ഒരു പെൺകുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ പ്രധാന ലക്ഷണമാണ് ആർത്തവം. പെൺകുട്ടി ഋതുമതിയാകുന്നതോടെ അണ്ഡവിസർജനം ആരംഭിക്കുന്നു. ഇതിനൊപ്പം തന്നെ ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു. വളർച്ച എത്തിയ അണ്ഡം പുറത്തുവരാൻ തുടങ്ങുന്നതോടെയുള്ള ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു. ഇങ്ങനെ യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം എന്നറിയപ്പെടുന്നത്.
ആർത്തവം ഉണ്ടാകുന്നത് എങ്ങനെ?
തലച്ചോർ മുതൽ അണ്ഡാശയം വരെ യോജിച്ച് ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന അതി സങ്കീർണമായ പ്രക്രിയയാണ് ആർത്തവം. ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തനത്തെ തുടർന്ന് ഓരോ മാസവും ഒരു അണ്ഡം വളർച്ചയെത്തി അണ്ഡാശയത്തിൽ നിന്ന് പുറത്തുവരുന്നു. ഇതിനെയാണ് അണ്ഡവിസർജനം എന്ന് വിളിക്കുന്നത്. ഇതിനൊപ്പം ഗർഭധാരണത്തിനായി ഗർഭാശയം തയ്യാറെടുക്കുകയും ചെയ്യുന്നു. എന്നാൽ ബീജസങ്കലനമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്തേക്കുവരുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ച് ഉണ്ടാകുന്ന ഭ്രൂണത്തിന് പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )
സാധാരണയായി 25 മുതൽ 30 വരെ ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത് 21-35 ദിവസത്തിനിടയിലും ആർത്തവം ഉണ്ടാകാറുണ്ട്. എന്നാൽ ഈ പറഞ്ഞ കാലയളവിനുള്ളിൽ ആർത്തവചക്രം വരുന്നില്ലെങ്കിൽ വിദഗ്ദ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ക്രമരഹിതമായ ആർത്തവം ഉണ്ടാകുന്ന കൗമാരപ്രായക്കാർ ഡോക്ടറെ കാണേണ്ടതില്ല. എന്നാൽ കൗമാരം പിന്നിട്ടുകഴിഞ്ഞിട്ടും ഈ സ്ഥിതി തുടരുകയാണെങ്കിൽ വിദഗ്ദ ഉപദേശം തേടേണ്ടതുണ്ട്. സാധാരണഗതിയിൽ മൂന്നു മുതൽ അഞ്ച് ദിവസം വരെ രക്ത സ്രാവവും വേദനയും അസ്വസ്ഥതകളും നീണ്ടുനിൽക്കാറുണ്ട്. ചിലരിൽ അത് ഏഴ് ദിവസം വരെ നീളാം.
ആർത്തവം ട്രാക്ക് ചെയ്യാം
ആർത്തവചക്രം രേഖപ്പെടുത്താൻ ഒരു ചെറിയ കലണ്ടർ(ടേബിൾ കലണ്ടർ) വാങ്ങി സൂക്ഷിക്കാം. അല്ലെങ്കിൽ സ്മാർട്ഫോണുകളിൽ പീരീഡ് ട്രാക്കർ ആപ്പുകൾ ലഭ്യമാണ്. അവ പ്ലേസ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽനിന്നോ ഡൌൺലോഡ് ചെയ്തുവെക്കാം. ഇതിനൊപ്പം വിവരങ്ങൾ എഴുതി സൂക്ഷിക്കാൻ ഒരു ഡയറി ഉപയോഗിക്കാം.
ആർത്തവത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, എല്ലാ മാസവും ഇനിപ്പറയുന്ന കാര്യങ്ങൾ ട്രാക്ക് ചെയ്യാം.
- സമയപരിധി. ഒരു ആർത്തവ സൈക്കികൾ സാധാരണയായി എത്രത്തോളം നീണ്ടുനിൽക്കും? ഇത് സാധാരണയേക്കാൾ കൂടുതലോ കുറവോയെന്ന് ഡയറിയിൽ രേഖപ്പെടുത്തുക.
- രക്തസ്രാവത്തിൻറെ അളവ് ട്രാക്ക് ചെയ്യാം.ഇത് സാധാരണയേക്കാൾ കൂടുതലോ കുറവോയെന്ന് ഡയറിയിൽ രേഖപ്പെടുത്തുക. നിങ്ങളുടെ സാനിറ്ററി നാപകിൻ പാഡ് ഒരു ദിവസം എത്ര തവണ മാറ്റേണ്ടിവന്നുവെന്ന കാര്യവും രേഖപ്പെടുത്താം.
- ആർത്തവസമയത്ത് അനുഭവപ്പെടുന്ന വേദനയുടെ തീവ്രതയും മറ്റ് അസ്വസ്ഥതകളും രേഖപ്പെടുത്താം. അതുപോലെ മാനസികമായും ശാരീരികവുമായ ബുദ്ധിമുട്ടുകളും രേഖപ്പെടുത്താം. തുടർച്ചയായ മൂന്നു ആർത്തവചക്രങ്ങളിലെ വിവരങ്ങൾ ഇത്തരത്തിൽ രേഖപ്പെടുത്തിയശേഷം അസ്വാഭാവികത തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാം.
സാധാരണഗതിയിൽ ആർത്തവം ക്രമരഹിതമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളാണ് അതിൽ പ്രധാനം. മാനസിക സമ്മർദ്ദം, ജോലിഭാരം, വ്യായാമമില്ലാത്തത്, മോശം ഭക്ഷണശീലം എന്നിവയൊക്കെ ഇതിന് കാരണമാകാം.
Also Read: ആർത്തവവേദന മാറ്റാൻ 6 വഴികൾ
ആർത്തവം ക്രമപ്പെടുത്താൻ നിരവധി കാര്യങ്ങൾ ചെയ്യാനാകും. ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ് ഇതിൽ പ്രധാനം. അനുയോജ്യമായ ശരീരഭാരം കൈവരിക്കണം. പ്രായത്തിന് അനുസരിച്ചുള്ള ശരീരഭാരം ഇല്ലെങ്കിൽ അത് വർദ്ധിപ്പിക്കണം. ശരീരഭാരം അമിതമാണെങ്കിൽ നിശ്ചിതമായ അളവിലേക്ക് കുറച്ചുകൊണ്ടുവരണം. അതുപോലെ ദിവസനേ വ്യായാമം ചെയ്യണം. യോഗയും ധ്യാനവും പ്രാക്ടീസ് ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. ഇത് ആർത്തവചക്രം ക്രമപ്പെടുത്താൻ സഹായിക്കും.
Content Summary: What is menstruation? Know about how you have your periods.