ഉറക്കം നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ ദിവസവും ആവശ്യത്തിന് ഉറങ്ങേണ്ടതുണ്ട്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ എല്ലാവർഷവും മാർച്ച് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച സ്ലീപ് ഡേ ആയി ആചരിക്കുന്നു. ഉറക്കത്തെക്കുറിച്ച് പറയുമ്പോൾ ഉറക്കപ്രശ്നങ്ങളെക്കുറിച്ചും പറയേണ്ടതുണ്ട്. ഉറക്കമില്ലായ്മ, കൂർക്കംവലി തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉറക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്.
നമ്മൾ നിസാരമായി തള്ളിക്കളയുന്ന അവസ്ഥയാണ് കൂർക്കംവലി. കൂർക്കംവലിയോടെയുള്ള ഉറക്കം നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല. കൂർക്കംവലി ചിലപ്പോൾ ഗുരുതരമായ സ്ലീപ്പിങ് ഡിസോഡറിന്റെ ലക്ഷണമാകാറുണ്ട്. കൂർക്കംവലിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ഇൻവെൻഷണൽ പൾമനോളജിസ്റ്റുമായ ഡോക്ടർ കെ എ അമീർ എഴുതുന്നു.
കൂർക്കംവലിയും ആരോഗ്യപ്രശ്നങ്ങളും
കൂർക്കംവലിയോടെയുള്ള ഉറക്കം ഒരു സുഖനിദ്രയുടെ ലക്ഷണമല്ലെന്ന് മനസ്സിലാക്കേണ്ടതാണ്. 20 മുതൽ 70 ശതമാനം വരെ കൂർക്കംവലിക്കാരിൽ Obstructive Sleep Apnea (OSA) എന്ന രോഗാവസ്ഥ ഉള്ളതായി വിവിധ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. എങ്ങനെയാണ് കൂർക്കംവലി എന്ന അരോചകശബ്ദം ഉറക്കത്തിൽ ഉണ്ടാകുന്നതെന്ന് നോക്കാം.
മലർന്ന് കിടന്നുറങ്ങുമ്പോഴും മൂക്കിൽനിന്നും ശ്വാസക്കുഴലിലേക്കുള്ള ശ്വസനപാത വേണ്ടത്രരീതിയിൽ തുറന്നിരിക്കുന്നത് തൊണ്ടയ്ക്ക് ചുറ്റുമുള്ള ചില ചെറുപേശികളുടെ പ്രവർത്തനം മൂലമാണ്. വളരെ വണ്ണം കൂടിയവർ, കഴുത്തിന് നീളം കുറഞ്ഞവർ, താടിയെല്ലിന് നീളം കുറഞ്ഞവർ എന്നിവരില് ഈ ശ്വസനപാത ഇടുങ്ങിയിരിക്കുകയും, ഉറക്കത്തിൽ, പ്രത്യേകിച്ച് മലർന്ന് കിടക്കുമ്പോൾ ചുറ്റുമുള്ള ചെറിയ പേശികൾ അയഞ്ഞുവരുന്നതിനാൽ ഈ ശ്വസനപാത കൂടുതൽ ഇടുങ്ങുന്ന സാഹചര്യമുണ്ടാകുന്നു.തന്മൂലം അണ്ണാക്കും തൊണ്ടയിലെ ഭിത്തികളും കൂടുതൽ തുടിക്കുന്നതിനാൽ (vibrate) കൂർക്കംവലിയുണ്ടാകുന്നു. ഇങ്ങനെയുള്ള മിക്കവരിലും ഇടയ്ക്കിടെ മുഴുവനായും ശ്വസനപാത അടയുന്ന സാഹചര്യവും ഉണ്ടാകുന്നു. ശ്വാസകോശത്തിലേക്കുള്ള വായുപ്രവാഹം പൂർണമായും തടസ്സപ്പെടുകയും ഓക്സിജൻ കുറയുകയും ചെയ്യുന്ന ഈ അവസ്ഥയെ Obstructive Sleep Apnea എന്ന് പറയുന്നു.
ഈ സന്ദർഭത്തിൽ തലച്ചോർ തൊണ്ടയിലെ പേശികളെ ഉത്തേജിപ്പിച്ചു ശ്വസനപാത വീണ്ടും തുറന്ന് ശ്വാസക്കുഴലിലേക്കുള്ള വായുസഞ്ചാരം പൂർവ്വസ്ഥിതിയിലെത്തിക്കുകയും ചെയ്യുന്നു. ഉറക്കത്തിൽ ഇടവിട്ടിടവിട്ട് ഉണ്ടാകുന്ന ഈ പ്രക്രിയ മൂലം ഉറക്കത്തിൻറെ തുടർച്ചയും കൂടുതൽ ആഴത്തിൽ ഉറങ്ങാനുള്ള സാഹചര്യവും തടസ്സപ്പെടുന്നു.ഇതിൻറെ ഫലമായി രാവിലെ ഉണരുമ്പോൾ ഇവർ ഉന്മേഷമില്ലാതെ ഉണരുകയും പകൽ സമയത്ത് ഉറക്കംതൂങ്ങുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതായത് വായിക്കുക, ടീവി കാണുക, വാഹനങ്ങളിൽ സഞ്ചരിക്കുക, ഓടിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ഉറങ്ങിപോകുന്നു. ഇവർ വാഹനങ്ങൾ ഓടിക്കുമ്പോൾ ഏഴിരട്ടി അപകടസാധ്യതയും കണ്ടു വരുന്നു. മാത്രമല്ല ഉറക്കത്തിൽ ഇടവിട്ടിടവിട്ട് ഓക്സിജൻ കുറയുന്നത് മൂലം
അതീവസമ്മർദ്ദസാഹചര്യം ഉണ്ടാവുന്നതുമൂലം Sympathetic Stimulation എന്ന അവസ്ഥ ഉണ്ടാവുകയും തന്മൂലം രക്തസമ്മർദ്ദം കൂടുക, പ്രമേഹം അനിയന്ത്രിതമായി വരിക, ഹൃദ്രോഗസാധ്യത കൂടുക, പക്ഷാഘാതസാധ്യത എന്നിവ ഉണ്ടാകുന്നു.
Also Read: ആരോഗ്യത്തോടെ ജീവിക്കാൻ ലളിതമായ 4 കാര്യങ്ങൾ
രോഗനിർണ്ണയം
രോഗി രോഗാവസ്ഥ അറിയാതെ കഴിഞ്ഞുപോകുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ രോഗത്തിനുണ്ട്. കാരണം കൂർക്കംവലിക്കുന്നയാൾ അതറിയുന്നില്ല.നിത്യേന കൂർക്കംവലിക്കുന്നവർ Sleep Study/ Polysomnography എന്ന ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഒരു രാത്രി തലയിലും മറ്റ് ശരീരഭാഗങ്ങളിലും പല സെൻസറുകൾ ഘടിപ്പിച്ചതിനുശേഷം അവരെ ഉറങ്ങാൻ അനുവദിക്കുന്നു. ഈ സെൻസറുകൾ വഴി അയാളുടെ ശ്വസനത്തിലെ വ്യതിയാനങ്ങളും അതുമൂലം ഉറക്കത്തിന് സംഭവിക്കുന്ന വ്യതിയാനങ്ങളും രേഖപ്പെടുത്തുന്നു.ഇതിൻറെ വിശകലനത്തിലൂടെ ശരിയായ ഉറക്കത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങൾ നിർണ്ണയിക്കപ്പെടുന്നു. പ്രധാനമായും Sleep Apnea എന്ന രോഗാവസ്ഥ.
പ്രതിവിധി
Sleep Apnea എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചാൽ സാധാരണ ഉപയോഗിക്കുന്ന ഒരു ചികിത്സോപകരണമാണ് Continuous Positive Airway Pressure (CPAP) Device. ഉറങ്ങുമ്പോൾ മുഖത്തു ചേർത്തുവയ്ക്കുന്ന ഒരു പ്രത്യേകതരം മാസ്ക് ഒരു ട്യൂബ് വഴി കിടയ്ക്കയ്ക്കരികിൽ വയ്ക്കാവുന്ന ഒരു ചെറിയ ഉപകരണത്തിലേക്ക് (CPAP) ബന്ധിപ്പിക്കുന്നു. ഇതിൽനിന്ന് നിയന്ത്രിതമായ രീതിയിൽ പ്രത്യേക സമ്മർദ്ദത്തിൽ വായുപ്രവാഹം സാധ്യമാകുന്നതിലൂടെ തൊണ്ടയിൽ തടസ്സമുണ്ടാകാതെ ഉറക്കത്തിൽ ശ്വസനം സാധ്യമാകുന്നു. ഇതുവഴി സാധാരണരീതിയിലുള്ള ആഴത്തിലുള്ള ഉറക്കം ഇടമുറിയാതെ സാധ്യമാകുന്നു. അതിനാൽ മേൽവിവരിച്ച പകൽ സമയത്തെ എല്ലാ പ്രയാസങ്ങളും മാറി കിട്ടുന്നു. ഉറക്കത്തിൽ Sleep Apnea മൂലമുള്ള ശാരീരികസമ്മർദ്ദങ്ങളും ഒഴിവായി കിട്ടുന്നു.
കൂർക്കംവലിക്കുന്നവരിൽ ഈ രോഗാവസ്ഥ ശരിയായി നിർണ്ണയിക്കപ്പെടേണ്ടതും പ്രതിവിധിയായി CPAP എന്ന ചികിത്സാരീതി പ്രയോജനപ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇതിനുള്ള പരിശോധനാസംവിധാനങ്ങളും ചികിത്സാഉപകരണങ്ങളും ലഭ്യമാണ്. നിലവിൽ വളരെയധികംപേർ ഇവ ഉപയോഗപ്പെടുത്തി ആരോഗ്യകരമായ ജീവിതം നയിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
Content Summary: Wrold Sleep Day- Symptoms and causes of snoring.