALA), ഇക്കോസപെന്റനോയിക് ആസിഡ് (EPA), ഡോകോസഹെക്സെനോയിക് ആസിഡ് (DHA) എന്നിങ്ങനെ മൂന്ന് തരം ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കുറവ് ബുദ്ധിമാന്ദ്യം, മൂഡ് ഡിസോർഡേഴ്സ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഹൃദ്രോഗമുൾപ്പെടെയുള്ള ആരോഗ്യപ്രശനങ്ങൾക്കും കാരണമാകും. ഗർഭാവസ്ഥയിലും കുട്ടിക്കാലത്തെ വളർച്ചയിലും അത്യാവശ്യമായ പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ഇവ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വികാസത്തിന് സഹായിക്കുന്നു. ഭക്ഷണത്തിൽ നിന്ന് വേണ്ടത്ര അളവിൽ ഒമേഗ 3 ലഭിക്കുന്നില്ലെങ്കിൽ സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടിവരും.
നമ്മുടെ ശരീരത്തിലെ പല കോശങ്ങളുടെയും അടിത്തറ ഉണ്ടാക്കുന്ന പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു തരം കൊഴുപ്പാണിത്. അതുകൊണ്ട് ഒമേഗ -3 ഫാറ്റി ആസിഡുകളെ അവശ്യ കൊഴുപ്പുകൾ എന്നാണ് വിളിക്കുന്നത്.
ഒമേഗ 3 അപര്യാപ്തതയുടെ ലക്ഷണങ്ങൾ
ശരീരത്തിൽ ഒമേഗ -3 കുറവാണ് എന്നതിന് ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഒരിക്കലും ഇവ അവഗണിക്കരുത്.
- ക്ഷീണവും ഉറക്കക്കുറവും: തെറ്റായ ജീവിതശൈലിയും ചിട്ടയില്ലാത്ത ഉറക്കവും ഇതിന് കാരണമാകാറുണ്ട്. ചിലപ്പോൾ ഈ ലക്ഷണം ശരീരത്തിൽ
ഒമേഗ 3 കുറവാണ് എന്നതിന്റെ സൂചനയാകാം.
- ഏകാഗ്രത കുറവ്: ജോലിയിലോ മറ്റ് പ്രവർത്തികളിലോ ശ്രദ്ധിക്കാൻ ബിദ്ധിമുട്ട നേരിടുന്നത് ഒമേഗ 3 അപര്യാപ്തതയുടെ ലക്ഷണമാകാം.
- വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ: ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ഒമേഗ 3 ഫാറ്റി ആസിഡുകൾ അത്യാവശ്യമാണ്.
- ഇടയ്ക്കിടെ മൂത്രമൊഴിക്കുക: ഇടയ്ക്കിടെ മാത്രമൊഴിക്കാൻ തോന്നുന്നതും വായും തൊണ്ടയും വരളുന്നതും ഒമേഗ 3 അപര്യാപ്തതയുടെ ലക്ഷണമാകാം.
- ഇടയ്ക്കിടെ മൂഡ് മാറുക: ഒമേഗ 3 അപര്യാപ്തത കാരണം ഉണ്ടാകാവുന്ന ഒരു ലക്ഷണമാണ് മൂഡ് സ്വിങ്സ്. ഓർമ്മക്കുറവും മറ്റ് ന്യൂറോളജിക്കൽ പ്രശ്നങ്ങളും ഇതിനോടൊപ്പം ഉണ്ടാകും.
Also Read: ഒമേഗ 3 ഫാറ്റി ആസിഡ്; ഗുണങ്ങൾ അറിയാം
മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണമുണ്ടെന്ന് കരുതി പരിഭ്രാന്തരാകരുത്. ഒമേഗ 3 അപര്യാപ്തത ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ പരിഹരിക്കാവുന്നതേ ഉള്ളൂ. വളരെക്കുറച്ചുമാത്രം ചർച്ചയാകുന്ന, എന്നാൽ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് ഒമേഗ 3 എന്നത് ഓർക്കുക. എല്ലാ ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
Content Summary: Omega 3 deficiency: 5 warning signs.