വേനൽ ചൂട് കടുക്കുന്നു; സൂര്യാഘാതമേൽക്കാതെ സൂക്ഷിക്കുക

വേനൽ കനത്തതോടെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും പകൽസമയ താപനില 45 ഡിഗ്രി സെൽഷ്യസിൽ അധികമാണ്. ഇടുക്കി, വയനാട് പോലെയുള്ള മലയോര ജില്ലകളിൽ മാത്രമാണ് അസഹനീയമായ ഉഷ്ണം അനുഭവപ്പെടാത്തത്. പകൽ സമയ യാത്രയും ജോലിയുമൊക്കെ ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് പലരും നിർബന്ധിതരാകുന്നു. താപനില വർദ്ധിച്ചതോടെ സൂര്യാഘാതം മൂലമുള്ള അപകടസാധ്യതയും വർദ്ധിച്ചിരിക്കുകയാണ്. സൂര്യാഘാതമേറ്റാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നോക്കാം…

സൂര്യാഘാതമേൽക്കുന്നത് കടുത്ത ക്ഷീണവും തളർച്ചയും ഉണ്ടാക്കും. ആളുകൾ കുഴഞ്ഞുവീഴുന്നതിന് ഇത് ഇടയാക്കും. കൂടാതെ ഓക്കാനം, തലകറക്കം തുടങ്ങിയവയും അനുഭവപ്പെടും. സൂര്യാഘാതം ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും. കൂടാതെ ഇത് പേശികൾ നശിക്കുന്ന അവസ്ഥയായ റാബ്ഡോമയോളിസിസിനും കാരണമാകുന്നു. ഹൃദയത്തെ ബാധിക്കുന്ന മയോകാർഡിയൽ പ്രശ്നങ്ങളും രക്തസ്രാവവും സൂര്യാഘാതത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്.

എല്ലാ അവയവങ്ങളുടെയും പ്രവർത്തനം അവതാളത്തിലാക്കാൻ സൂര്യാഘാതത്തിന് കഴിയും. കഠിനമായ സൂര്യാഘാതമാണ് ഏൽക്കുന്നതെങ്കിൽ ചിലരിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാനും അതുവഴി മരണം സംഭവിക്കാനും സാധ്യതയുണ്ട്. എൻസെഫലോപ്പതി, റാബ്ഡോമയോളിസിസ്, ഗുരുതരമായ വൃക്കരോഗം, ശ്വാസകോശത്തിൻറെ പ്രവർത്തനം സ്തംഭിക്കുക, മയോകാർഡിയൽ ഇൻഫെക്ഷൻ, കുടലിൽ അണുബാധ, പാൻക്രിയാറ്റിക് ക്ഷതം എന്നിവയും സൂര്യാഘാതത്തിൻറെ അനന്തരഫലമായി ഉണ്ടാകാം. കൂടാതെ സ്ട്രോക്കിന് കാരണമാകുന്ന ത്രോംബോസൈറ്റോപീനിയ ഉണ്ടാകാനും സാധ്യതയുണ്ട്.

Also Read: വൃക്കയുടെ പ്രവർത്തനം തകരാറിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ

സൂര്യാഘാതമേൽക്കുന്ന ആളുകളിൽ ആശയക്കുഴപ്പം, പ്രക്ഷുബ്ധത, അവ്യക്തമായ സംസാരം, ദേഷ്യം, വിഭ്രാന്തി, അപസ്മാരം, കോമ എന്നിവ ഉണ്ടായേക്കാം. അമിതമായി വിയർക്കുകയും, ചർമ്മത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും.

സൂര്യാഘാതമേൽക്കുന്ന ആൾക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. ചികിത്സിച്ചില്ലെങ്കിൽ മസ്തിഷ്കം, ഹൃദയം, വൃക്കകൾ, പേശികൾ എന്നിവയുടെ പ്രവർത്തനം താളംതെറ്റും. ചികിത്സ ഏറെ വൈകിയാൽ സ്ഥിതിഗതികൾ ഗുരുതരമാകുകയും മരണത്തിന് ഇടയാകുകയും ചെയ്യും.

Content Summary: Beat the heat- Avoid sun exposure, stay hydrated.