കോവിഡ്-19 പിടിപെട്ട് ദീർഘകാലം ലക്ഷണങ്ങൾ തുടരുന്നുണ്ടെങ്കിൽ അത് ലോങ് കോവിഡ് എന്ന ആരോഗ്യ അവസ്ഥയാണ്. ഇത്തരക്കാരിൽ കോവിഡ് നെഗറ്റീവ് ആയശേഷവും മാസങ്ങളോളം രുചിയും മണവും നഷ്ടപ്പെടുകയും, ശരീരവേദന, ക്ഷീണം, കിതപ്പ്, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇപ്പോൾ പുറത്തുവന്ന പഠനം അനുസരിച്ച് ലോങ് കോവിഡ് ഉള്ളവരിൽ ഭാവിയിൽ കാഴ്ചക്കുറവോ അന്ധതയോ ഉണ്ടാകാൻ സാധ്യതയുണ്ടത്രെ. മസ്തിഷ്ക സംബന്ധമായ പ്രമുഖ ആരോഗ്യ ജേർണലായ കോർട്ടെക്സിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“ലോങ് കോവിഡ് ഉള്ള 54 പേരെ പഠനവിധേയമാക്കിയതിൽനിന്നാണ് ഭൂരിഭാഗം പേർക്കും കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്,” ഗവേഷകർ എഴുതി. “കോവിഡ്-19 ന് മസ്തിഷ്ക ക്ഷതമേൽപ്പിക്കാനും ഗുരുതരമായതും ചിലതരം ന്യൂറോ സൈക്കോളജിക്കൽ വൈകല്യം സൃഷ്ടിക്കാനും കഴിയുമത്രെ, കൂടാതെ ലോങ് കോവിഡുള്ള ആളുകളിൽ ഉയർന്ന തലത്തിലുള്ള കാഴ്ച വൈകല്യങ്ങൾ അസാധാരണമല്ലെന്നും പഠനത്തിൽ വ്യക്തമായി.”
ലോങ് കോവിഡ് വന്ന എത്രത്തോളം പേർക്ക് കാഴ്ചവൈകല്യമുണ്ടാകുന്നുവെന്ന് വ്യക്തമായിട്ടില്ല. ചിലർക്ക് ഇത് ജന്മനാലുള്ള പ്രശ്നംകൊണ്ടോ മറ്റു ചിലർക്ക് മസ്തിഷ്കാഘാതം മൂലമോ ആകാം സംഭവിക്കുന്നത്. പെട്ടെന്നുള്ള കാഴ്ചയിൽ വളരെ അടുത്ത് അറിയാവുന്ന ആളെപ്പോലും തിരിച്ചറിയാനാകാത്ത അവസ്ഥയായാണ് ചിലർക്ക് ഇത് അനുഭവപ്പെടുന്നത്. അതായാത് പരിചിതമായ മുഖം തിരിച്ചറിയാനുള്ള കഴിവ് നഷ്‌ടപ്പെടുകയാണ് ചെയ്യുന്നതെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
തലച്ചോറിന്റെ ഓരോ വശത്തും ആറ് ഭാഗങ്ങളിലായാണ് മുഖം തിരിച്ചറിയൽ ശേഷി ഉള്ളത്, ലോങ് കോവിഡ് ഉള്ളവരിൽ കാലക്രമേണ അവയിലേതെങ്കിലുമൊന്ന് – പ്രത്യേകിച്ച് വലതുവശത്ത് – മുഖം തിരിച്ചറിയുന്ന ശേഷി പരിമിതപ്പെടുകയാണ് ചെയ്യുന്നത്.
മറ്റൊരു പഠനത്തിൽ ലോങ് കോവിഡ് ഉള്ള 1% ത്തിലധികം ആളുകൾക്ക് മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടെത്തി. ഗവേഷകർ ഈ പഠനത്തിൽ പങ്കെടുത്ത 28 വയസ്സുള്ള ഒരു സ്ത്രീയെ കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
2020 മാർച്ചിൽ അവർക്ക് COVID-19 പിടിപെട്ടു. 2020 ഏപ്രിൽ പകുതിയോടെ അവർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്ന് ജൂണിൽ വീട്ടിലെത്തിയപ്പോൾ പെട്ടെന്ന് അച്ഛനെയും അമ്മാവനയെും തിരിച്ചറിയാൻ അവർ ബുദ്ധിമുട്ടി. “അപരിചിതനായ ഒരാളുടെ മുഖത്ത് നിന്ന് എന്റെ അച്ഛന്റെ ശബ്ദം പുറത്തുവന്നു,” അവർ ഗവേഷകരോട് പറഞ്ഞു.
Content Summary: Study reports say that people with long-term Covid are at risk of vision loss.