ഹോട്ടലിൽനിന്ന് കഴിച്ച ഭക്ഷണത്തെക്കുറിച്ച് പരാതി ഓൺലൈനായി നൽകുന്നത് എങ്ങനെ?

അടുത്തിടെയായി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ആളുകൾ മരണമടയുകയോ ഭക്ഷ്യവിഷബാധയേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. പഴകിയ ഭക്ഷണവും, ഗുണനിലവാരമില്ലാത്തതും വൃത്തിഹീനവുമായ പാചക അന്തരീക്ഷവുമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം. ഇപ്പോഴിതാ, ഹോട്ടൽ ഭക്ഷണത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിനായുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നിരുക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പോർട്ടൽ ലോഞ്ച് ചെയ്തത്. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

എങ്ങനെ പരാതിപ്പെടണം?

  • ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റിപ്പോർട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകൾ കാണാം.
  • ആദ്യമായി രജിസ്റ്റർ ചെയ്യണം. രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ഒടിപി എടുക്കുക. തുടർന്ന് പേര്, ഒടിപി എന്നിവ നൽകുമ്പോൾ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാനുള്ള പേജ് വരും.
  • അതിൽ ജില്ല, സർക്കിൾ, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷൻ, ലാൻഡ്മാർക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങൾ എന്നിവ നൽകണം. തുടർന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കിൽ നോ ഐക്കൺ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.
  • ഹോം പേജിലെ മൈ കംപ്ലൈൻസിലൂടെ പരാതിയിൻമേൽ സ്വീകരിച്ച നടപടികളും അറിയാനാകും